Kerala Cooperator

വായ്പകള്‍ക്ക് തിരിച്ചടവ് കാലാവധി നീട്ടിനല്‍കാന്‍ നിര്‍ദ്ദേശിച്ച് ആര്‍.ബി.ഐ.

കോവിഡ് രണ്ടാംതരംഗം നേരിടുന്നതിന് പദ്ധതികള്‍ പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്. ആശുപത്രികള്‍, ഡിസ്‌പെന്‍സറികള്‍, ഫാര്‍മസികള്‍, വാക്‌സിന്‍ നിര്‍മാതാക്കള്‍, ഓക്‌സിജന്‍ ഉത്പാദകര്‍ തുടങ്ങി ആരോഗ്യമേഖലയിലെ സ്ഥാപനങ്ങള്‍ക്ക് അടിയന്തര പണലഭ്യത ഉറപ്പാക്കാന്‍ പ്രത്യേക മുന്‍ഗണനാ വായ്പാപദ്ധതിയാണ് ഇതില്‍ പ്രധാനം. ചികിത്സച്ചെലവിനായി രോഗികള്‍ക്കും വായ്പകള്‍ അനുവദിക്കാം. തിരിച്ചടവു മുടങ്ങിയ വ്യക്തിഗതചെറുകിട സംരംഭങ്ങളുടെ 25 കോടി രൂപ വരെയുള്ള വായ്പകള്‍ പുനഃക്രമീകരിക്കുന്നതിനുള്ള പദ്ധതിയും ആര്‍.ബി.ഐ. പ്രഖ്യാപിച്ചു. ആര്‍.ബി.ഐ. ഗവര്‍ണര്‍ ശക്തികാന്ത ദാസ് ബുധനാഴ്ച രാവിലെ വിളിച്ച പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

മൂന്നു വര്‍ഷംവരെ കാലാവധിയില്‍ റിപ്പോ നിരക്കില്‍ മുന്‍ഗണനാ വിഭാഗത്തിലുള്‍പ്പെടുത്തി 50,000 കോടി രൂപയുടെ വായ്പാ സൗകര്യമാണ് ആരോഗ്യമേഖലയ്ക്കായി ആര്‍.ബി.ഐ. ഒരുക്കിയിട്ടുള്ളത്. 2022 മാര്‍ച്ച് 31 വരെ ഇത്തരം വായ്പകള്‍ ലഭിക്കും. അടിയന്തര വായ്പകള്‍ നല്‍കുന്ന ബാങ്കുകള്‍ക്ക് പ്രോത്സാഹനമായി കൈവശമുള്ള അധികപണം ആര്‍.ബി.ഐ.യില്‍ നിക്ഷേപിക്കുമ്പോള്‍ അടിയന്തര വായ്പകള്‍ക്കു സമാനമായ തുകയ്ക്ക് റിവേഴ്‌സ് റിപ്പോ നിരക്കിനെക്കാള്‍ 0.4 ശതമാനം അധികപലിശ നല്‍കുമെന്നും ഗവര്‍ണര്‍ അറിയിച്ചു.

വായ്പാ പുനഃക്രമീകരണം

വ്യക്തിഗത വായ്പകള്‍, സൂക്ഷ്മചെറുകിടഇടത്തരം സംരംഭങ്ങളുടെ വായ്പകള്‍ എന്നിവ പുനഃക്രമീകരിക്കുന്നതിന് വീണ്ടും അവസരം നല്‍കും. 25 കോടി രൂപ വരെയുള്ളതും മുമ്പ് പ്രഖ്യാപിച്ച വായ്പാ പുനഃക്രമീകരണ പദ്ധതിയുടെ ഭാഗമാകാത്തതുമായ വായ്പകള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. 2021 സെപ്റ്റംബര്‍ 30 വരെ ഇത് പ്രാബല്യത്തിലുണ്ടാകും. അപേക്ഷ ലഭിച്ച് 90 ദിവസത്തിനകം ബാങ്കുകള്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ആര്‍.ബി.ഐ. നിര്‍ദേശിച്ചിട്ടുണ്ട്. മുമ്പ് പുനഃക്രമീകരണ പദ്ധതിയുടെ ആനുകൂല്യം ലഭിച്ചവര്‍ക്ക് മൊറട്ടോറിയം കാലാവധി പരമാവധി രണ്ടു വര്‍ഷംവരെയായി ഉയര്‍ത്താനും അനുമതിയുണ്ട്.

കെ.വൈ.സി.യില്‍ ഇളവ്

കോവിഡ് ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ 2021 ഡിസംബര്‍ 31 വരെ വാര്‍ഷിക കെ.വൈ.സി. പുതുക്കാത്തതിന്റെ പേരില്‍ അക്കൗണ്ടുകളുടെ പ്രവര്‍ത്തനം നിര്‍ത്തുന്നതുള്‍പ്പെടെയുള്ള നടപടികള്‍ എടുക്കരുതെന്ന് ആര്‍.ബി.ഐ. ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി.

ആര്‍.ബി.ഐ. സമ്പര്‍ക്ക വിലക്കില്‍

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ആര്‍.ബി.ഐ.യുടെ പ്രധാനപ്പെട്ട വകുപ്പുകളുടെ പ്രവര്‍ത്തനം പ്രത്യേക കേന്ദ്രത്തില്‍ സമ്പര്‍ക്കവിലക്കിലാക്കി. 250 അംഗ സംഘമാണ് വീടുകളില്‍ പോകാതെ ഇവിടെ പ്രവര്‍ത്തിക്കുന്നത്. റിസര്‍വ് ബാങ്കിന്റെയും സാമ്പത്തിക സ്ഥാപനങ്ങളുടെയും തടസ്സംകൂടാതെയുള്ള പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനാണ് നടപടി.

മറ്റു പ്രഖ്യാപനങ്ങള്‍

* ചെറു സംരംഭങ്ങള്‍ക്കും വ്യക്തികള്‍ക്കും വായ്പകള്‍ നല്‍കുന്ന ചെറു ബാങ്കുകള്‍ക്ക് പണലഭ്യത ഉറപ്പാക്കാനായി 10,000 കോടി രൂപയുടെ പ്രത്യേക ദീര്‍ഘകാല റിപ്പോ ഓപ്പറേഷന്‍ (എസ്.എല്‍.ടി.ആര്‍.ഒ.) നടത്തും.

* സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുന്ന ഓവര്‍ഡ്രാഫ്റ്റ് സൗകര്യത്തിന്റെ കാലപരിധി ഒരു പാദത്തില്‍ 36 ദിവസമായിരുന്നത് 50 ദിവസംവരെയായി ഉയര്‍ത്തി. തുടര്‍ച്ചയായുള്ള ഓവര്‍ഡ്രാഫ്റ്റ് കാലപരിധി 14 ദിവസത്തില്‍നിന്ന് 21 ദിവസമായും വര്‍ധിപ്പിച്ചിട്ടുണ്ട്.

Related posts

യു.പി.ഐ. ആപ്പുവഴി പണം കൈമാറുമ്പോള്‍ ഇടപാടുകാരന്റെ ലോക്കേഷനും രേഖപ്പെടുത്തും

Kerala Cooperator

എല്‍.ഐ.സി. ഓഹരി വില്പനയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി

Kerala Cooperator

സംരംഭ വായ്പകളില്‍ ജപ്തിക്ക് പുതിയ മാനദണ്ഡം വരുന്നു

Kerala Cooperator
error: Content is protected !!