Kerala Cooperator

സഹകരണ സാധ്യത പഠിക്കാന്‍ ഹിമാചല്‍ പഠനസംഘം കേരളബാങ്കില്‍

സഹകരണ വായ്പമേഖലയില്‍ കേരളത്തിന്റെ പരീക്ഷണങ്ങള്‍ പഠിക്കാന്‍ ഹിമാചല്‍ പ്രദേശില്‍നിന്ന് പ്രത്യേക സംഘം കേരളബാങ്കിലെത്തി. സംസ്ഥാന-ജില്ലാസഹകരണ ബാങ്കുകളെ ലയിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ കേരളബാങ്ക് രൂപീകരിച്ചത് രാജ്യത്തെ സഹകരണ മേഖലയാകെ ഉറ്റുനോക്കിയ പരീക്ഷണമായിരുന്നു. ഇതിന് പിന്നാലെയുണ്ടായ കോവിഡ് വ്യാപനം രാജ്യത്തെ സഹകരണ സ്ഥാപനങ്ങളെ കാര്യമായി ബാധിച്ചു. എന്നാല്‍, കോവിഡ് പ്രതിസന്ധിയെ മറികടക്കാനുള്ള സര്‍ക്കാരിന്റെ ഇടപെടലിന് സഹായകരമായി മാറുകയാണ് കേരളബാങ്ക് ചെയ്തത്.

കേരളത്തിന്റെ സഹകരണ മേഖലയിലെ ഇടപെടലും വായ്പ വിതരണത്തിലും കുടിശ്ശിക നിവാരണത്തിലും സ്വീകരിക്കുന്ന നടപടികളുമാണ് ഹിമാചല്‍ സംഘം അറിയാന്‍ ശ്രമിച്ചത്. ഷിംലയിലെ അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ കോഴ്‌സ് കോര്‍ഡിനേറ്റര്‍ ഉള്‍പ്പെടെ 17 അംഗ സംഘമാണ് ഇതിനായി കേരളബാങ്കിലെത്തിയത്. കോവിഡ് കാല അതിജീവനത്തില്‍ സഹകരണ മേഖല വഹിച്ച പങ്കിനെക്കുറിച്ചും, കുടിശ്ശിക നിവാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പഠനസംഘം വിശദമായി ചോദിച്ചറിഞ്ഞു.

കേരള ബാങ്ക് പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്കും വ്യക്തികള്‍ക്കും നല്‍കുന്ന വിവിധ വായ്പാ പദ്ധതികള്‍ മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ച് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം .പി.ഗഗാറിന്‍, ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ കെ.സി.സഹദേവന്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി പഠന സംഘം ചര്‍ച്ച നടത്തി. പഠനസംഘം ബാങ്കിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഹിമാചല്‍പ്രദേശിലെ പരമ്പരാഗത തൊപ്പിയും ഷാളും അണിയിച്ച് ആദരിച്ചു.
ബാങ്ക് ജനറല്‍ മാനേജര്‍മാരായ റോയി എബ്രഹാം, എ.അനില്‍കുമാര്‍, സി.സുനില്‍ ചന്ദ്രന്‍, ജില്‍സ്‌മോന്‍ ജോസ്, ടി.കെ. റോയ് , ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ, അനിത എബ്രഹാം, . വി.രവീന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഹിമാചല്‍ പഠന സംഘം കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം പി. ഗഗാറിനെ പരമ്പരാഗത തൊപ്പി അണിയിക്കുന്നു. ജനറല്‍ മാനേജര്‍മാരായ റോയി ഏബ്രഹാം, എ. അനില്‍കുമാര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വി.രവീന്ദ്രന്‍ ഹിമാചല്‍ പ്രതിനിധികള്‍ എന്നിവര്‍ സമീപം

 

Related posts

വാശിയോടെ പോരാട്ടം; മില്‍മ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് നേട്ടം

Kerala Cooperator

അംഗപരിമിതരായ സഹകരണ ജീവനക്കാര്‍ക്ക് 1000 രൂപ അലവന്‍സ്

Kerala Cooperator

നാലുവനിതകളുടെ പുസ്തകങ്ങളിറക്കി സഹകരണ വകുപ്പിന്റെ വനിതാ ദിനാഘോഷം

Kerala Cooperator
error: Content is protected !!