Kerala Cooperator

സഹകരണ സംഘങ്ങളിലൂടെ ഒരുലക്ഷം കോടിയുടെ കേന്ദ്രപദ്ധതി

കാര്‍ഷിക മേഖലയില്‍ സമഗ്രപദ്ധതി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുലക്ഷം കോടിരൂപ പ്രഖ്യാപിച്ചു. കാര്‍ഷിക അടിസ്ഥാന സൗകര്യ ഫണ്ട് എന്ന നിലയിലാണ് കേന്ദ്ര ധനകാര്യമന്ത്രി ഈ പാക്കേജ് പ്രഖ്യാപിച്ചത്. കാര്‍ഷിക അനുബന്ധ പദ്ധതികള്‍ക്കാണ് ഈ തുക അനുവദിക്കുക. പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘം, ഫാര്‍മേഴ്‌സ് പ്രൊഡ്യുസേഴ്‌സ് ഓര്‍ഗനൈസേഷന്‍, കാര്‍ഷിക സംരംഭം, സ്റ്റാര്‍ട്ട് അപ്പ് തുടങ്ങിയവയ്‌ക്കെല്ലാം ഈ സ്‌കീമില്‍നിന്ന് ഫണ്ട് വാങ്ങാനാകും.

കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് വിപണി കിട്ടാത്തതിനാല്‍ 15-20 ശതമാനംവരെ നശിച്ചുപോകുന്നുവെന്നാണ് കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന്റെ കണക്ക്. ഇത് പരിഹരിക്കാന്‍ മാര്‍ക്കറ്റിങ് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ വിപുലപ്പെടുത്തുകയെന്നതാണ് കേന്ദ്ര പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഫാര്‍മേഴ്‌സ് പ്രൊഡ്യുസേഴ്‌സ് ഓര്‍ഗനൈസേഷന്‍, പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍, മാര്‍ക്കറ്റിങ് സഹകരണ സംഘങ്ങള്‍, മള്‍ട്ടി പര്‍പ്പസ് കോ-ഓപ്പറേറ്റീവ് സംഘങ്ങള്‍ എന്നിവയിലൂടെ ഇത് നേടിയെടുക്കാനാണ് ശ്രമം.

കാര്‍ഷിക ഉല്‍പന്നങ്ങള്‍ മെച്ചപ്പെട്ട വില ലഭ്യമാക്കാനും കര്‍ഷകര്‍ക്ക് വരുമാന വര്‍ദ്ധനവ് ഉറപ്പുവരുത്താനുമാണ് പദ്ധതിയുടെ പ്രഥമ പരിഗണന. ഇതിനായി, റീട്ടെയില്‍ വിപണി ഒരുക്കുന്നതിന് പണം ലഭിക്കും. കാര്‍ഷിക വിളകള്‍ വിപണിയിലെത്തിക്കുന്നതിനുള്ള ട്രാന്‍സ്‌പോര്‍ട്ടിങ് സൗകര്യമൊരുക്കുന്നതാണ് രണ്ടാമത്തെ കാര്യം. ഇടനിലക്കാരെ ഒഴിവാക്കുകയും കര്‍ഷകര്‍ക്ക് സ്വന്തം നിലയില്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ആധുനിക പാക്കേജ് യൂണിറ്റുകളും കോള്‍ഡ് സ്‌റ്റോറേജ് യൂണിറ്റുകളും സ്ഥാപിക്കുക എന്നതാണ് മൂന്നാമത്തെ കാര്യം. വിപണി വിലയിരുത്തി ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിന് കര്‍ഷകരെ പ്രാപ്തരാക്കാന്‍ ഇതിലൂടെ കഴിയും. കൂട്ടായ്മ കൃഷിയിലൂടെ ഉല്‍പാദനം കൂട്ടാന്‍ വഴിയൊരുക്കുകയാണ് അടുത്തത്. അതിനുള്ള അടിസ്ഥാന സൗകര്യമൊരുക്കുക, കര്‍ഷകര്‍ക്ക് ചെലവുകുറയ്ക്കുക എന്നിവയാണ് ഇതിനായി നിര്‍ദ്ദേശിക്കുന്നത്.

ഓരോ സംസ്ഥാനങ്ങള്‍ക്കുമുള്ള വിഹിതം നിശ്ചയിച്ചിട്ടുണ്ട്. കേരളത്തിന് ആദ്യഘട്ടത്തില്‍ 2520 കോടിയാണ് നീക്കിവെച്ചിട്ടുള്ളത്. ഏറ്റവും കൂടുതല്‍ തുക അനുവദിച്ചത് ഉത്തര്‍പ്രദേശിനാണ്. 12,831 കോടി. കേന്ദ്ര മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച് പദ്ധതി സമര്‍പ്പിക്കുന്നതിന് സഹകരണ സംഘം രജിസ്ട്രാര്‍ സഹകരണ സംഘങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍, മാര്‍ക്കറ്റിങ് സഹകരണ സംഘങ്ങള്‍, വിവിധോദ്ദേശ സഹകരണ സംഘങ്ങള്‍ എന്നിവയ്ക്ക് പദ്ധതി സമര്‍പ്പിക്കാമെന്നാണ് രജിസ്ട്രാറുടെ അറിയിപ്പ്. കേന്ദ്രമാര്‍ഗരേഖയിലെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് നടപ്പാക്കാന്‍ കഴിയുന്ന പദ്ധതികള്‍ക്കായുള്ള പ്രപ്പോസല്‍ രജിസ്ട്രാര്‍ ഓഫീസില്‍ സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം.

Related posts

കര്‍ഷകിക പദ്ധതിയുണ്ടെങ്കില്‍ സഹകരണ സംഘങ്ങള്‍ക്ക് നബാര്‍ഡ് പണം നല്‍കും

icooperator

നിങ്ങള്‍ക്കും കാര്‍ഷിക സംരംഭകരാകാം; സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ തരും

Kerala Cooperator

സഹകരണ സ്റ്റാര്‍ട്ടപ്പുമായി എന്‍.സി.ഡി.സി.

icooperator
error: Content is protected !!