Kerala Cooperator

മലപ്പുറം ജില്ലബാങ്കിന്റെ നിര്‍ബന്ധിത ലയനത്തിനുള്ള നടപടിക്രമം ഇങ്ങനെ

പ്രത്യേക ഉത്തരവിലൂടെ മലപ്പുറം ജില്ലാസഹകരണ ബാങ്കിനെ കേരളബാങ്കില്‍ നിര്‍ബന്ധമായും ലയിപ്പിക്കാന്‍ സഹകരണ സംഘം രജിസ്ട്രാര്‍ക്ക് അധികാരം നല്‍കുന്നതാണ് സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സ്. റിസര്‍വ് ബാങ്കിന്റെ അനുമതി വാങ്ങിയാകും രജിസ്ട്രാര്‍ ഉത്തരവിറക്കുക. എതിര്‍പ്പുള്ള നിക്ഷേപകര്‍ക്കും ഓഹരി ഉടമകളായ സഹകരണ സംഘങ്ങള്‍ക്കും അവരുടെ പണം പിന്‍വലിച്ച് ബന്ധം അവസാനിപ്പിക്കാം.കേരളബാങ്ക് രൂപീകരിക്കുന്നതിനായി കേരള സഹകരണ സംഘം നിയമത്തില്‍ നേരത്തെ ഭേദഗതി കൊണ്ടുവന്നിരുന്നു. സഹകരണ വായ്പ ഘടന രണ്ടുതട്ടിലേക്ക് മാറ്റിക്കൊണ്ടായിരുന്നു ഇതിലെ വ്യവസ്ഥ. കേരള ബാങ്കും പ്രാഥമിക സഹകരണ ബാങ്കുകളും എന്ന രീതിയില്‍ മാത്രമാണ് നിയമത്തില്‍ ഇപ്പോള്‍ സഹകരണ വായ്പ ഘടന നിര്‍ണയിച്ചിട്ടുള്ളത്. ജില്ലാസഹകരണ ബാങ്കുകളുടെ നിര്‍വചനം കേരളബാങ്ക് രൂപീകരിക്കുന്നതുവരെ നിലനില്‍ക്കുന്ന കേന്ദ്ര സംഘം എന്നാക്കി മാറ്റിയിരുന്നു.

കേരളബാങ്ക് നിലവില്‍വന്നതോടെ, അതിന്റെ ഭാഗമാകാതെ മാറിനിന്ന മലപ്പുറം ജില്ലാബാങ്കിന് യഥാര്‍ത്ഥത്തില്‍ ജില്ലാസഹകരണ ബാങ്ക് എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ടായിരുന്നില്ല. 2020 ജനുവരി 15 മുതല്‍ രണ്ടുവര്‍ഷത്തേക്ക് മലപ്പുറം ജില്ലാസഹകരണ ബാങ്കിന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നുണ്ട്. ഇതിന് മുമ്പ് റിസര്‍വ് ബാങ്കിന്റെ അനുമതിയോടെ പ്രത്യേക ഉത്തരവിറക്കി മലപ്പുറത്തെ കേരളബാങ്കിന്റെ ഭാഗമാക്കി മാറ്റണം.

ലയന നടപടി ഇങ്ങനെ

 

  • ലയന നിര്‍ദ്ദേശത്തിന്റെ ഒരു പകര്‍പ്പ് എല്ലാ അംഗ സംഘങ്ങള്‍ക്കും രജിസ്‌ട്രേര്‍ഡ് തപാലില്‍ അയച്ചുകൊടുക്കണം. അംഗങ്ങള്‍ക്ക് അവരുടെ എതിര്‍പ്പും നിര്‍ദ്ദേശങ്ങളുമെല്ലാം അറിയിക്കാനാണിത്. ഇതിനൊപ്പം ജില്ലാസഹകരണ ബാങ്കിന്റെ പ്രവര്‍ത്തന പരിധിയില്‍ നല്ല പ്രചരണമുള്ള രണ്ട് പത്രങ്ങളില്‍ ഇത് സംബന്ധിച്ച് പരസ്യവും നല്‍കണം.

 

  • അംഗങ്ങളായ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും ഇടപാടുകാര്‍ക്കും അവരുടെ നിര്‍ദ്ദേശങ്ങളും നിലപാടുകളും അറിയിക്കുന്നതിന് 15 ദിവസം നല്‍കണം. ലയന നിര്‍ദ്ദേശം തപാലില്‍ അയക്കുന്ന ദിവസം മുതലാണ് 15 ദിവസം കണക്കാക്കുക.

 

  • സംഘങ്ങളുടെയും ഇടപാടുകരുടെയും നിര്‍ദ്ദേശങ്ങളും എതിര്‍പ്പുകളും രജിസ്ട്രാര്‍ പരിഗണിച്ചാകണം അന്തിമ ഉത്തരവിറക്കേണ്ടത്.

 

  •  ഏതെങ്കിലും അംഗ സംഘങ്ങളോ നിക്ഷേപകരോ, വായ്പ എടുത്തവരോ ലയനത്തെ എതിര്‍ക്കുകയാണെങ്കില്‍ അവര്‍ക്ക് ജില്ലാസഹകരണ ബാങ്കുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ 30 ദിവസം സമയം നല്‍കണം. ഇതിനുള്ളില്‍ നിക്ഷേപവും ഓഹരിയും പിന്‍വലിക്കാം. വായ്പ അടച്ചുതീര്‍ത്ത് ബാധ്യത ഒഴിവാക്കാം.

 

  •  രജിസ്ട്രാറുടെ ലയന ഉത്തരവ് ഇറങ്ങുന്നതോടെ മലപ്പുറം ജില്ലാബാങ്കിന്റെ മുഴുവന്‍ ആസ്തി ബാധ്യതകളും കേരളബാങ്കിന്റേതായി മാറും. ജില്ലാബാങ്കിന്റെ നിലവിലുള്ള എല്ലാകരാറുകളും ഡീഡുകളും കേരളബാങ്കിന്റെ പേരിലേക്ക് മാറിയതായി കണക്കാക്കും. ഇതിന് പ്രത്യേക നിയമത്തിന്റെ ആവശ്യമില്ല.

Related posts

‘സെപ’ കരാര്‍ സഹകരണ സംഘങ്ങള്‍ക്ക് കയറ്റുമതി സാധ്യത ഏറുന്നു

Kerala Cooperator

യുവ സഹകരണ സംഘം തുടക്കം; യുവാക്കളെ ആകര്‍ഷിക്കാന്‍ കൂടുതല്‍ സഹകരണ പദ്ധതികള്‍

Kerala Cooperator

ഈ ചോദ്യം കേട്ടോ- ‘സഹകരണ ജീവനക്കാരുടെ ശമ്പളം എന്തിന് കൂട്ടണം’

Kerala Cooperator
error: Content is protected !!