Kerala Cooperator

ലാഭം കൂട്ടുകയല്ല, അവശ്യഘട്ടങ്ങളില്‍ സഹായമാവുകയാണ് സംഘങ്ങളുടെ വായ്പാലക്ഷ്യം

വായ്പ നല്‍കല്‍ മാത്രമല്ല വായ്പാക്കാര്‍ക്ക് പരിരക്ഷയും നല്കുന്നു. ഇത് കേരളത്തിലെ സഹകരണ വായ്പാ മേഖലയുടെ മാത്രം പ്രത്യേകതയാണ്.  സംസ്ഥാനത്തെ  വിവിധ സഹകരണ ബാങ്കുകളിലും സംഘങ്ങളില്‍ നിന്നും വായ്പയെടുത്തശേഷം മരണപ്പെടുകയോ, മാരകരോഗം പിടിപെടുകയോ ചെയ്തിട്ടുളള വായ്പക്കാര്‍ക്ക് ധനസഹായം നല്‍കുന്നതിനു വേണ്ടിയുള്ളതാണ് കേരള സഹകരണ  റിസ്‌ക് ഫണ്ട് പദ്ധതി. പ്രകാരം നാളിതുവരെ 85936 ഗുണഭോക്താക്കള്‍ക്കായി ആകെ 638.26 കോടി രൂപ റിസ്‌ക് ഫണ്ട് ധന സഹായമായി അനുവദിച്ച് നല്‍കിയിട്ടുണ്ട്.

മാരകരോഗ ബാധിതരായവര്‍ വാഹനാപകടത്തില്‍പ്പെട്ട് അംഗവൈകല്യം സംഭവിച്ചവര്‍/ ശയ്യാ വലംബരായ അംഗങ്ങളുടെ/മരണപ്പെട്ട അംഗങ്ങളുടെ ആശ്രിതര്‍, മാതാപിതാക്കള്‍ എടുത്ത വായ്പയ്ക്ക് ബാധ്യതപ്പെട്ട കുട്ടികള്‍, എന്നിവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനാണ് മെമ്പര്‍ റിലീഫ് ഫണ്ട് പദ്ധതി ആരംഭിച്ചത്. ഈ പദ്ധതിയില്‍ നാളിതുവരെ 22254 പേര്‍ക്ക് 46.87 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി വായ്പാക്കാര്‍ക്ക് വലിയ അശ്വാസമാണ്  നല്കുന്നത്.പല കാരണങ്ങളാല്‍ വായ്പാതിരിച്ചടവ് മുടങ്ങയിവര്‍ക്ക് ഏറെ സഹായകമായ പദ്ധതി   വലിയ ആനുകൂല്യങ്ങളാണ് വായ്പാ തിരിച്ചടക്കുന്ന വര്‍ക്കായി സഹകരണവകുപ്പ് ഇതിലൂടെ പ്രഖ്യാപിക്കുന്നത്. 2021 22 വര്‍ഷത്തില്‍ മാത്രമുള്ള കണക്കു പരിശോധിച്ചാല്‍ ഇതുവഴി 4.69 ലക്ഷം പേര്‍ക്ക് ഗുണം ലഭിച്ചു. 4.82 ലക്ഷം വായ്പകളിന്‍മേല്‍ മുതല്‍ പലിശ, പിഴ പലിശ എന്നീ ഇനത്തില്‍ ആകെ 843.57 കോടി രൂപയുടെ ആനുകൂല്യമാണ് വായ്പക്കാര്‍ക്ക് ലഭിച്ചത്. സഹകരണ രംഗത്ത് വളരെ കാലമായി പ്രവര്‍ത്തിച്ചിട്ടുള്ളവരും സഹകരണ മേഖലയുടെ സര്‍വ്വതോന്‍മുഖമായ പുരോഗതിക്ക് വേണ്ടി പ്രയത്‌നിക്കുകയും ചെയ്ത സഹകാരികള്‍ക്ക് രോഗ ശുശ്രൂഷയ്ക്കും ചികിത്സയ് ക്കുമായി പരമാവധി സാമ്പത്തിക സഹായം നല്‍കുന്ന സഹകാരി സാന്ത്വനം പദ്ധതി നടപ്പിലാക്കി.

വായ്പ മേഖലയിലെ അംഗങ്ങള്‍ക്ക് ഇത്രയധികം പരിരക്ഷ നല്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ബാങ്കിംഗ് സ്ഥാപനങ്ങള്‍ വേറെ എവിടെയാണുള്ളത്. അത്രയ്ക്ക് ജനങ്ങളുമായി അടുത്തിടപഴകുന്നവയാണ് സഹകരണസ്ഥാപനങ്ങള്‍.

