Kerala Cooperator

‘സുഭിക്ഷ കേരള’ത്തിലും ഒരു സഹകരണ മാതൃക

  • തരിശുനിലങ്ങള്‍ കൃഷിയിടമാക്കി സഹകരണസംഘങ്ങള്‍
  • വിഷരഹിത പച്ചക്കറിക്ക് പഞ്ചായത്ത് വകുപ്പിന്റെ മാര്‍ഗരേഖ

മൂല്യവര്‍ദ്ധത ഉല്‍പ്പന്നങ്ങളുടെ യൂണിറ്റ് തുടങ്ങാന്‍ പദ്ധതി തയ്യാറാക്കാന്‍ നിര്‍ദ്ദേശം

ഭക്ഷ്യ സംസ്‌കരണ രംഗത്ത് സ്വയം പര്യാപ്തത നേടാനുള്ള കേരളത്തിന്റെ പദ്ധതിയാണ് സുഭിക്ഷ കേരളം. ആറ് വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനമാണ് പദ്ധതിയുടെ വിജയതന്ത്രമായി അവതരിപ്പിച്ചിട്ടുള്ളത്. കൃഷി, തദ്ദേശസ്വയംഭരണം, സഹകരണം, വ്യവസായം, ഫിഷറീസ്, മൃഗസംരക്ഷണം എന്നിവയാണത്. പദ്ധതി പ്രഖ്യാപനത്തോടെ തന്നെ സഹകരണ സംഘങ്ങള്‍ ഇത് ഒരാവേശത്തോടെ ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്. നിരവധി സംഘങ്ങളാണ് സ്വന്തം നിലയിലും കര്‍ഷക കൂട്ടായ്മകള്‍ക്ക് പണം നല്‍കിയും കൃഷിയിലേക്ക് ഇറങ്ങിയിട്ടുള്ളത്.

 

ഭക്ഷ്യ സ്വയംപര്യാപ്തത മാത്രമല്ല, സര്‍ക്കാര്‍ കണ്ട സ്വപ്‌നം. വിഷരഹിത പച്ചക്കറിയടക്കം നല്ല ഭക്ഷ്യവസ്തുക്കള്‍ കേരളത്തിന് ഉറപ്പാക്കുകയുമാണ്. സഹകരണ സംഘങ്ങള്‍ ഇതിലൂന്നിക്കൊണ്ടാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളതും. ഒട്ടേറെ സംഘങ്ങള്‍ പുതിയ ഉല്‍പന്ന നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സുഭിക്ഷ കേരളത്തില്‍ ഒരു സഹകരണ മാതൃക തീര്‍ക്കുകയാണ് സംഘങ്ങള്‍ ചെയ്യുന്നത്. പ്രളയ ഘട്ടത്തില്‍ സര്‍ക്കാരിനൊപ്പം കൈത്താങ്ങായി നില്‍ക്കാന്‍ കാണിച്ച സാമൂഹ്യ പ്രതിബന്ധതയാണ് സുഭിക്ഷ കേരളം പദ്ധതിയിലും സഹകരണ സ്ഥാപനങ്ങള്‍ പ്രകടിപ്പിച്ചിട്ടുള്ളത്.


ഈ പദ്ധതിക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയിലും വിഹിതം ഉറപ്പാക്കണമെന്ന് പഞ്ചായത്ത് വകുപ്പും നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിഷരഹിത പച്ചക്കറിക്കും ജൈവകൃഷിക്കുമുള്ള പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നത് സംബന്ധിച്ച് പഞ്ചായത്ത് വകുപ്പ് മാര്‍ഗ്ഗ നിര്‍ദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തുകള്‍ കൃഷിവകുപ്പിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന തരിശുനില കൃഷിയും ടെറസ് കൃഷി ഉള്‍പ്പെടെയുള്ള ആധുനിക കൃഷിരീതികളും തുടര്‍ പദ്ധതിയായി കണക്കാക്കണം. അനുയോജ്യമായ കാര്‍ഷിക പദ്ധതികള്‍ വരും വര്‍ഷങ്ങളിലെ പദ്ധതികളില്‍ തദ്ദേശ സര്‍ക്കാരുകള്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണമെന്നാണ് നിര്‍ദ്ദേശം.

കൃഷിഭവന്‍ കൂടാതെ കൃഷിയുമായി ബന്ധപ്പെട്ട സംസ്ഥാന-കേന്ദ്രസര്‍ക്കാര്‍ ഗവേഷണ സ്ഥാപനങ്ങള്‍, അംഗീകൃത കാര്‍ഷിക ഏജന്‍സികള്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍- കര്‍ഷക കൂട്ടായ്മ കമ്പനികള്‍ എന്നിവയുടെ സഹകരണത്തോടെ ചെറുതും വലുതുമായ കാര്‍ഷിക കൂട്ടായ്മകളിലൂടെ സുസ്ഥിര കൃഷിരീതികള്‍ പ്രചരിപ്പിക്കണം. കര്‍ഷക കൂട്ടായ്മകള്‍ക്ക്് സാങ്കേതികവും പ്രായോഗികവുമായ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നതിന് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകളുടെയും കമ്പനികളുടെയും സഹായം പ്രയോജനപ്പെടുത്തണം.

കൃഷിയിലൂടെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും വിപണി ലഭ്യത ഉറപ്പുവരുത്തുന്നതിനും മൂല്യവര്‍ധിത ഉല്പന്നങ്ങളിലൂടെ ലോകവിപണി കീഴടക്കാനുമുള്ള പദ്ധതികള്‍ വിഭാവനം ചെയ്യണം. ഇതിനാവശ്യമായ ഫണ്ട് വകയിരുത്തലുകള്‍ വരും വര്‍ഷങ്ങളിലും കാര്‍ഷിക മേഖലയില്‍ ഉണ്ടാകുന്നതിനാവശ്യമായ നടപടി സ്വീകരിക്കണം.

സുഭിക്ഷ കേരളം പദ്ധതികള്‍ക്കുള്ള വകയിരുത്തലുകള്‍ കാര്‍ഷിക ഉല്പാദന സ്വയംപര്യാപ്തത കൈവരിക്കാന്‍ കഴിയുന്ന തരത്തിലാകണം. പദ്ധതിയെ ‘കേരള മോഡല്‍’ വിഷരഹിത/ ജൈവ കൃഷി രീതി എന്ന നിലയില്‍ ഒരു സുസ്ഥിര കൃഷിരീതിയായി വളര്‍ത്തുന്നതിന് തദ്ദേശ സര്‍ക്കാരുകള്‍ പരിഗണന നല്‍കണം. സുഭിക്ഷ കേരളം പദ്ധതി പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായും സമയബന്ധിതമായും പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ എല്ലാ സഹകരണങ്ങളും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് തദ്ദേശ സര്‍ക്കാരുകള്‍ അതത് സമയങ്ങളില്‍ ലഭ്യമാക്കണമെന്നും ഉത്തരവില്‍ പറയുന്നു.

Related posts

സഹകരണ മേഖലയില്‍ 20,000 തൊഴിലിന് കര്‍മ്മ പദ്ധതി

Kerala Cooperator

ജി-പേയ്ക്ക് പകരം സി-പേ; സഹകരണബാങ്കുകള്‍ക്കായി യു.പി.ഐ. സംവിധാനം വരുന്നു

Kerala Cooperator

നിക്ഷേപകന് വേഗത്തില്‍ പണം കിട്ടുന്നവിധത്തില്‍ സഹകരണ നിക്ഷേപ ഗ്യാരന്റി പരിഷ്‌കരിക്കുന്നു

Kerala Cooperator
error: Content is protected !!