Kerala Cooperator

കേന്ദ്രത്തിന്റെ സഹകരണ പദ്ധതികളില്‍ കേരളം ആശങ്കപ്പെടേണ്ട പലതും ഉണ്ട്

ഹകരണ മേഖലയില്‍ വിവിധങ്ങളായ പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. പ്രാദേശിക വികസനത്തിന് പാകമാകുന്ന വിധത്തില്‍ സഹകരണ സംഘങ്ങളെ മാറ്റിയെടുക്കുകയെന്നതാണ് കേന്ദ്രപദ്ധതികളുടെ ലക്ഷ്യമെന്നാണ് വിശദീകരണം. ഇതിനായി എല്ലാ പഞ്ചായത്തുകളിലും കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍, ക്ഷീര സംഘങ്ങള്‍ എന്നിവ തുടങ്ങാനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. രണ്ടുലക്ഷം കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ തുടങ്ങാനുള്ള തീരുമാനമെടുത്തു. ഇതിന് മുന്നോടിയായി മറ്റ് നാലുകാര്യങ്ങള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലെ കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളെ ആകെ ബന്ധിപ്പിച്ച് ഏകീകൃത സോഫ്റ്റ് വെയര്‍ നടപ്പാക്കുക, എല്ലാ പ്രാഥമിക സഹകരണ സംഘങ്ങളുടെ വിവരം ശേഖരിക്കുന്നവിധത്തില്‍ കേന്ദ്രീകൃത ഡേറ്റ സെന്റര്‍ തുടങ്ങുക, പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ക്ക് ഒരു പൊതു ബൈലോ കൊണ്ടുവരിക, സഹകരണ നയം കാലോചിതമായി പരിഷ്‌കരിക്കുക എന്നിവയാണ് ഈ നാലുകാര്യങ്ങള്‍. പ്രത്യക്ഷത്തില്‍ നല്ലതെന്ന് തോന്നിക്കുന്ന വിശദീകരണമാണ് ഈ നാലുകാര്യങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്.

# എന്താണ് കേന്ദ്രം പറയുന്നത്

കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളെ അത് പ്രവര്‍ത്തിക്കുന്ന തദ്ദേശ സ്ഥാപനത്തിലെ മള്‍ട്ടി സര്‍വീസ് സെന്ററുകളാക്കി മാറ്റുകയെന്നതാണ് പാക്‌സുകളില്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ക്കുള്ള വിശദീകരണം. ഇത്തരം സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍ക്ക് കൃഷിക്ക് ആവശ്യമായ സാമ്പത്തിക സഹായം നല്‍കുക, അവരുടെ കാര്‍ഷിക ഉല്‍പന്നങ്ങള്‍ സംഭരിക്കാനും സംസ്‌കരിക്കാനുമുള്ള സംവിധാനമൊരുക്കി, മെച്ചപ്പെട്ട വില ഉറപ്പാക്കാനുള്ള വിപണന ശൃംഖലകള്‍ സ്ഥാപിക്കുക, മൂല്യവര്‍ദ്ധിത ഉല്‍പാദന യൂണിറ്റുകള്‍ തുടങ്ങുക എന്നിവയാണ് പ്രാഥമിക ലക്ഷ്യമായി ചൂണ്ടിക്കാണിക്കുന്നത്. ഇതിനൊപ്പം, ആ പ്രദേശത്തെ ജനജീവിതത്തെ സഹായിക്കാന്‍ പാകത്തിലുള്ള സേവനങ്ങളും നല്‍കാനാകണം. പാചകവാതക വിതരണം, കണ്‍സ്യൂമര്‍ സാധനങ്ങള്‍ നല്‍കല്‍, ഹരിത വാതകങ്ങളുടെ വിതരണ ഏജന്‍സി തുടങ്ങുക, പെട്രോള്‍ പമ്പുകള്‍ സ്ഥാപിക്കുക, പാല്‍-മീന്‍ ഉല്‍പന്നങ്ങളുടെ വിപണി ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുക എന്നിവയെല്ലാം പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ ഏറ്റെടുക്കണമെന്ന് നിര്‍ദ്ദേശിക്കുന്നുണ്ട്.
ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് ഓരോ പ്രദേശത്തിനും ആവശ്യമായ രീതിയില്‍ സര്‍ക്കാര്‍ സഹായം ഉറപ്പാക്കാനാണ് ഇവയെ ഏകീകൃത സോഫ്റ്റ് വെയറിലൂടെ ബന്ധിപ്പിക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവെക്കുന്നത്.

ഓരോ പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘവും അതത് പ്രദേശത്തിന്റെ സ്വഭാവം അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇത് പരിശോധിച്ച് വിവിധ കേന്ദ്രപദ്ധതികളുടെ വിഹിതം നേരിട്ട് നല്‍കാനാണ് ഈ ഓണ്‍ലൈന്‍ ബന്ധിപ്പിക്കല്‍.

