Kerala Cooperator

ഇന്ത്യയുടെ ഡിജിറ്റല്‍ പണം ‘ഇ-റുപ്പി’ കേരളബാങ്കില്‍നിന്ന് ലഭിക്കില്ല

ഇന്ത്യയുടെ സ്വന്തം ഇ-റുപ്പി ഡിജിറ്റല്‍ പണമിടപാട് രീതിയില്‍ കേരളബാങ്ക് ഇല്ല. എസ്.ബി.ഐ., യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി. ബാങ്ക്,  ഐ.സി.ഐ.സി.ഐ. ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, കോട്ടക് ബാങ്ക് എന്നിവയാണ് ഇ-റുപ്പി നല്‍കുന്ന ബാങ്കുകള്‍. സഹകരണ ബാങ്കിങ് മേഖലയിലേക്ക് കൂടി ഇ-റുപ്പി വ്യാപിപ്പിക്കണമെന്ന ആവശ്യം കേരളത്തില്‍നിന്നുയരുന്നുണ്ട്.

രാജ്യത്ത് ഡിജിറ്റല്‍ കറന്‍സി കൊണ്ടുവരുന്നതിന്റെ ഭാഗമായി നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യയാണ് ഈ സംവിധാനം നടപ്പാക്കുന്നത്. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, സാമ്പത്തിക സേവന വകുപ്പ്, ദേശീയ ആരോഗ്യ അതോറിറ്റി എന്നിവയുടെ പങ്കാളിത്തോടെയാണ് ഇത് വികസിപ്പിച്ചത്. പണരഹിതവും സമ്പര്‍ക്കരഹിതവുമായ ഇടപാടാണ് ഇ  റുപ്പി വാഗ്ദാനം ചെയ്യുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എ.ടി.എം കാര്‍ഡ്, ഇന്റര്‍നെറ്റിലെ വിവിധ പേമെന്റ് ആപ്പുകള്‍ എന്നിവ ഇല്ലാതെ തന്നെ ഉപയോക്താക്കള്‍ക്ക് സേവനം ലഭ്യമാക്കാന്‍ ഇ- റുപ്പി സഹായിക്കും.

അതേസമയം, ഇ- റുപ്പി പുറത്തിറക്കി ഒരു മാസം പിന്നിട്ടിട്ടും പ്രവര്‍ത്തനം സംബന്ധിച്ച അവ്യക്ത തുടരുന്നു. ഇ  റുപ്പി എങ്ങനെ ഉപയോഗിക്കണമെന്ന് വിശദീകരിക്കാന്‍ ഇതു സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നാണ് ബാങ്കിംഗ് രംഗത്തുള്ളവര്‍ പറയുന്നത്. അതിന്റെ ആശയക്കുഴപ്പം ഇ-റുപ്പി ജനങ്ങളിലേക്ക് എത്തിക്കുന്നതിന് തടസ്സമായിട്ടുണ്ട്. വൗച്ചര്‍ അടിസ്ഥാനമാക്കിയുള്ള പണം അടക്കല്‍ സംവിധാനമാണിത്. ഡിജിറ്റല്‍ പ്രീപെയിഡ് വൗച്ചറാണ് ഇ റുപ്പി. എസ്.എം.എസ് മുഖേനയോ ക്യൂ ആര്‍ കോഡ് രൂപത്തിലോ പണമടയ്ക്കാം. ആശുപത്രിയില്‍ ലഭിക്കുന്ന സേവനങ്ങള്‍ പ്രയോജനപ്പെടുത്താനും ഇ  റുപ്പി വൗച്ചര്‍ ഉപകരിക്കും.

ഇടപാട് നടത്താന്‍ ബാങ്ക് അക്കൗണ്ട് വേണ്ട. ഗുണഭോക്താവിന് ബാങ്ക് മുഖേന വൗച്ചര്‍ ലഭിക്കും. ഫോണില്‍ ക്യൂ ആര്‍ കോഡായോ, എസ്.എം.എസ്. ആയോ ആണ് വൗച്ചര്‍ ലഭിക്കുക. പണം അടക്കേണ്ട സ്ഥലത്ത് ക്യൂ.ആര്‍.കോഡ് അല്ലെങ്കില്‍ എസ്.എം.എസ്. കാണിച്ചാല്‍ മതി. ഇത് സ്‌കാന്‍ ചെയ്യുമ്പോള്‍ ഗുണഭോക്താവിന്റെ ഫോണിലേക്ക് ആറ് അക്ക ഓതന്റിക്കേഷന്‍ കോഡ് വരും. ഇത് കൈമാറുമ്പോഴാണ് ഡിജിറ്റല്‍ പണമിടപാട് പൂര്‍ത്തിയാവുന്നത്. സ്മാര്‍ട്ട് ഫോണ്‍ ഇല്ലെങ്കിലും ഇടപാട് തടസ്സമാകാതിരിക്കാനാണ് എസ്.എം.എസ്. സംവിധാനവും ഉള്ളത്.

Related posts

കരുവന്നൂര്‍ പാക്കേജിലേക്ക് കേരളബാങ്ക് പ്രത്യേക വായ്പ നല്‍കില്ല

Kerala Cooperator

സംരംഭങ്ങള്‍ക്കും വിപണിക്കും സഹകരണ ബദല്‍ ലക്ഷ്യമിട്ട് എൻ.എം.ഡി.സി.യുടെ കോ ഓപ് മാർട്ട് മാഗസിൻ

Kerala Cooperator

സഹകരണ മേഖലയില്‍ 20,000 തൊഴിലിന് കര്‍മ്മ പദ്ധതി

Kerala Cooperator
error: Content is protected !!