Kerala Cooperator

മില്‍മയ്ക്ക് പേരുവിളിച്ച പ്രയാര്‍ ഇനി ഓര്‍മ്മ

മില്‍മയെ മലയാളിയുടെ സ്വന്തമാക്കിയ സഹകാരിയാണ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. മില്‍മയുടെ രൂപീകരണം മുതല്‍ ഏറെക്കാലം അതിന്റെ ചെയര്‍മാനായിരുന്നു പ്രയാര്‍. മില്‍മയ്ക്ക് ആ പേര് നല്‍കിയതും അദ്ദേഹമാണ്. ദീര്‍ഘ വീക്ഷണമുള്ള നായകനും, കാര്യശേഷിയുള്ള സഹകാരിയുമായിരുന്ന പ്രയാര്‍ ഇനി ദീപ്തമായ ഓര്‍മ്മയാണ്.

ശനിയാഴ്ച വൈകീട്ടോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍(73) അന്തരിച്ചു. ഓച്ചിറയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് ഹൃദയാഘാതമുണ്ടായത്. ഉടനെ വട്ടപ്പാറ എസ്.യു.ടി. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല.

അമൂല്‍ മാതൃകയില്‍ മില്‍മയ്ക്ക് രൂപം നല്‍കി അതിന്റെ നായകനായി പ്രയാര്‍ എത്തുമ്പോള്‍ ഒരു സാധാരണ രാഷ്ട്രീയക്കാരന്‍ മാത്രമായിരുന്നു അദ്ദേഹം. പക്ഷേ, വൈവിധ്യവല്‍ക്കരണം മാത്രമല്ല, വിപണന രീതിയിലും മില്‍മയില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നു. ‘മില്‍മ കേരള കണികണ്ട് ഉയരുന്ന നന്മ’ പരസ്യ സൃഷ്ടി പോലും അദ്ദേഹത്തിന്റെ കാലത്തുണ്ടായതാണ്. ക്ഷീരകര്‍ഷകന്റെ ക്ഷേമം മുതല്‍ വിപണിയുടെ സാധ്യതവരെ പഠിക്കുകയും പ്രായോഗികമായി നടപ്പാക്കുകയും ചെയ്ത സഹകാരിയായിരുന്നു അദ്ദേഹം.

2001-ല്‍ ചടയമംഗലത്തുനിന്ന് നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ഇടതുപക്ഷത്തിനൊപ്പം മാത്രം നിന്ന ചടയമംഗലത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രം 2001-ല്‍മാത്രമാണ് മാറിയത്. അത് പ്രയാറിനുവേണ്ടിയാണ്. ജനപ്രതിനിധി എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോഴും എല്ലാവരെയും ചേര്‍ത്തുനിര്‍ത്തി പദ്ധതി നിര്‍വഹണമെന്ന ഒരു സഹകാരിയുടെ കാഴ്ചപ്പാട് അദ്ദേഹം പാലിച്ചു. സഹകാരിയായ എം.എല്‍.എ. എന്നാണ് അടുപ്പമുള്ളവര്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായും പ്രയാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related posts

ബാലേട്ടന്‍ എന്ന സഹകരണ ജീവനക്കാരുടെ നല്ല സഖാവ്

Kerala Cooperator

പി.ആര്‍.; നാട്ടുവഴിയിലൂടെ നടന്ന ജനകീയ സഹകാരി

Kerala Cooperator
error: Content is protected !!