Kerala Cooperator

സഹകരണ സ്റ്റാര്‍ട്ടപ്പുമായി എന്‍.സി.ഡി.സി.

യുവാക്കള്‍ക്ക് സഹകരണമേഖലയില്‍ പങ്കാളിത്തവും ജോലിസാധ്യതയും ഉറപ്പാക്കാന്‍ ‘സഹകരണ സ്റ്റാര്‍ട് അപ്പ്’ പദ്ധതിയുമായി നാഷണല്‍ കോ-ഓപ്പറേറ്റീവ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (എന്‍.സി.ഡി.സി.). നൂതന ആശയങ്ങളും, വിപണി കീഴടക്കുന്ന കാഴ്ചപ്പാടുമുള്ള യുവാക്കള്‍ക്ക് സ്റ്റാര്‍ട്ട് അപ്പ് തുടങ്ങാം. ഇതിനുള്ള ധനസഹായം എന്‍.സി.ഡി.സി. നല്‍കും. 35 ശതമാനം വരെ സബ്‌സിഡിയും നല്‍കുന്നുണ്ട്. ‘യുവസഹകാര്‍’ എന്നപേരിലാണ് സ്റ്റാര്‍ട്ടപ്പ് പദ്ധതി നടപ്പാക്കുന്നത്.

ഓരോ സംസ്ഥാനത്തെയും സഹകരണ നിയമം അനുസരിച്ച് സഹകരണ സംഘങ്ങളായാണ് സ്റ്റാര്‍ട്ട് അപ്പുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതിന് പ്രയോഗിക പ്രശ്‌നങ്ങള്‍ ഏറെയുണ്ടെന്ന വിലയിരുത്തലും എന്‍.സി.ഡി.സി. നടത്തിയിട്ടുണ്ട്. വ്യത്യസ്ത കുടുംബങ്ങളില്‍പ്പെട്ട 25 അംഗങ്ങളാണ് കേരളത്തില്‍ ഒരു സഹകരണ സംഘം രജിസ്റ്റര്‍ ചെയ്യാന്‍ വേണ്ടത്. ഈ ഘടന പാലിച്ച് ഒരു സ്റ്റാര്‍ട്ട് അപ് സംരംഭം തുടങ്ങുന്നതിന് ബുദ്ധിമുട്ടുണ്ടാകാം. ഇത് പരിഹരിക്കാന്‍ ഏതെങ്കിലും സഹകരണ സംഘത്തിന് കീഴില്‍ സ്വാശ്രയ ഗ്രൂപ്പ് രൂപവത്കരിച്ച് സ്റ്റാര്‍ട്ട് അപ്പ് ആരംഭിക്കാമെന്നാണ് എന്‍.സി.ഡി.സി. നിര്‍ദ്ദേശിക്കുന്നത്.

പ്രാഥമിക സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്താനുള്ള പദ്ധതികള്‍ നടപ്പാക്കണമെന്നാണ് കേന്ദ്രകാര്‍ഷിക മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുള്ളത്. ‘സഹകാര്‍ മിത്ര’ എന്നപേരില്‍ പ്രാഥമിക സഹകരണ സംഘങ്ങളെ സഹായിക്കുന്നതിന് എന്‍.ഡി.ഡി.സി. പദ്ധതി നടപ്പാക്കുന്നുണ്ട്. ഇതിനുപുറമെയാണ് ‘യുവസഹകാര്‍’ എന്നപേരില്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങുന്നത്. സഹകരണ സംഘങ്ങളുടെ മേല്‍നോട്ടത്തില്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷന്‍ രൂപവത്കരിച്ച്, കര്‍ഷക കൂട്ടായ്മകളുണ്ടാക്കാനും എന്‍.സി.ഡി.സി. ധനസഹായം നല്‍കുന്നുണ്ട്.

ഇന്ത്യയിലാകെ എട്ടരലക്ഷം സഹകരണ സംഘങ്ങളാണുള്ളത്. ഇവയിലാകെ 2900ലക്ഷം അംഗങ്ങളുണ്ട്. സംഘങ്ങളിലേറെയും പ്രാഥമിക തലത്തിലുള്ളതും അംഗങ്ങളിലേറെയും കര്‍ഷകരും സാധാരണക്കാരുമാണ്. ഇതില്‍ യുവാക്കളുടെ പങ്കാളിത്തം കുറവാണ്. അതുകൊണ്ടാണ്, സ്റ്റാര്‍ട്ട് അപ് സംരംഭങ്ങള്‍ ഓരോ സംസ്ഥാനത്തിന്റെയും സാഹചര്യത്തിന് അനുസരിച്ച് രൂപവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത്. ഇതില്‍തന്നെ കാര്‍ഷിക അധിഷ്ഠിത സംരംഭങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. ഇത് ജനങ്ങളിലെത്തിക്കാന്‍ ‘സഹകാര്‍ കോപ്ട്യൂബ്’ എന്ന പേരില്‍ എന്‍.സി.ഡി.സി. ഒരു യൂട്യൂബ് ചാനലും തുടങ്ങിയിട്ടുണ്ട്. സഹകരണ സംഘങ്ങള്‍ എങ്ങനെ രൂപവത്കരിക്കണമെന്നതടക്കം മലയാളം ഉള്‍പ്പടെ 18 പ്രദേശിക ഭാഷയില്‍ ഇതില്‍ വിവരങ്ങള്‍ കൈമാറും.

Related posts

കേരളബാങ്കിന്റെ ആദ്യബോര്‍ഡ് തീരുമാനമായി ‘കുട്ടി നിക്ഷേപം’

Kerala Cooperator

കാര്‍ഷിക യന്ത്രവല്‍ക്കരണ പദ്ധതിയില്‍ സഹകരണ സംഘങ്ങളും

icooperator

കേരളബാങ്ക്: ഗോപി കോട്ടമുറിക്കല്‍ പ്രസിഡന്റ് എം.കെ.കണ്ണന്‍ വൈസ് പ്രസിഡന്റ്

Kerala Cooperator
error: Content is protected !!