Kerala Cooperator

 കേന്ദ്ര സഹകരണ മന്ത്രാലയത്തെ എന്തിന് ഭയക്കണം

കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പുതിയ സഹകരണ മന്ത്രാലയം രൂപീകരിച്ചതാണ് ഇപ്പോള്‍ സഹകാരികള്‍ക്കിടയിലെ ചര്‍ച്ച. അമിത് ഷാ സഹകരണ മന്ത്രാലയത്തിന്റെ ചുമതലയുള്ള മന്ത്രിയായതിനെ ആശങ്കയോടെ കാണുന്നവരാണ് ഏറെയും. ഇത് കേരളത്തില്‍ മാത്രമുള്ള ആശങ്കയല്ല. സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എന്‍.സി.പി. ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ എന്നിവരെല്ലാം സഹകരണ മേഖലയില്‍ ‘കേന്ദ്രഅട്ടിമറി’ പ്രവചിച്ചുകഴിഞ്ഞു. സംസ്ഥാനത്തെ സഹകരണ മേഖലയിലെ ഇടതുപക്ഷ ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ പ്രത്യക്ഷ സമരം നടത്തി. കോണ്‍ഗ്രസ് അനുകൂല സംഘടനയായ സഹകരണ ജനാധിപത്യ വേദിയും സമരം പ്രഖ്യാപിച്ചുകഴിഞ്ഞു. ബി.ജെ.പി.ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെല്ലാം കേന്ദ്ര സഹകരണ മന്ത്രാലയവും അമിത്ഷായുടെ ചുമതലയും ആശങ്കപ്പെടുത്തുന്നതിന്റെ കാരണമെന്താകും. കേന്ദ്ര-സംസ്ഥാന ഫെഡറല്‍ ബന്ധത്തെ തകര്‍ക്കുന്നതാണോ ഈ നടപടി. ഇക്കാര്യങ്ങളൊന്ന് പരിശോധിച്ച് നോക്കാം.

സത്യത്തില്‍ കേന്ദ്രത്തില്‍ സഹകരണ മന്ത്രാലയം രൂപീകരിക്കുന്നത് ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്നതല്ല. മാത്രവുമല്ല, സംസ്ഥാനങ്ങള്‍ക്ക് ഒട്ടേറെ ഗുണമുണ്ടാകുന്ന, അല്ലെങ്കില്‍ ഉണ്ടാകേണ്ട നടപടിയാണ്. മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ സംഘങ്ങളടക്കം ഒരു നിയന്ത്രണവുമില്ലാതെ പ്രവര്‍ത്തിക്കുന്നത് തടയാനാകും. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളില്‍ ഉള്‍പ്പെട്ട സംസ്ഥാന വിഷയമാണ് സഹകരണം. അത്തരമൊരു സംസ്ഥാന വിഷയത്തില്‍ കേന്ദ്രത്തിന് എന്തിനാണ് ഒരു മന്ത്രാലയം എന്നതാണ് ഉയരുന്ന ഒരുചോദ്യം. കൃഷിയും സംസ്ഥാന വിഷയമാണ്. കൃഷിക്ക് കേന്ദ്രത്തില്‍ മന്ത്രാലയമുണ്ട്. അതേ കൃഷിവകുപ്പിന് കീഴിലായിരുന്നു ഇതുവരെ സഹകരണം കൈകാര്യം ചെയ്തിരുന്നത്. കൃഷിവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് കേന്ദ്ര സഹകരണ രജിസ്ട്രാറായി പ്രവര്‍ത്തിച്ചത്. കൃഷിക്ക് കേന്ദ്രത്തില്‍ മന്ത്രാലയമാകാമെങ്കില്‍ സഹകരണത്തിനുമാകാം. അതിനെ എതിര്‍ക്കേണ്ടതില്ല. ഇതാണ് ഇതുസംബന്ധിച്ച് ഉയരുന്ന ചോദ്യത്തിന്റെ ഉത്തരം.

