Kerala Cooperator

സഹകരണ സംഘങ്ങളെ പ്രതിസന്ധിയിലാക്കി രജിസ്ട്രാറുടെ അക്കൗണ്ട് വിലക്ക്

പ്രാഥമിക സഹകരണ ബാങ്കുകളെയും സംഘങ്ങളെയും പ്രതിസന്ധിയിലാക്കുന്ന നിര്‍ദ്ദേശവുമായി സഹകരണ സംഘം രജിസ്ട്രാറുടെ സര്‍ക്കുലര്‍. പ്രാഥമിക സംഘങ്ങളും ബാങ്കുകളും സ്വകാര്യ-പൊതുമേഖല വാണിജ്യ ബാങ്കുകളില്‍ അക്കൗണ്ട് തുറക്കുന്നതിനും അതില്‍ നിക്ഷേപിക്കുന്നതിനുമാണ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കറന്റ് അക്കൗണ്ട്, സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ (കാസ) നിക്ഷേപിക്കുന്നത് കേരളബാങ്കില്‍ മാത്രമാകണമെന്നാണ് നിര്‍ദ്ദേശം. പ്രാഥമിക സഹകരണ മേഖലയെ മുച്ചൂടും തകര്‍ക്കുന്നതും ഇടപാടുകാരെ അകറ്റുന്നതുമായ ഭരണപരിഷ്‌കാരമാണ് നിലവിലെ നിര്‍ദ്ദേശമെന്ന് സഹകാരികള്‍ ചൂണ്ടിക്കാട്ടുന്നു.

 

സംസ്ഥാന സഹകരണ ബാങ്കില്‍ എല്ലാവിധ ഓണ്‍ലൈന്‍ സേവനങ്ങളും നിലവില്‍ വന്നിട്ടുള്ള സാഹചര്യത്തില്‍ സംസ്ഥാനത്തെ സഹകരണ സംഘങ്ങള്‍ ഇതര വാണിജ്യ ബാങ്കുകളില്‍ സൂക്ഷിച്ചിട്ടുള്ള കാസ നിക്ഷേപം പൂര്‍ണമായും കേരളബാങ്കിലേക്ക് മാറ്റണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ഇത് സംബന്ധിച്ച് മുന്‍കാലങ്ങളില്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിക്കേണ്ടതാണെന്നും, ഇന്‍സ്‌പെക്ടര്‍മാരുടെ പരിശോധനയിലും ഓഡിറ്റ് വേളയിലും ഈ നിര്‍ദ്ദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണെന്നും രജിസ്ട്രാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകള്‍ വാണിജ്യ ബാങ്കുകളുടെ സഹായത്തിലാണ് ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ സംവിധാനം ഇടപാടുകാര്‍ക്കായി നല്‍കുന്നത്. ഇതിനായി സ്വന്തമായി മൊബൈല്‍ ആപ്പ് വരെ തയ്യാറാക്കിയ പ്രാഥമിക സഹകരണ ബാങ്കുകളുണ്ട്. ഒരു വാണിജ്യ ബാങ്കിലെ ഇടപാടുകാര്‍ക്ക് ലഭിക്കുന്ന അതേ സേവനം പ്രാഥമിക സഹകരണ ബാങ്കുകളുടെ അവരുടെ ഇടപാടുകാര്‍ക്ക് നല്‍കുന്നുണ്ട്. വാണിജ്യ ബാങ്കുകളുടെ ഐ.എഫ്.എസ്.സി. കോഡ് ഉപയോഗിച്ചാണ് ഈ ക്രമീകരണം വരുത്തുന്നത്. ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ സേവനം ലഭ്യമാക്കുന്നതിനാണ് പ്രാഥമിക സഹകരണ ബാങ്കുകളും സംഘങ്ങളും വാണിജ്യബാങ്കില്‍ അക്കൗണ്ട് എടുക്കുന്നത്. ഇടപാടുകളുടെ തോത് അനുസരിച്ച് കറന്റ് അക്കൗണ്ടില്‍ തുക നിക്ഷേപിക്കുകയും വേണം. ഈ നിക്ഷേപമാണ് സഹകരണ സംഘം രജിസ്ട്രാര്‍ ഇപ്പോള്‍ വിലക്കിയിട്ടുള്ളത്.