കാര്‍ഷിക വായ്പ സംഘങ്ങള്‍ക്ക് രാജ്യത്താകെ ഏകീകൃത പ്രവര്‍ത്തനമുറപ്പാക്കുകയാണ് പൊതു ബൈലോയിലൂടെ ഉദ്ദേശിക്കുന്നത്. പലസംസ്ഥാനങ്ങളിലും സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളുടെ ഫണ്ട് ഉപയോഗിച്ച് കാര്‍ഷിക വായ്പ ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് പാക്‌സുകള്‍ നടത്തുന്നത്. ഇത് മാറ്റി കാര്‍ഷിക വായ്പ സംഘങ്ങളില്‍ വൈവിധ്യം നടപ്പാക്കുകയാണ് ലക്ഷ്യം. അത് ഏതൊക്കെ വിധത്തിലാകാമെന്നതാണ് പൊതു ബൈലോയിലൂടെ നിര്‍ദ്ദേശിക്കുന്നത്.
സാങ്കേതിക സംവിധാനം പദ്ധതി ആസൂത്രണത്തിനായി ഉപയോഗിക്കുകയെന്നതാണ് കേന്ദ്രീകൃത ഡേറ്റ സെന്റര്‍ തുടങ്ങുന്നതുള്ള കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. ഓരോ പ്രദേശത്തെയും സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം, ഏറ്റെടുക്കുന്ന പദ്ധതികള്‍, സഹകരണ സംഘത്തിന്റെ ലക്ഷ്യം എന്നിവ മനസിലാക്കി അതിനനുസരിച്ച് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്നാണ് പറയുന്നത്. ഇതിനായി എല്ലാ സംഘങ്ങളുടെ അവരുടെ ഡേറ്റകള്‍ കേന്ദ്ര ഡേറ്റ സെന്ററിലേക്ക് നല്‍കണം. ദിവസേന നല്‍കേണ്ടത്, മാസങ്ങളില്‍ നല്‍കേണ്ടത്, വര്‍ഷത്തിലൊരുക്കല്‍ പുതുക്കേണ്ടത് എന്നിങ്ങനെ നല്‍കേണ്ട ഡേറ്റകളെ തരംതരിച്ചിട്ടുണ്ട്. ഇവ പ്രത്യേക ഫോര്‍മാറ്റില്‍ കേന്ദ്രത്തിലേക്ക് നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഇതില്‍ ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും യോഗ്യതമുതല്‍ ഭരണസമിതി യോഗത്തിന്റെ മിനുറ്റ്‌സുകള്‍ വരെയുണ്ട്. ഇതെല്ലാം കേന്ദ്രസര്‍ക്കാര്‍ വിശകലനം നടത്തിയാകും സഹകരണ പദ്ധതികള്‍ രൂപീകരിക്കുകയെന്നാണ് കേന്ദ്ര സഹകരണ മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്.

കേന്ദ്രത്തിന്റെ ഒരു പദ്ധതിയുടെയും രൂപരേഖ പരിശോധിച്ചാല്‍ ഇത് ബോധ്യപ്പെടണമെന്നില്ല. പക്ഷേ, എല്ലാ പദ്ധതികളുടെയും വിശദാംശങ്ങള്‍ ചേര്‍ത്തുവായിക്കുമ്പോഴാണ് കേരളം നേരിടാന്‍ പോകുന്ന അപകടം മനസിലാകുക.