ഇനി കൃഷിപോലെയാണോ സഹകരണം എന്നതാണ് പരിശോധിക്കേണ്ടത്. അല്ല എന്നുതന്നെയാണ് ഉത്തരം. കാര്‍ഷികമേഖലയിലെ ഉണര്‍വിന് കേന്ദ്രപദ്ധതികളും സ്‌കീമുകളും സംസ്ഥാനത്തിന്റെ ആവശ്യങ്ങളും പരിശോധിച്ച് ഉറപ്പാക്കുകയെന്നതാണ് കേന്ദ്രത്തിന്റെ ഉത്തരവാദിത്തം. സഹകരണത്തില്‍ സര്‍ക്കാര്‍ നിയന്ത്രണാധികാരി മാത്രമാണ്. സ്വയംഭരണ സ്ഥാപനങ്ങളാണ് സഹകരണ സംഘങ്ങള്‍. ജനങ്ങളുടെ കൂട്ടായ്മയിലൂടെ സംഘങ്ങള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. അത് നിയമപരവും സമൂഹത്തിന്റെ പൊതുലക്ഷ്യത്തിന് അനുഗുണവുമാകുന്നുവെന്ന് ഉറപ്പിക്കുകയാണ് സര്‍ക്കാര്‍ സംവിധാനത്തിന് ചെയ്യാനുള്ളത്. അതുകൊണ്ടാണ് ഓരോ സംസ്ഥാനത്തും പ്രത്യേക സഹകരണ നിയമങ്ങളുള്ളതും അതിനനുസരിച്ച് സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം ക്രമീകരിച്ചിട്ടുള്ളതും.

മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളാണ് കേന്ദ്രനിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ നിയന്ത്രണാധികാരി കേന്ദ്ര സഹകരണ സംഘം രജിസ്ട്രാര്‍ക്കാണ്. നിലവില്‍ ഇത്തരം സംഘങ്ങള്‍ രൂപീകരിക്കുമ്പോള്‍ അത് പ്രവര്‍ത്തിക്കുന്ന സംസ്ഥാനങ്ങളുടെ മുന്‍കൂര്‍ അനുമതി വേണം. ഈ വ്യവസ്ഥ കേന്ദ്രത്തിന് എടുത്തുകളയാവുന്നതേയുള്ളൂ. അതുണ്ടായാല്‍ ഇഷ്ടംപോലെ മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ സംഘങ്ങള്‍ കേരളത്തിലടക്കം തുടങ്ങാം. കേരള ബാങ്കാണ് കേരളത്തിലെ വലിയ സഹകരണ ബാങ്ക്. സംസ്ഥാനത്താക്കെ പ്രവര്‍ത്തന പരിധിയുണ്ട്. എന്നാല്‍, ഒന്നിലേറെ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു മള്‍ട്ടി സ്റ്റേറ്റ് ബാങ്ക് വരുന്നതോടെ കേരളബാങ്കിന് ഈ ശക്തി ഉണ്ടാകണമെന്നില്ല. ഇങ്ങനെ, ഒരുബാങ്കല്ല, എത്ര മള്‍ട്ടി സ്‌റ്റേറ്റ് ബാങ്കുകള്‍ വേണമെങ്കിലും കേന്ദ്രത്തിന് തുടങ്ങാനാകും. ഇതേടെ കേരളത്തിലെ സഹകരണ ബാങ്കിങ് മേഖല ആകെ കുത്തഴിയും.

