Kerala Cooperator

സൈബര്‍ തട്ടിപ്പിന്റെ പുതിയ രൂപം; പെന്‍ഡ്രൈവിലൂടെ പണവും രേഖകളും തട്ടിയെടുക്കും

സൈബര്‍ തട്ടിപ്പിന്റെ പുതിരീതിയില്‍ മുന്നറിയിപ്പുമായി പോലീസ്. പെന്‍ഡ്രൈവ് വഴി കമ്പ്യൂട്ടറില്‍നിന്ന് വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയാണ് തട്ടിപ്പ്. കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്ത് ബാങ്ക് വിവരങ്ങളടക്കം ശേഖരിക്കും. ഇത് ഉപയോഗിച്ച് അക്കൗണ്ടിലെ പണം തട്ടിയെടുക്കും. ഫ്‌ളിപ് കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ ഇ-കൊമേഴ്‌സ് സൈറ്റുകളുടെ ഗിഫ്റ്റുകളായും ഇത്തരം പെന്‍ഡ്രൈവുകള്‍ എത്തുന്നുണ്ട്.

രാജ്യവ്യാപകമായി ഇത്തരം തട്ടിപ്പ് സംഘങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍, കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോഓര്‍ഡിനേഷന്‍ സെന്ററാണ് രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരം സൈബര്‍ തട്ടിപ്പ് വ്യാപകമാകാനുള്ള സാധ്യതയും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. അപകടകാരികളായ പെന്‍ഡ്രൈവുകള്‍ പലവഴിക്ക് എത്താമെന്നാണ് മുന്നറിയിപ്പ്. ഇകൊമേഴ്‌സ് സ്ഥാപനങ്ങളുടെ പേരിലോ സമ്മാനമായോ സര്‍ക്കാര്‍ ഓഫീസുകളുടെ പേരിലോ ഇതു വരാം. അപരിചിതര്‍ വഴിയോ ഓഫീസിലെ ആളുകള്‍ വഴിയോ ഇവയെത്താം. സൈബര്‍ ക്രൈം കോഓര്‍ഡിനേഷന്‍ സെന്ററില്‍നിന്നുള്ള നിര്‍ദേശങ്ങള്‍ എല്ലാ ജില്ലാ പോലീസ് മേധാവികളും പോലീസ് സ്റ്റേഷനുകളിലേക്ക് കൈമാറിക്കഴിഞ്ഞു.

ഇത്തരം പെന്‍ഡ്രൈവുകള്‍ കംപ്യൂട്ടറില്‍ കണക്ട് ചെയ്യുന്നതോടെ പലതരം പ്രശ്‌നങ്ങളുണ്ടാകാം. കംപ്യൂട്ടര്‍ ഹാക്ക് ചെയ്ത് മറ്റൊരു സ്ഥലത്തുനിന്ന് ഇതിലെ ഫയലുകളും മറ്റും പരിശോധിക്കാനാകും. കംപ്യൂട്ടറില്‍ സൂക്ഷിച്ചിരിക്കുന്ന രേഖകളെല്ലാം തിരിച്ചുകിട്ടാത്തവിധം നശിപ്പിക്കാനാകും. മാത്രമല്ല, വൈദ്യുതി അമിതമായി പ്രവഹിപ്പിച്ച് കംപ്യൂട്ടറിന്റെ ഭാഗങ്ങള്‍ നശിപ്പിക്കാനുമാകും. ഇത്തരം ചതികളില്‍ വീഴാതിരിക്കാനുള്ള മാര്‍ഗങ്ങളും ഈ മുന്നറിയിപ്പില്‍ പറയുന്നുണ്ട്. അറിയാത്ത വഴികളിലൂടെ വരുന്ന പെന്‍ഡ്രൈവുകള്‍ കംപ്യൂട്ടറില്‍ കണക്ട് ചെയ്യരുത്. പെന്‍ഡ്രൈവുകള്‍ കംപ്യൂട്ടറുമായി ബന്ധിപ്പിക്കുമ്പോള്‍ ഓട്ടോമാറ്റിക് ആയി പ്രവര്‍ത്തിച്ചുതുടങ്ങുന്ന പ്രോഗ്രാമുകളെ വിലക്കണം. ജീവനക്കാരെ ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവാന്മാരാക്കണം. സോഫ്റ്റ്‌വേറുകള്‍ സമയാസമയങ്ങളില്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും ഇതില്‍ പറയുന്നു.

Related posts

ജാഗ്രത വേണം; വൈഫൈ ഉപയോഗിച്ചാലും അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാകും

Kerala Cooperator

ഇനി വിളിപ്പുറത്ത് മനുഷ്യ എ.ടി.എം.

icooperator

വരുന്നു, സ്മാര്‍ട്ട് ഫോണിനും ടാബുകള്‍ക്കും ഏകീകൃത ചാര്‍ജര്‍

Kerala Cooperator
error: Content is protected !!