# അപകടം പലവഴി

കേന്ദ്രപദ്ധതികളെ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം ഗുണപരമായ മാറ്റമായി തോന്നാമെങ്കിലും അതുണ്ടാക്കുന്ന അപകടം വലുതാണ്. കേരളത്തെ മാത്രമാണ് ഇത് പ്രതികൂലമായി ബാധിക്കുക എന്ന പ്രത്യേകതയുമുണ്ട്. കേന്ദ്രത്തിന്റെ ഒരു പദ്ധതിയുടെയും രൂപരേഖ പരിശോധിച്ചാല്‍ ഇത് ബോധ്യപ്പെടണമെന്നില്ല. പക്ഷേ, എല്ലാ പദ്ധതികളുടെയും വിശദാംശങ്ങള്‍ ചേര്‍ത്തുവായിക്കുമ്പോഴാണ് കേരളം നേരിടാന്‍ പോകുന്ന അപകടം മനസിലാകുക. ഏകീകൃത സോഫ്റ്റ് വെയര്‍ നടപ്പാക്കുന്നതിനുള്ള പദ്ധതി രേഖയില്‍ ഡിജിറ്റലൈസേഷന്റെ പ്രാധാന്യത്തെ കുറിച്ചാണ് പറയുന്നത്. ഇത് കേള്‍ക്കുമ്പോള്‍ ആര്‍ക്കും നല്ലതാണെന്ന് തോന്നും. പാക്‌സുകള്‍ക്ക് ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങള്‍ പറയുന്നത് മോഡല്‍ ബൈലോയിലാണ്. ഇത് പാക്‌സുകളെ മള്‍ട്ടി സര്‍വീസ് സെന്ററുകാളാക്കാനുള്ള നിര്‍ദ്ദേശങ്ങളായാണ് അവതരിപ്പിച്ചിട്ടുള്ളത്. അതിലും നല്ലകാര്യങ്ങളാണ് ഉള്ളത്. പാക്‌സുകള്‍ക്ക് ഏറ്റെടുക്കാവുന്ന 25 പ്രവര്‍ത്തനങ്ങള്‍ നിശ്ചയിച്ചതില്‍ ‘ബാങ്കിങ് കറസ്‌പോണ്ടന്റ്’ എന്നാണ് പറഞ്ഞിട്ടുള്ളത്. ഇതാണ് കേരളത്തെ കുഴയ്ക്കുക. കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ കേരളത്തില്‍ സഹകരണ ബാങ്കുകളായി പ്രവര്‍ത്തിക്കുകയും ബാങ്കിങ് പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്നുണ്ട്. ഇതിനെതിരെ കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും നിരന്തരം നടപടിക്കൊരുങ്ങുന്നുമുണ്ട്. പക്ഷെ, സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലുള്ള പ്രാഥമിക സംഘങ്ങളില്‍ നേരിട്ട് ഇടപെടലോ നിയന്ത്രണമോ സാധ്യമാകാത്തതിനാലാണ് കേന്ദ്രത്തിന് അവരുടെ ലക്ഷ്യം നടപ്പാക്കാന്‍ കഴിയാത്തത്. പുതിയ പരിഷ്‌കാരത്തിലൂടെ ആ ലക്ഷ്യം നേടാന്‍ കേന്ദ്രത്തിന് കഴിയും. ഇത് കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകളെ മൊത്തത്തില്‍ തകര്‍ക്കുമെന്നത് ഉറപ്പാണ്.
പൊതുസോഫ്റ്റ് വെയറിലൂടെ പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങളെ ബന്ധിപ്പിച്ചാല്‍ കേന്ദ്രസര്‍ക്കാരിന്റെ അവയുടെ ഓരോ പ്രവര്‍ത്തനവും നിരീക്ഷിക്കാനാകും. ഇതിന്റെ വിവരങ്ങള്‍ ശേഖരിക്കാനുമാകും.

കാര്‍ഷിക വായ്പയ്ക്കുള്ള സബ്‌സിഡി, നബാര്‍ഡ് നല്‍കുന്ന റീഫിനാന്‍സ് എന്നിവ അടക്കമുള്ള കേന്ദ്രസഹായം വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയും.

അതിനാണ് പാക്‌സുകളുടെ നിയന്ത്രണം നബാര്‍ഡിന് കീഴിലാക്കുമെന്ന് പറയുന്നത്. കേരളത്തിന് മൊത്തമായി ലഭിച്ചിരുന്ന നബാര്‍ഡ് സഹായം ഓരോ സംഘത്തിന് അവരുടെ പ്രവര്‍ത്തനം പരിശോധിച്ച് നല്‍കുന്ന രീതിയിലേക്ക് മാറും. ഇത് ഫണ്ട് വിതരണത്തില്‍ പ്രാദേശിക അസമത്വം ഉണ്ടാക്കുന്നതാകും. ഇനി എല്ലാ സംഘങ്ങളുടെയും ഡേറ്റകള്‍ കേന്ദ്രത്തിന് കൈമാറുന്ന വ്യവസ്ഥ കൂടി നടപ്പാക്കിയാല്‍ സംസ്ഥാനത്തെ മുഴുവന്‍ സംഘങ്ങളുടെ പരോക്ഷ നിയന്ത്രണം കേന്ദ്രസര്‍ക്കാരിന്റെ കൈകളിലാകും. സംഘങ്ങളുടെ സ്വയംഭരണ സാധ്യത ഇല്ലാതാക്കുന്നതും രാജ്യത്തെ സഹകരണ ഫെഡറലിസം തകര്‍ക്കുന്നതുമാണ് ഈ നടപടികള്‍. അതിനാല്‍, ജാഗ്രതയോടെ വേണം കേന്ദ്രപദ്ധതികളെ സമീപിക്കേണ്ടത്. കരുതലോടെ വേണം അവയെ നേരിടേണ്ടതും. വരാനിരിക്കുന്ന അപകടം തിരിച്ചറിഞ്ഞ് മാറാനും മുന്നേറാനും കഴിഞ്ഞില്ലെങ്കില്‍ കേരളത്തിലെ സാധരണജനങ്ങളുടെ അത്താണിയായി ഏറെക്കാലം നിലകൊണ്ട സഹകരണ പ്രസ്ഥാനം ദ്രവിച്ചില്ലാതാകുന്നത് നമ്മള്‍ കാണേണ്ടിവരും.

Related posts

‘കരുവന്നൂരില്‍ എന്ത് ചെയ്‌തെന്ന ചോദ്യത്തിന് ഇതാണ് ഉത്തരം’

Kerala Cooperator

 കേന്ദ്ര സഹകരണ മന്ത്രാലയത്തെ എന്തിന് ഭയക്കണം

Kerala Cooperator

പ്രളയ-കോവിഡ് കാലത്ത് നാടറഞ്ഞതാണ് സംഘങ്ങളുടെ സാമൂഹിക പ്രതിബദ്ധത

Kerala Cooperator
error: Content is protected !!