Kerala Cooperator

പി.ആര്‍.; നാട്ടുവഴിയിലൂടെ നടന്ന ജനകീയ സഹകാരി

വെള്ളവസ്ത്രമണിഞ്ഞ് ഇടവഴിയിലൂടെ നടന്നപോകുന്ന ഒരു മനുഷ്യനെ ജനങ്ങളെ ചേര്‍ത്തുപിടിച്ച് കാസര്‍ക്കോട് ഉദുമയില്‍ സൃഷ്ടിച്ചത് ഒരു സഹകരണ വിപ്ലവമാണ്. അതില്‍ കോളേജും ബാങ്കും ഹോട്ടലും ബസ് സര്‍വീസും  പച്ചക്കറി വില്‍പനകേന്ദ്രവും വരെയുണ്ട്. ആ സഹകരണ വിപ്ലവകാരിയുടെ പേരാണ്  പി.രാഘവന്‍ എന്ന നാട്ടുകാരുടെ സ്വന്തം പി.ആര്‍. നടന്നുപോയ വഴിയിലെല്ലാം തനിക്കാവുന്ന നന്മകള്‍ ചെയ്ത ആ സഹകാരി, ജീവിതത്തില്‍നിന്ന് ആരോടും യാത്രപറയാതെ മടങ്ങിയപ്പോള്‍ അത് നാടിനെയാകെ കണ്ണുനനയിച്ചു. സി.പി.എം. നേതാവും ഉദുമ മുന്‍ എം.എല്‍.എ.യുമായിരുന്ന പി.ആര്‍.കഴിഞ്ഞദിവസമാണ് അന്തരിച്ചത്. 77 വയസായിരുന്നു.

വലുപ്പചെറുപ്പമില്ലാതെ ബന്ധം സൂക്ഷിക്കുന്ന അടിമുടി രാഷ്ട്രീയക്കാരനെന്നതാണ് അദ്ദേഹത്തെ വേറിട്ടതാക്കിയത്. ഉദുമ മണ്ഡലത്തോട് അത്രമേല്‍ ഇഴചേര്‍ന്നതായിരുന്നു പി.ആറിന്റെ ജീവിതം. മലയോരം മുതല്‍ കടലോരംവരെ വ്യാപിച്ചുകിടക്കുന്ന ഉദുമ നിയോജകമണ്ഡലത്തിന്റെ മുക്കിലും മൂലയിലുമുള്ള ചലനമറിയുന്ന വ്യക്തിത്വം. മണ്ഡലത്തിലെ ആരെയും പേരെടുത്ത് വിളിക്കാവുന്ന സൗഹൃദത്തിനുടമ.

സഹകരണ മേഖലക്ക് അതുല്യ സംഭാവന നല്‍കിയ സഹകാരിയാണ് പി.രാഘവന്‍. മുന്നാട് പിപ്പിള്‍സ് കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴിലെ മികച്ച കോളേജായി വളര്‍ത്തിയത് പി.രാഘവന്റെ സംഘാടകമികവിന് മറ്റൊരു സാക്ഷ്യമാണ്. ഇവിടെ 12 ലേറെ വകുപ്പുകളിലായി 1500 ലേറെ വിദ്യാര്‍ഥികള്‍ ഡിഗ്രി, പി.ജി. കോഴ്‌സുകളില്‍ പഠിക്കുന്നു. ജനപങ്കാളിത്തത്തോടെയാണ് പീപ്പിള്‍സ് കോളേജ് യാഥാര്‍ഥ്യമാക്കിയത്.  ‘മുന്നാട് രാഘവേട്ടന്‍’ എന്ന വിളിപ്പേരിന് പോലും ഈ ശ്രമം കാരണമായിട്ടുണ്ട്.

ചെങ്കള വിവേകാനന്ദ കോളേജ്, ബദിയഡുക്ക സഹകരണ കോളേജ് എന്നിവയും രാഘവന്‍ പ്രസിഡന്റായ എജ്യുക്കേഷന്‍ സൊസൈറ്റിയുടേതാണ്. മുന്നാട്ടെ സഹകരണ പരിശീലനകേന്ദ്രം (ജെ.ഡി.സി. കോഴ്‌സ്) സ്ഥാപിച്ചത് രാഘവന്‍ സംസ്ഥാന സഹകരണ യൂണിയന്‍ എക്‌സിക്യുട്ടീവ് അംഗമായിരിക്കെയാണ്. കാസര്‍കോട് ജില്ലാ സഹകരണ ബാങ്ക് ഡയറക്ടര്‍, സംസ്ഥാന സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, സംസ്ഥാന സഹകരണ ആസ്പത്രി ഫെഡറേഷന്‍ നിര്‍വാഹകസമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. കൊളത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക്, കാസര്‍കോട് ബ്ലോക്ക് വനിതാ സൊസൈറ്റി, ബേഡകം പട്ടികജാതി പട്ടിക വര്‍ഗ സഹകരണ സംഘം എന്നിവയുടെ രൂപവത്കരണത്തിനും നേതൃത്വംവഹിച്ചു. ഗ്രീന്‍ ലീഫ് എന്ന പേരില്‍ സഹകരണ ഹോട്ടലും രാഘവന്റെ നേതൃത്വത്തില്‍ ആരംഭിക്കുകയുണ്ടായി.

കാസര്‍കോട് എന്‍.ജി.കെ. പ്രിന്റിങ് സൊസൈറ്റി, മോട്ടോര്‍ തൊഴിലാളി സഹകരണ സംഘം (വരദരാജ പൈ ബസ്), കാസര്‍കോട് പീപ്പിള്‍സ് വെല്‍ഫെയര്‍ സഹകരണ സൊസൈറ്റി, ബേഡകം ക്ലേ വര്‍ക്കേഴ്‌സ് സഹകരണ സംഘം, കാസര്‍കോട് ആയുര്‍വേദ സഹകരണ സംഘം, പഴംപച്ചക്കറി ഹകരണ സംഘം, കാസര്‍കോട് ദിനേശ് ബീഡി സഹകരണ സംഘം എന്നിവയുടെ സ്ഥാപക പ്രസിഡന്റായിരുന്നു. മികച്ച സഹകാരിക്കുള്ള ഇ.നാരായണന്‍ സ്മാരക പുരസ്‌കാരം അടുത്തിടെയാണ് മുന്‍ മന്ത്രി ഇ.പി.ജയരാജന്‍ പി.രാഘവന് സമര്‍പ്പിച്ചത്.

കാരുണ്യപ്രവര്‍ത്തനങ്ങളിലും രാഘവന്‍ സജീവമായിരുന്നു. ചെങ്കള നായനാര്‍ ആസ്പത്രിയോടനുബന്ധിച്ച് കനിവ് പാലിയേറ്റീവ് സൊസൈറ്റി സ്ഥാപിച്ചത് രാഘവനാണ്. നുറുകണക്കിന് കിടപ്പ് രോഗികള്‍ക്ക് കനിവ് സൊസൈറ്റി സാന്ത്വനമേകുന്നു. മുന്നാട്ടെ കേരള കലാക്ഷേത്രവും ആരംഭിച്ചു.

Related posts

മില്‍മയ്ക്ക് പേരുവിളിച്ച പ്രയാര്‍ ഇനി ഓര്‍മ്മ

Kerala Cooperator

ബാലേട്ടന്‍ എന്ന സഹകരണ ജീവനക്കാരുടെ നല്ല സഖാവ്

Kerala Cooperator
error: Content is protected !!