 

സഹകരണ മേഖല കരുത്തോടെ നിലകൊള്ളും

ഇത്തരത്തില്‍ കരുത്തുറ്റ മേഖലയെ അത്ര എളുപ്പത്തില്‍ തകര്‍ക്കാനാവില്ല. കഴിഞ്ഞ രണ്ടു മുന്ന് വര്‍ഷങ്ങളിലായി  വലിയ പ്രതിസന്ധികളെയാണ് നാം നേരിട്ടത്. ഒട്ടേറെ പ്രതിസന്ധികള്‍  ഈ കാലയളവില്‍ ഉണ്ടായതെങ്കിലും അതിനെയെല്ലാം അതിജീവിക്കാനായി എന്നത്  ഏറ്റവും ശ്രദ്ധേയമായതാണ്. ഇതിന്  ഏറ്റവും നല്ല ഉദാഹരണ ങ്ങളാണ്  സഹകരണ മേഖലയിലെ 41 മത്  നിക്ഷേപ സമാഹരണ പദ്ധതിയും 2022 ഏപ്രിലില്‍ എറണാകുളം മറൈന്‍ ഡ്രൈവില്‍ നടന്ന സഹകരണ എക്‌സ്‌പോയും.

നിക്ഷേപ സമാഹരണത്തില്‍ റെക്കോഡ് നേട്ടമാണ് കൈവരിച്ചത്. നാല്‍പത്തൊന്നാമത്  നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ ഭാഗമായി 2021 ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെ 6000 കോടി രൂപയാണ് സമാഹരിക്കാന്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ 9967.43 കോടി രൂപ സമാഹരിച്ച് കൊണ്ട് റെക്കോര്‍ഡ് നേട്ടം കൈവരിച്ചു.
എട്ടു ദിവസക്കാലം നീണ്ടു നിന്ന അവിസ്മരണീമായ  സഹകരണ എക്‌സ്‌പോ. സഹകരണ മേഖലയുടെ സംഘശക്തി വിളിച്ചറിയിച്ച മേളയാണ്. ആര്‍ക്കും തകര്‍ക്കാന്‍ കഴിയാത്ത ഏറ്റവും വലിയ സമ്പത്തിക ബദല്‍ ശക്തി ആണ് സഹകരണ മേഖല എന്ന് ഒരിക്കല്‍ കൂടി സാക്ഷ്യപ്പെടുത്തി. പ്രതിസന്ധിഘട്ടത്തില്‍ ജനങ്ങള്‍ക്ക് സഹായ ഹസ്തവു മായി എത്തുന്ന സഹകരണ മേഖലയെ  സാമ്പത്തിക പ്രതിസന്ധിയുടെ കൊവിഡ് കാലഘട്ടത്തില്‍ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഒത്താശയോടെ റിസര്‍വ് ബാങ്ക് നിയമങ്ങളും ചട്ടങ്ങളും കൊണ്ടു വരികയും ചെയ്ത കാലത്താണ് ഈ നേട്ടങ്ങളെന്നത് ഇവയുടെ മാറ്റു കൂട്ടുന്നു.

രണ്ടു വസ്തുതകളാണ്  ഇവിടെ തെളിയുന്നത്. അപവാദ പ്രചരണ ങ്ങള്‍ക്കും നവലിബറല്‍ സാമ്പത്തിക, ബാങ്കിങ് പരിഷ്‌കാരങ്ങള്‍ക്കും കേരളത്തിലെ സഹകരണ വായ്പാ മേഖലയെ തകര്‍ക്കാനാകില്ല. രണ്ടാമ ത്തേത് നമ്മുടെ സഹകരണ മേഖലയുടെ സംഘശക്തി, അതിന്റെ ആന്തരിക ബലം എത്രമാത്രം കെട്ടുറപ്പുള്ള താണ് എന്ന് എല്ലാവരെയും ഒരിക്കല്‍ക്കൂടി ബോധ്യപ്പെടുത്താനായി

 

ഏതു പ്രതിസന്ധിയെയും നേരിടാന്‍ കെല്‍പ്പുള്ള പ്രസ്ഥാനം. അതാണ് എക്‌സ്‌പോ കാണിച്ചു തന്നത്. ഇതു നല്‍കുന്ന ആത്മവി ശ്വാസം ചെറുതല്ല. കൂടുതല്‍ കര്‍മ്മ പരിപാടികളേറ്റടുക്കാനുളള ആത്മവിശ്വാസമാണിത് നല്‍കുന്നത്. കൂടുതല്‍ കര്‍മ്മ നിരതരാകുക എന്ന ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് തന്നെയാണ് സഹകരണ വകുപ്പ് മുന്നോട്ടു പോകുന്നതെന്ന് അതിന്റെ കഴിഞ്ഞകാല പ്രവര്‍ത്തങ്ങള്‍ നോക്കിയാല്‍ മനസിലാകും.

