Kerala Cooperator

പാലില്‍ ഹൈഡ്രജന്‍ പെറോക്സൈഡ്; ക്ഷീരവകുപ്പ് ഉദ്യോഗസ്ഥരെ ഭക്ഷ്യസുരക്ഷ ഓഫീസര്‍മാരാക്കുന്നു

മില്‍മ പാലിനെ വിപണിയില്‍ നേരിടാന്‍ അതിര്‍ത്തികടന്നെത്തുന്ന പാലില്‍ ഹെഡ്രൈജന്‍ പെറോക്സൈഡ് സാനിധ്യമുണ്ടെന്ന് സ്ഥിരീകരിച്ച് മന്ത്രി ജെ.ചിഞ്ചുറാണി. ജനുവരി 11 ന് ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ 15,300 ലിറ്റര്‍ പാലില്‍ ഹൈഡ്രജന്‍ പെറോക്സൈഡ് അംശം കണ്ടെത്തി. എന്നാല്‍, ഇക്കാര്യം ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്താനായില്ല. പാലിലുള്ള പെറോക്സൈഡിന്റെയും കാറ്റലെസിന്റെയും പ്രവര്‍ത്തനം മൂലം ഹൈഡ്രജന്‍ പെറോക്സൈഡ് സമയം കഴിയും തോറും വെള്ളവും ഓക്സിജനുമായി പരിവര്‍ത്തനപ്പെടും. അതിനാല്‍ മണിക്കൂറുകള്‍ക്ക് ശേഷം നടത്തുന്ന പരിശോധന ഫലം ചെയ്യാറില്ലെന്ന് ചിഞ്ചുറാണി നിയമസഭയില്‍ പറഞ്ഞു.

അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ മാംസത്തിലും മുട്ടയിലും അടങ്ങിയിരിക്കുന്ന വിഷ വസ്തുക്കളുടെ സാന്നിധ്യം തിരിച്ചറിയാന്‍ പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തുന്നുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണ്. അതേപോലെ, പാലും പാലുല്‍പ്പന്നങ്ങലും സംബന്ധിച്ച ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരായി ക്ഷീരവികസനവകുപ്പ് ഓഫീസര്‍മാരെ നോട്ടിഫൈ ചെയ്യണമെന്ന ആവശ്യം പരിഗണനയിലുണ്ട്.

പാലിലും മാംസത്തിലും അടങ്ങിയിരിക്കുന്ന വിഷവസ്തുക്കളുടെയും ആന്റി ബയോട്ടിക്കിന്റെയും സാന്നിധ്യം തിരിച്ചറിയുന്നതിനുള്ള പരിശോധനാ സൗകര്യം വകുപ്പില്‍ നിലവിലുണ്ട്. പരിശോധനയില്‍ ഗുണനിലവാരമില്ലാത്ത പാല്‍ കണ്ടെത്തിയാല്‍ തുടര്‍ നടപടിക്കായി ഭക്ഷ്യസുരക്ഷാ വകുപ്പിനെ അറിയിക്കും. നിയമപരമായ നടപടി സ്വീകരിക്കാന്‍ നിലവില്‍ ഭക്ഷ്യസുരക്ഷാവകുപ്പിനാണ് അധികാരം.

മീനാക്ഷിപുരം, ആര്യങ്കാവ്, പാറശാല ചെക്ക് പോസ്റ്റുകളില്‍ പാല്‍ പരിശോധനയ്ക്ക് സ്ഥിരം സംവിധാനവും കുമളി, വാളയാര്‍ ചെക്ക് പോസ്റ്റുകളില്‍ ഓണക്കാലത്ത് താല്‍ക്കാലിക ഗുണ നിയന്ത്രണ ലാബുകളും സജ്ജമാക്കാറുണ്ട്. കാസര്‍കോട്, പാലക്കാട്, കോട്ടയം റീജിയണല്‍ ലാബുകളിലും തിരുവനന്തപുരത്തെ എന്‍.എ.ബി.എല്‍. അക്രഡിറ്റഡ് സ്റ്റേറ്റ് ഡയറി ലാബില്‍ പാല്‍ പരിശോധനാ സംവിധാനമുണ്ട്. മാംസത്തിലടങ്ങിയിരിക്കുന്ന ആന്റിബയോട്ടിക്കിന്റെയും വിഷവസ്തുക്കളുടെയും സാന്നിധ്യം തിരിച്ചറിയാന്‍ സ്റ്റേറ്റ് ലബോറട്ടറി ഫോര്‍ ലൈവ്സ്റ്റോക് മറൈന്‍ ആന്‍ഡ് അഗ്രി പ്രൊഡക്ട്സ് എന്ന സ്ഥാപനവുമുണ്ടെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ ആകെ പാലുല്‍പ്പാദനം 26.50 ലക്ഷം മെട്രിക് ടണ്ണായിരുന്ന സ്ഥാനത്ത് 2021 ല്‍ 25.34 ലക്ഷം മെട്രിക് ടണ്ണായി കുറഞ്ഞു. 202122 ല്‍ 4.5 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. 2015 ല്‍ പ്രതിദിനം 16.36 ലക്ഷം ലിറ്റര്‍ പാല്‍ ക്ഷീര സംഘങ്ങള്‍ മുഖേന സംഭരിച്ചിരുന്ന സ്ഥാനത്ത് 202021 ല്‍ 21.3 ലക്ഷം ലിറ്ററായി വര്‍ധിച്ചതായി മന്ത്രി പറഞ്ഞു. ദേശീയ ശരാശരിയേക്കാള്‍ വളര്‍ച്ചാനിരക്കാണ് രേഖപ്പെടുത്തിയത്. എങ്കിലും, സംസ്ഥാനത്തിന് ആവശ്യമുള്ളത്രയും പാല്‍ ഉല്‍പാദിപ്പിക്കാനും വിതരണം ചെയ്യാനും മില്‍മയ്ക്ക് കഴിയുന്നില്ല. ഇതാണ്, മറുനാട്ടില്‍നിന്ന് പാലെത്തിക്കുന്നതും അത് ദിവസങ്ങളോളം ചീത്തയാകാതിരിക്കാന്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്നതിനും കാരണമാകുന്നത്.

Related posts

കേരളത്തിൽ അടക്കം മൾട്ടി സ്റ്റേറ്റ് സംഘങ്ങൾ തുടങ്ങാനുള്ള പ്ലാനുമായി കേന്ദ്ര സർക്കാർ

icooperator

സമ്മിശ്രകൃഷിയില്‍ സഹകരണ മാതൃക തീര്‍ത്ത് ബാലരാമപുരം ബാങ്ക്

Kerala Cooperator

പ്രകാശ് അസോസിയേറ്റ് സഹകരണ പരീക്ഷ നടത്തിപ്പില്‍നിന്ന് പുറത്ത്

Kerala Cooperator
error: Content is protected !!