Kerala Cooperator

നിങ്ങള്‍ക്കും കാര്‍ഷിക സംരംഭകരാകാം; സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ തരും

ഓരോ ജില്ലയിലെയും കാര്‍ഷിക ഉത്പന്നങ്ങളില്‍ നിന്ന് വ്യാവസായികാടിസ്ഥാനത്തില്‍ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ തയ്യാറാക്കുന്നതിനുള്ള ഒരു ജില്ല ഒരു ഉത്പന്നം പദ്ധതിയില്‍ ഈ വര്‍ഷം വ്യവസായ വകുപ്പ് ലക്ഷ്യമിടുന്നത് 108 യൂണിറ്റുകള്‍. സംസ്ഥാനത്ത് കൂടുതല്‍ ചെറുകിട സൂക്ഷ്മ ഇടത്തരം വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കുന്നതിനൊപ്പം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.

ഇത്തരത്തില്‍ ആരംഭിക്കുന്ന വ്യവസായങ്ങള്‍ക്ക് പദ്ധതി ചെലവിന്റെ 35 ശതമാനം വരെയാണ് സര്‍ക്കാര്‍ ധനസഹായം നല്‍കുക. ഒരു യൂണിറ്റിന് പത്തു ലക്ഷം രൂപ വരെ സഹായം ലഭിക്കും. പുതിയ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനു പുറമെ നിലവില്‍ ഇത്തരം വ്യവസായങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു.

വ്യക്തിഗത സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി സംസ്ഥാന ബഡ്ജറ്റില്‍ 4.50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഓരോ ജില്ലയിലും പദ്ധതി നടപ്പാക്കുന്നതിനുള്ള ഉത്പന്നങ്ങള്‍ വ്യവസായ വകുപ്പ് തരംതിരിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് മരച്ചീനി, കൊല്ലത്ത് മരച്ചീനിയും മറ്റു കിഴങ്ങു വര്‍ഗങ്ങളും, പത്തനംതിട്ടയില്‍ ചക്ക, ആലപ്പുഴയിലും തൃശൂരിലും നെല്ലുത്പന്നങ്ങള്‍, കോട്ടയത്തും എറണാകുളത്തും കൈതച്ചക്ക, ഇടുക്കിയില്‍ സുഗന്ധവ്യഞ്ജനങ്ങള്‍, പാലക്കാട് ഏത്തക്കായ, മലപ്പുറത്തും കോഴിക്കോടും തേങ്ങയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍, വയനാട് പാലും പാലുത്പന്നങ്ങളും കണ്ണൂരില്‍ വെളിച്ചെണ്ണ, കാസര്‍കോട് ചിപ്പി എന്നിവയുമായി ബന്ധപ്പെട്ട വ്യവസായ യൂണിറ്റുകളാണ് പദ്ധതി പ്രകാരം ആരംഭിക്കുക.

വ്യവസായ വികസനത്തോടൊപ്പം കാര്‍ഷികാഭിവൃദ്ധിയും ഇതിലൂടെ സാധ്യമാകുമെന്നാണ് കരുതുന്നത്. വ്യവസായ യൂണിറ്റുകള്‍ക്ക് ആവശ്യമായ കാര്‍ഷികോത്പന്നങ്ങള്‍ ഉത്പാദിപ്പിക്കാനും മികച്ച വില ലഭിക്കാനും കര്‍ഷകര്‍ക്ക് അവസരം ലഭിക്കും.

ഒരു യൂണിറ്റ് ആരംഭിക്കാന്‍ പത്തു മുതല്‍ 25 ലക്ഷം വരെ രൂപ ചെലവു വരുമെന്നാണ് കണക്കാക്കുന്നത്. ഒരു യൂണിറ്റില്‍ കുറഞ്ഞത് പതിനഞ്ചു പേര്‍ക്കെങ്കിലും നേരിട്ടും അല്ലാതെയും തൊഴില്‍ ലഭ്യമാക്കാനും പദ്ധതി ലക്ഷ്യം വയ്ക്കുന്നു. സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ബ്ളോക്ക്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ തലങ്ങളിലുള്ള വ്യവസായ വികസന ഓഫീസര്‍മാരെയാണ് ബന്ധപ്പെടേണ്ടത്.

വ്യവസായ സംരംഭകരെ സഹായിക്കുന്നതിന് എല്ലാ കേന്ദ്രങ്ങളിലും ഹാന്‍ഡ് ഹോള്‍ഡിംഗ് സംവിധാനം ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. സംരംഭകരുടെ പ്രശ്നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിന് സംസ്ഥാന, ജില്ല തലങ്ങളില്‍ സംവിധാനം ഏര്‍പ്പെടുത്തും. ഇതോടൊപ്പം താലൂക്ക് തല ഓഫീസുകള്‍ ശക്തിപ്പെടുത്തുകയും ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉറപ്പാക്കുകയും ചെയ്യും.

ഇക്കാര്യങ്ങള്‍ സംബന്ധിച്ച് വ്യവസായ മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയില്‍ യോഗം നടന്നു. വ്യവസായ വാണിജ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ഡയറക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

Related posts

സഹകരണ സ്റ്റാര്‍ട്ടപ്പുമായി എന്‍.സി.ഡി.സി.

icooperator

സഹകരണ സംഘങ്ങളിലൂടെ ഒരുലക്ഷം കോടിയുടെ കേന്ദ്രപദ്ധതി

Kerala Cooperator

കര്‍ഷകിക പദ്ധതിയുണ്ടെങ്കില്‍ സഹകരണ സംഘങ്ങള്‍ക്ക് നബാര്‍ഡ് പണം നല്‍കും

icooperator
error: Content is protected !!