Kerala Cooperator

ഇനി അര്‍ദ്ധരാത്രികഴിഞ്ഞാലും വലിയ തുകയുടെ ബാങ്കിടപാട് നടത്താം

പണം കൈമാറ്റം ഓണ്‍ലൈനാകുന്ന കാലമാണിത്. അതിനാല്‍, ബാങ്കിന്റെ പ്രവര്‍ത്തനം സമയം നോക്കി ഇടപാട് നടക്കുന്ന രീതിയും മാറിവരികയാണ്. ഇക്കാര്യം തിരിച്ചറിഞ്ഞുകൊണ്ടുള്ള പരിഷ്‌കാരങ്ങളാണ് ഓണ്‍ലൈന്‍ പണമിടപാടില്‍ റിസര്‍വ് ബാങ്ക് വരുത്തിയിരിക്കുന്നത്.

വലിയ തുകയ്ക്കുള്ള സാമ്പത്തിക ഇടപാട് നടത്തുന്നതിന് മുഖ്യമായി ആശ്രയിക്കുന്ന റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് (ആര്‍.ടി.ജി.എസ്.) സംവിധാനം ഡിസംബര്‍ 14 മുതല്‍ മുഴുവന്‍ സമയവും ലഭ്യമാക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. നിലവില്‍ രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് ആറുമണിവരെയാണ് ആര്‍.ടി.ജി.എസ്. സംവിധാനം ഉപയോഗിച്ച് പണമിടപാട് നടത്താനാകുന്നത്.

റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്, നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍(എന്‍.ഇ.എഫ്.ടി.) എന്നിങ്ങനെ രണ്ടുരീതിയിലാണ് പ്രധാനമായും ബാങ്ക് അക്കൗണ്ടുകളിലെ ഡിജിറ്റല്‍ പണമിടപാട് നടക്കുന്നത്. ഇന്ത്യയിലെ ഏത് ബാങ്കിലെ അക്കൗണ്ടിലേക്കും ചെറിയ തുക കൈമാറുന്നതിനാണ് എന്‍.ഇ.എഫ്.ടി. സംവിധാനം ഉപയോഗിക്കുന്നത്. ഈ സേവനം 24 മണിക്കൂറും ലഭ്യമാക്കാന്‍ നേരത്തെ റിസര്‍വ് ബാങ്ക് നടപടി സ്വീകരിച്ചിരുന്നു. 2019 മുതലാണ് എന്‍.ഇ.എഫ്.ടി. സേവനം 24 മണിക്കൂറും ലഭ്യമാക്കിയത്.

വലിയ തുകകള്‍ കൈമാറുന്നതിനാണ് ആര്‍.ടി.ജി.എസ്. സംവിധാനം ഉപയോഗിക്കുന്നത്. ഈ സേവനം 24 മണിക്കൂറും ലഭ്യമാക്കുമെന്ന് വായ്പ നയപ്രഖ്യാപനത്തിനിടെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞിരുന്നു. ഇതാണ് ഡിസംബര്‍ 14 മുതല്‍ നിലവില്‍ വരുന്നത്. 24 മണിക്കൂറും ലഭിക്കുന്നവിധം ആര്‍.ടി.ജി.എസ്. സേവനം പരിഷ്‌കരിച്ചാല്‍ വിവിധ ഇടപാടുകള്‍ എളുപ്പമാകുമെന്നാണ് ആര്‍.ബി.ഐ. വിലയിരുത്തിയത്. എന്‍.എഫ്.എസ്., എന്‍.ഇ.ടി.സി., ഐ.എം.പി.എസ്., റുപേ, യു.പി.ഐ. തുടങ്ങിയ വിവിധ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇടപാടുകള്‍ എളുപ്പം പൂര്‍ത്തിയാക്കാന്‍ സമയം ദീര്‍ഘിപ്പിക്കുന്നതിലൂടെ സാധ്യമാകും.

Related posts

ഇനി ബാങ്ക് അറിയാതെ ചെക്കില്‍ തുക എഴുതിയാല്‍ പണം കിട്ടാതെ മടങ്ങും

Kerala Cooperator

ബാങ്ക് മേധാവി നിയമനത്തിന് ഇനി പുതിയസംവിധാനം

Kerala Cooperator

ഐ.ഡി.ബി.ഐ. ഇന്‍ഷൂറന്‍സ് വിടുന്നു; എച്ച്.ഡി.എഫ്.സി. ഗ്രാമീണ മേഖലയിലേക്ക്

Kerala Cooperator
error: Content is protected !!