ഇങ്ങനെ കരുത്തോടെയും മികവോടെയും നിലകൊള്ളുന്ന സഹകരണ മേഘലയുടെ യഥാര്‍ത്ഥ ശക്തിയെ കാണാതെ കരുവന്നൂര്‍ സംഭവ ത്തെ സാമാന്യവല്‍ക്കരിച്ച് കേരളത്തിലെ സഹകരണമേഖലയാകെ ഇങ്ങനെയാണ് എന്ന പ്രതീതി പരത്താനാണ് ചില തല്‍പര കക്ഷികളും ചില മാധ്യമങ്ങളും ശ്രമിക്കുന്നത്. ഇവര്‍ നടത്തുന്ന അസത്യ പ്രചരണങ്ങള്‍ ഈ പ്രസ്ഥാനത്തിന്റെ വിശ്വാസ്യതയെ തകര്‍ക്കുക എന്ന ലക്ഷ്യം വച്ചുള്ളതാണെന്ന സംശയം നിലനില്‍ക്കുന്നു. ഇതിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയ അജണ്ട ഉണ്ട്. നവലിബറല്‍ സാമ്പത്തിക മൂലധന ശക്തികളുടെ ഇടപെടലുകള്‍ ആണ്. സഹകരണമേഖലയിലെ വിശ്വാസ്യത തകര്‍ത്ത് ജനങ്ങളില്‍ സംശയം ജനിപ്പിച്ച് നിക്ഷേപം സ്വകാര്യ കുത്തകകളുടെ കൈയി ലെത്തിക്കുക എന്നത് അവരുടെ ആഗ്രഹമാണ്.

രാജ്യത്തെ സ്വകാര്യ കുത്തക കോര്‍പ്പറേറ്റ് ബാങ്കുകള്‍ക്ക് ബദലാണ് സഹകരണ ബാങ്കുകള്‍. അവ എന്നും ഇവര്‍ക്ക് ഭീഷണിയാണ്. ഇത്തരം കുത്തകകളെ സഹായിക്കുന്ന സമീപനമാണ് അസത്യ വാര്‍ത്തകള്‍ ചമക്കുന്നവര്‍ ചെയ്യുന്നത്. കുറവുകളെ ചൂണ്ടിക്കാണിക്കുന്നതിനു പകരം അതിന്റെ ശക്തിയേയും വിശ്വാസ്യതയേയും കുറച്ചു കാണിക്കുകയാണ് ഇതിലൂടെ നടത്തുന്നത്. ഇത് പൊതുജങ്ങളും സഹകാരി സമൂഹവും തിരിച്ചറിയുക തെന്നെ ചെയ്യും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല .അതോടൊപ്പം ഇത്തരം പ്രവണതകള്‍ക്കെതിരായ പ്രവര്‍ത്തങ്ങള്‍ക്കായി എല്ലാവരും മുന്നോട്ടു വരണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
———–
അഞ്ചുഭാഗങ്ങളായി സഹകരണ മന്ത്രി വി.എന്‍.വാസവന്‍ എഴുതിയ ലേഖനം ഇവിടെ അവസാനിക്കുന്നു.

Related posts

സഹകരണ പ്രസ്ഥാനം നാടിന്റെ വികസനത്തിന് വഴിയൊരുക്കിയ ബദല്‍ സാമ്പത്തിക ശ്രോതസ്

Kerala Cooperator

കേന്ദ്രത്തിന്റെ സഹകരണ പദ്ധതികളില്‍ കേരളം ആശങ്കപ്പെടേണ്ട പലതും ഉണ്ട്

Kerala Cooperator

‘കരുവന്നൂരില്‍ എന്ത് ചെയ്‌തെന്ന ചോദ്യത്തിന് ഇതാണ് ഉത്തരം’

Kerala Cooperator
error: Content is protected !!