മള്‍ട്ടി ബാങ്കുകള്‍ വന്നാല്‍ എന്താണ് കുഴപ്പമെന്ന് സംശയം തോന്നാം. അവര്‍ക്ക് തോന്നും പോലെയാണ് പലിശ. നിക്ഷേപത്തിന് ഇപ്പോള്‍ കേരളത്തിലെ സഹകരണ ബാങ്കുകള്‍ നല്‍കുന്നത് 7 ശതമാനമാണ്. മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ സംഘങ്ങള്‍ 13 ശതമാനവും. തൊഴിലില്ലാത്ത അഭ്യസ്ത വിദ്യരായ യുവത കേരളത്തില്‍ ഏറെയുണ്ട്. അവര്‍ക്ക് നല്ല കമ്മീഷന്‍ വാഗ്ധാനം ചെയ്ത് മള്‍ട്ടി സ്‌റ്റേറ്റ് സംഘങ്ങള്‍ നിക്ഷേപം ക്യാന്‍വാസ് ചെയ്യും. അവ മറ്റ് സംസ്ഥാനങ്ങളില്‍ ബിസിനസിന് ചെലവഴിക്കും. കേരളത്തിലെ നിക്ഷേപം മറ്റിടത്തേക്ക് പോകുന്നുവെന്നതാണ് ഇതില്‍ ഒരു പ്രശ്‌നം. ഇനി ഇത്തരം സംഘങ്ങള്‍ പൊളിഞ്ഞുപോയാല്‍ കേന്ദ്രത്തില്‍ കേസിന് പോകണമെന്നതാണ് മറ്റൊരു പ്രശ്‌നം. ഇവിടുത്തെ സാധാരണക്കാര്‍ക്ക് അതിന് കഴിയില്ല. സംസ്ഥാനത്തെ സഹകരണ സംഘങ്ങള്‍ നല്‍കുന്ന നിക്ഷേപഗ്യാരന്റിയും അതിന് സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡും മള്‍ട്ടി സംഘങ്ങള്‍ക്കില്ല.അതായത് കേരളത്തിലെ ജനങ്ങള്‍ തട്ടിപ്പിനിരയാകുമ്പോള്‍ സംസ്ഥാനത്തെ സഹകാരികളും സര്‍ക്കാരും നിസ്സഹായരായി നില്‍ക്കേണ്ടിവരും. ഇത് മൊത്തം സഹകരണ മേഖലയുടെ വിശ്വാസ്യതയെ ബാധിക്കും.

ഇതിനൊക്കെ അപ്പുറം, സഹകരണ മേഖലയ്ക്ക് ഒരു രാഷ്ട്രീയമുണ്ട്. അതൊരു ജനാധിപത്യ സാമ്പത്തിക സംവിധാനത്തിന്റെ മഹനീയ മാതൃകയാണ്. ജനങ്ങളുടെ കൂട്ടായ്മയാണ് സഹകരണ സംഘങ്ങള്‍. സംഘങ്ങള്‍ പിടിച്ചെടുത്ത് രാഷ്ട്രീയമേധാവിത്വം നേടുകയെന്നത് അമിത് ഷാ ഗുജാറാത്തില്‍ പരീക്ഷിച്ച് വിജയിച്ച മാതൃകയാണ്. മഹാരാഷ്ട്രയും കേരളവും സഹകരണ മേഖലയിലൂടെ പിടിക്കാന്‍ ബി.ജെ.പി. ലക്ഷ്യമിട്ടുകഴിഞ്ഞുവെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. അതുകൊണ്ടാണ് അമിത് ഷാ കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ ചുമതലക്കാരനാകുമ്പോള്‍ ആശങ്കയുണ്ടാകുന്നത്. ഇത് അത്ര നിസ്സാരമല്ല. കൊല്ലാനുള്ള വരവാണെന്ന് കരുതിയിരിക്കണം. പൊരുതാനുള്ള ആയുധങ്ങള്‍ ആവനാഴിയില്‍ നിറയ്ക്കണം. സഹകരണമെന്നത് എല്ലാ അര്‍ത്ഥത്തിലും സംഘശക്തിയുടെ പ്രതീകമാണെന്ന് ബോധ്യപ്പെടുത്താനാകണം. കാരണം, ഇതും നാടിന്റെ നന്മയ്ക്കുവേണ്ടിയുള്ള രാഷ്ട്രീയ പോരാട്ടം തന്നെയാണ്.

Related posts

കേന്ദ്രത്തിന്റെ സഹകരണ പദ്ധതികളില്‍ കേരളം ആശങ്കപ്പെടേണ്ട പലതും ഉണ്ട്

Kerala Cooperator

കേരളത്തിലെ സഹകരണ പ്രസ്ഥാനം ജനവിശ്വാസമാര്‍ജിച്ച സാമ്പത്തിക കൂട്ടായ്മ

Kerala Cooperator

‘കരുവന്നൂരില്‍ എന്ത് ചെയ്‌തെന്ന ചോദ്യത്തിന് ഇതാണ് ഉത്തരം’

Kerala Cooperator
error: Content is protected !!