Kerala Cooperator

എല്ലാരും തള്ളിയ ‘സുരക്ഷ’ സഹകരണ സംഘങ്ങളില്‍ പരീക്ഷിക്കുന്നു

തിരുവനന്തപുരം: സ്വകാര്യ ഏജന്‍സിക്ക് മാസവരി നല്‍കുന്ന സുരക്ഷാപദ്ധതിയായ സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്റിങ് സിസ്റ്റം(സിംസ്) സഹകരണ സംഘങ്ങളില്‍ നടപ്പാക്കാനുള്ള നിര്‍ദ്ദേശവുമായി സംസ്ഥാന പോലീസ് മേധാവി. സ്വകാര്യ സ്ഥാപനങ്ങളില്‍ നടപ്പാക്കാനുള്ള നീക്കം പാളിയതോടെയാണ് രജിസ്ട്രാറിലൂടെ സഹകരണ സംഘങ്ങളെ ലക്ഷ്യമിടുന്നത്. പണം വാങ്ങി പോലീസിന്റെ സേവനവും ഗ്യാലക്‌സിയോണ്‍ എന്ന സ്വകാര്യ കമ്പനിയുടെ സി.സി.ടി.വി. അടക്കമുള്ള സാങ്കേതിക സംവിധാനവും നല്‍കുന്നതാണ് ഈ സുരക്ഷാപദ്ധതി.

പോലീസ് നവീകരണ പദ്ധതികളില്‍ പൊതുമേഖലാസ്ഥാപനത്തെ മറയാക്കി വന്‍ക്രമക്കേട് നടക്കുന്നുവെന്ന് സി.എ.ജി. കണ്ടത്തലോടെ വിവാദമാവുകയും മുങ്ങിപ്പോവുകയും ചെയ്ത പദ്ധതിയാണിത്.
കെല്‍ട്രോണും പോലീസും ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയായാണ് സിംസ് ഔദ്യോഗികമായി അറിയപ്പെടുന്നത്. കെല്‍ട്രോണ്‍ സ്വകാര്യ ഏജന്‍സിക്ക് ഉപകരാര്‍ കൊടുത്താണ് നടത്തിപ്പ്. പോലീസ് ഇത്തരത്തില്‍ നടത്തിയ പദ്ധതി നിര്‍വഹണത്തിലും ഉപകരണങ്ങള്‍ വാങ്ങുന്നതിലും വന്‍ക്രമക്കേടുണ്ടെന്നായിരുന്നു സി.എ.ജി.യുടെ കണ്ടെത്തല്‍.

സംസ്ഥാനത്തെ ജ്വല്ലറികള്‍, കടകള്‍, വീടുകള്‍, ഫ്‌ളാറ്റുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സി.സി.ടി.വി. ക്യാമറ ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ സ്ഥാപിച്ച സുരക്ഷ നിരീക്ഷണം നടപ്പാക്കുകയെന്നതാണ് സിംസ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. ഉപകരണം സ്ഥാപിക്കുന്നതിനും, സേവനം നല്‍കുന്നതിനും ഓരോ സ്ഥാപനങ്ങളും പണം നല്‍കണം. നിരീക്ഷണ സംവിധാനം സ്ഥാപിച്ച സ്ഥലങ്ങളില്‍ ഏതെങ്കിലും രീതിയിലുള്ള കവര്‍ച്ച നടക്കുന്ന ഘട്ടത്തില്‍ പോലീസ് ആസ്ഥാനത്തെ നിരീക്ഷണ കേന്ദ്രത്തില്‍ മുന്നറിപ്പ് ലഭിക്കും. അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍നിന്ന് ഇവിടേക്ക് ഉടനെ പോലീസുകാരെത്തും. സ്വകാര്യ പോലീസ് സംവിധാനം ഇവിടെ സാധ്യമല്ലാത്തതിനാലാണ് പോലീസിനെ ഇതിനായി ഉപയോഗപ്പെടുത്തിയത്. സുരക്ഷ ഒരുക്കുന്നതിന് ഈടാക്കുന്ന നിരക്കില്‍ ഒരുവിഹിതം പോലീസിനും ലഭിക്കും.

ഡി.ജി.പി. ലോക്‌നാഥ് ബഹ്‌റ തയ്യാറാക്കിയ ഈ പദ്ധതി ജ്വല്ലറികള്‍, വസ്ത്രാലയങ്ങള്‍ അടക്കമുള്ള സ്ഥാപനങ്ങളൊന്നും ഏറ്റെടുത്തിട്ടില്ല. സ്ഥാപനങ്ങളെ ചേര്‍ക്കാന്‍ ജില്ലാപോലീസ് മേധാവികളോട് ഡി.ജി.പി. ആവശ്യപ്പെട്ടെങ്കിലും അതിനും കാര്യമായ ഫലമുണ്ടായില്ല. പോലീസിന്റെ പണം നല്‍കുന്നവര്‍ക്കും സ്വകാര്യ ഏജന്‍സിക്കും വില്‍ക്കുന്നുവെന്നായിരുന്നു ഇതിനെതിരെ പോലീസ് ഉദ്യോഗസ്ഥരില്‍നിന്നുതന്നെ ഉയര്‍ന്ന വിമര്‍ശനം. മാത്രവുമല്ല, കരാര്‍ കെല്‍ട്രോണിനാണെങ്കിലും പോലീസ് ആസ്ഥാനത്തെ കംട്രോള്‍ റൂമിലടക്കം സ്വകാര്യ കമ്പനിയുടെ ജീവനക്കാരാണ്. ഇതെല്ലാം പുറത്തുവന്നതോടെയാണ് പദ്ധതി മുടങ്ങിയത്.

ലോക്‌നാഥ് ബഹ്‌റ വിരമിക്കാന്‍ ഇനി നാലുമാസം കൂടിയെ ഉള്ളൂ. അതിന് മുമ്പ് സഹകരണ സ്ഥാപനങ്ങളില്‍ ഇത് നടപ്പാക്കി പദ്ധതിയെ വീണ്ടും ജീവന്‍വെപ്പിക്കാനാണ് നീക്കം. ഇതിനായി ഡി.ജി.പി. നേരിട്ട് സഹകരണ സംഘം രജിസ്ട്രാര്‍ക്ക് കത്ത് നല്‍കി. സഹകരണ വകുപ്പ് സെക്രട്ടറിയെപോലും അറിയിക്കാതെയാണ് ഡി.ജി.പി. രജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയത്. രജിസ്ട്രാറുടെ നിയന്ത്രണത്തില്‍  ബാങ്കുകളും സംഘങ്ങളുമായി 15,000ത്തിലേറെ സ്ഥാപനങ്ങളുണ്ട്. ഇവയോട് സ്വകാര്യ സുരക്ഷാപദ്ധതിയുടെ ഭാഗമാകണമെന്ന് നിര്‍ദ്ദേശിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

Related posts

2021 മാര്‍ച്ച് 31നകം ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം

icooperator

അക്കൗണ്ടില്ലെങ്കിലും പണം കൈമാറാന്‍ കഴിയുന്ന ബാങ്ക് ആപ്പ്

Kerala Cooperator

ഇനി വിളിപ്പുറത്ത് മനുഷ്യ എ.ടി.എം.

icooperator
error: Content is protected !!