Kerala Cooperator

ബാലേട്ടന്‍ എന്ന സഹകരണ ജീവനക്കാരുടെ നല്ല സഖാവ്

ഹകരണ മേഖലയിലെ ജീവനക്കാര്‍ക്ക് ഇതുവരെ ഒരു കൂട്ടുകാരനുണ്ടായിരുന്നു. പറയുന്ന വാക്കുകള്‍ക്ക് നേരും, അതിന്റെ പ്രയോഗത്തിന് തീഷ്ണതയും സൂക്ഷിച്ചിരുന്ന നല്ല സഖാവ്. അതായിരുന്നു, കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ സ്ഥാപക നേതാക്കളില്‍ പ്രമുഖനും മുന്‍ സംസ്ഥാന സെകട്ടറിയുമായിരുന്ന പി.ബാലകൃഷ്ണന്‍. ജീവിതത്തിന്റെ ഏറിയകാലവും സമരകലുഷിതവും സൗഹൃദധാരാളിത്തവും സ്വന്തമാക്കി ബാലേട്ടന്‍ ഇനി സഹകരണ ജീവനക്കാര്‍ക്കിടയിലില്ല.

സഹകരണ ജീവനക്കാര്‍ക്ക് സംഘടനാബോധവും അവകാശ ബോധ്യവും ഉണ്ടാക്കി കൊടുക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച നേതാവാണ് ബാലേട്ടന്‍. ആര് എന്ത് പ്രശ്‌നം പറഞ്ഞാലും അത് അദ്ദേഹത്തിന്റെ കൂടിയാണെന്ന ബോധത്തോടെ അതില്‍ ഇടപെടുന്ന അപൂര്‍വ സംഘടനാനേതാക്കളില്‍ ഒരാളുകൂടിയാണ് അദ്ദേഹം. തട്ടിമാറ്റാന്‍ എളുപ്പമാണെന്നും ചേര്‍ത്തുപിടിക്കാനാണ് ഒരുസംഘടനാനേതാവ് ശ്രമിക്കേണ്ടത് എന്നതായിരുന്നു ബാലേട്ടന്റെ തിയറി. അത് ജീവിതത്തിലുടനീളം അദ്ദേഹം പാലിച്ചു.

കേരളത്തിലെ സഹകരണ ജീവനക്കാരെ സംഘടിപ്പിക്കുന്നത്തിനായി തന്റെ സര്‍വീസ് കാലമത്രയും പ്രവര്‍ത്തിച്ച ബാലേട്ടന്‍ 1961 ല്‍ നിലമ്പൂര്‍ ആസ്ഥാനമായി സഹകരണ മേഖലയിലെ ആദ്യ ട്രേഡ് യൂണിയന്‍ രജിസ്റ്റര്‍ ചെയ്തു. അതിലേക്ക് ജീവനക്കാരെ സംഘടിപ്പിച്ചു. ഭരണ സമിതികളുടെ ഇഷ്ടത്തിന് അനുസരിച്ച് ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധനവ് ലഭിക്കുന്ന കാലമായിരുന്നു അത്. അതിന് പ്രത്യേക മാനദണ്ഡമില്ല. വര്‍ദ്ദനവിന്റെ തോത് പോലും ഭരണസമിതിയുടെ ഇഷ്ടമനുസരിച്ചാകും. അതക് മൂന്നുരൂപയോ അഞ്ചു രൂപയോ ഒക്കെയാകും. അതിനെതിരെ ബാലേട്ടന്‍ ജീവനക്കാര്‍ക്ക് ഒപ്പം നിന്ന് പോരാടി. ജീവനക്കാരോടുള്ള വിവേചനം അനീതിയാണെന്ന് സംഘം ഭരണസമിതികെ ബോധ്യപ്പെടുത്താന്‍ നിരന്തരം ഇടപെട്ടു. ബാലേട്ടനടക്കമുള്ളവരുടെ ത്യാഗ പൂര്‍വമായ പ്രവര്‍ത്തന ഫലമാണ് സഹകരണ ജീവനക്കാര്‍ക്ക് തൊഴില്‍ സംരക്ഷണവും സേവന വ്യവസ്ഥ നേടിയെടുക്കാനായത്.

1975 ല്‍ അടിയന്തരാവസ്ഥക്കാലത്താണ് സഹകരണ ജീവനക്കാരുടെ സമര സംഘടനയായ കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ രൂപീകരിക്കുന്നത്. അസോസിയേഷന്റെ ജനറല്‍ കൗണ്‍സിലില്‍ നിന്നും ഇറങ്ങി പോന്ന ബാലേട്ടനടക്കമുള്ള നേതാക്കളാണ് യൂണിയന് രൂപം നല്‍കിയത്. പിന്നിട് സഖാക്കള്‍ സി.പി.ദാമോദരന്‍, പി.മൊയ്തു, കെ.സോമന്‍, തുടങ്ങയവരോടൊപ്പം സംഘടന കെട്ടിപ്പടുക്കുന്ന തില്‍ വലിയ പങ്കു വഹിച്ചു. എല്ലാ സഹകരണ ജീവനക്കാര്‍ക്കും സെക്ഷന്‍ 80 നടപ്പാക്കണം, പെന്‍ഷന്‍ അനുവദിക്കണം എന്നിങ്ങനെയുള്ള മുദ്രാവാക്യം ഉയര്‍ത്തിയത് ബാലേട്ടനും അന്നത്തെ യൂണിയന്‍ നേതാക്കളുമാണ്.

ആ മുദ്രാവാക്യങ്ങള്‍ സാക്ഷാത്കരിച്ച്, സഹകരണ ജീവനക്കാര്‍ അഭിമാനത്തോടെ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നതും കണ്ട ശേഷമാണ് ബാലേട്ടന്‍ ഈ ജീവിതത്തില്‍നിന്ന് വിടവാങ്ങിയത്. ഒരു സമരനേതാവിന് ഇതിനപ്പുറം സന്തോഷം വേറെന്തുണ്ടാവണം. മഞ്ചേരി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ അംഗം, മലപ്പുറം ജില്ലാ സഹകരണ മില്‍ക്ക് സപ്ലെ യൂണിയന്‍ ഭരണ സമിതി അംഗം എന്നീ നിലയിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. 1987 ല്‍ നിലമ്പൂര്‍ സഹകരണ അര്‍ബന്‍ ബാങ്കിന്റെ സെക്രട്ടറി തസ്തികയില്‍ നിന്നാണ് വിരമിച്ചത്.

Related posts

പി.ആര്‍.; നാട്ടുവഴിയിലൂടെ നടന്ന ജനകീയ സഹകാരി

Kerala Cooperator

മില്‍മയ്ക്ക് പേരുവിളിച്ച പ്രയാര്‍ ഇനി ഓര്‍മ്മ

Kerala Cooperator
error: Content is protected !!