 

രജിസ്ട്രാറുടെ നിര്‍ദ്ദേശം നടപ്പായാല്‍ കേരളത്തിലെ പ്രാഥമിക സംഘങ്ങളും ബാങ്കുകളും നടത്തുന്ന ഇലക്ട്രോണിക് ബാങ്കിങ് സേവനം നിലയ്ക്കും. കേരളബാങ്കിന് എല്ലാവിധ ഓണ്‍ലൈന്‍ സേവനങ്ങളും നല്‍കാനാകുന്ന സ്ഥിതിയാണെന്നാണ് ഈ വിലക്ക് പ്രഖ്യാപിക്കുന്നതിന് സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടിയുള്ള കാരണം. എന്നാല്‍, നിലവില്‍ മറ്റ് വാണിജ്യ ബാങ്കുകള്‍ നല്‍കുന്ന സേവനം പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് നല്‍കാനുള്ള ശേഷി കേരളബാങ്കിന് കൈവന്നിട്ടില്ല. അതിന് സാധ്യമാണെങ്കില്‍ ഓരോ ബാങ്കുകളിലും സംഘങ്ങളിലും അത് നടപ്പാക്കി പ്രായോഗികമായി തെളിയിക്കുകയാണ് വേണ്ടതെന്നാണ് സഹകാരികള്‍ ചൂണ്ടിക്കാട്ടുന്നത്.

 

മറ്റ് വാണിജ്യ ബാങ്കുകളെ അപേക്ഷിച്ച് കേരളബാങ്കിന് കാസ നിക്ഷേപം കുറവാണ്. ഇത് പരിഹരിക്കാനാണ് പ്രാഥമിക സഹകരണ ബാങ്കുകളുടെയും സംഘങ്ങളുടെയും കാസ നിക്ഷേപം പൂര്‍ണമായി കേരള ബാങ്കിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിക്കണമെന്ന കത്ത് കേരളബാങ്ക് രജിസ്ട്രാര്‍ക്ക് നല്‍കിയത്. ഇതനുസരിച്ച് നേരത്തെ ഒരു നിര്‍ദ്ദേശം രജിസ്ട്രാര്‍ നല്‍കിയിരുന്നു. പ്രായോഗികമായി ഇതിന്റെ ബുദ്ധിമുട്ട് അറിയുന്നതിനാല്‍ രജിസ്ട്രാറുടെ ഉത്തരവ് നടപ്പായില്ല. ഇപ്പോള്‍ വീണ്ടും അക്കൗണ്ട വിലക്ക് രജിസ്ട്രാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഓഡിറ്റ് പരിശോധനയില്‍ ഇത് ഉറപ്പാക്കണമെന്നും രജിസ്ട്രാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതനുസരിച്ച് കാസ നിക്ഷേപം മറ്റ് വാണിജ്യ ബാങ്കില്‍ സൂക്ഷിച്ചിട്ടുള്ള സംഘങ്ങള്‍ക്കും ബാങ്കുകള്‍ക്കും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ന്യൂനതകള്‍ എഴുതി ചേര്‍ക്കും. ഈ നിക്ഷേപതുകയ്ക്ക് തുല്യമായി കരുതല്‍ വെക്കാന്‍പോലും ഓഡിറ്റര്‍ക്ക് നിര്‍ദ്ദേശിക്കാനാകും. പ്രായോഗികമല്ലാത്ത നിര്‍ദ്ദേശങ്ങള്‍ സര്‍ക്കുലറില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ഈ മേഖലയുടെ അകാല ചരമത്തിന് വഴിയൊരുക്കുകയാണ് വകുപ്പ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നതെന്നാണ് സഹകാരികള്‍ ചൂണ്ടിക്കാട്ടുന്നത്.

Related posts

കളക്ഷന്‍ ഏജന്റുമാര്‍ സഹകരണ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍നിന്ന് പുറത്ത്

Kerala Cooperator

ഇന്ത്യയുടെ ഡിജിറ്റല്‍ പണം ‘ഇ-റുപ്പി’ കേരളബാങ്കില്‍നിന്ന് ലഭിക്കില്ല

Kerala Cooperator

മലപ്പുറം ജില്ലബാങ്കിന്റെ നിര്‍ബന്ധിത ലയനത്തിനുള്ള നടപടിക്രമം ഇങ്ങനെ

Kerala Cooperator
error: Content is protected !!