Kerala Cooperator

വായ്പ തിരിച്ചടവ് മുടക്കുന്നവര്‍ക്കെതിരെ ലുക്കഔട്ട് നോട്ടീസ് ഇറക്കരുതെന്ന് ഹൈക്കോടതി

വായ്പ തിരിച്ചടവ് മുടങ്ങുന്നവര്‍ക്കെതിരെ സ്വീകരിക്കുന്ന നടപടിയിലും നിയന്ത്രണം നിര്‍ദ്ദേശിച്ച് ഹൈക്കോടതി. വായ്പ തിരിച്ചടച്ചില്ലെന്ന കാരണത്താല്‍ എല്ലാവര്‍ക്കുമെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കരുത്. വിദേശ യാത്ര തടസ്സപ്പെടുത്തുന്ന വിധത്തില്‍ ഇത്തരം സര്‍ക്കുലര്‍ വ്യക്തികള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് ഹൈക്കോടതി ഈ നിര്‍ദ്ദേശം നല്‍കിയത്. ഇടപാടുകാരന്‍ പോലും അറിയാതെയാണ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കുക. വിമാനത്താവളത്തിലെത്തുമ്പോഴാണ് യാത്രവിലക്കുണ്ടെന്ന് പ്രശ്‌നം അറിയുന്നത്. ഇത്തരം നടപടി സ്വീകരിക്കേണ്ട ഘട്ടം ഏതാണെന്നും ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു.

വായ്പ തിരിച്ചടയ്ക്കാത്തതും രാജ്യതാല്‍പര്യത്തിനും പൊതുജന താല്‍പര്യത്തിനും ദോഷകരമെങ്കില്‍ മാത്രമേ കടക്കാര്‍ക്കെതിരെ പൊതുമേഖല ബാങ്കുകള്‍ക്ക് ലുക്ക് ഔട്ട് സര്‍ക്കുലര്‍ വഴി നടപടിയെടുക്കാന്‍ കഴിയൂവെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിദേശത്ത് പോകുന്നതുതടയാനായി കുടിശ്ശികയുള്ള എല്ലാവര്‍ക്കുമെതിരെ ഈ നടപടിയെടുക്കാന്‍ സാധ്യമല്ല. ബാങ്കും ഇടപാടുകാരും തമ്മിലുള്ള വാണിജ്യ കരാറുകള്‍ ലംഘിച്ചു എന്നതുകൊണ്ടുമാത്രം സാമ്പത്തിക താല്‍പര്യവും വിശാലമായ പൊതുതാല്‍പര്യവും ഹനിക്കപ്പെടുന്നില്ല. അത്തരം നിര്‍വചനം അനുവദിച്ചാല്‍ ബാങ്കുകള്‍ വാണിജ്യ താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടി പൗരന്റെ സ്വാതന്ത്ര്യം നിഷേധിക്കുന്ന സാഹചര്യമുണ്ടാകുമെന്ന് ജസ്റ്റിസ് വി.ജി.അരുണ്‍ വ്യക്തമാക്കി.

കൊല്ലത്തെ കശുവണ്ടി കയറ്റുമതി സ്ഥാപനത്തിന്റെ വായ്പയ്ക്ക് ജാമ്യം നിന്ന കൊല്ലം സ്വദേശി പ്രദീപ് കുമാറും കശുവണ്ടി സംസ്‌കരണ സ്ഥാപനത്തിന്റെ ഉടമയായ ഷിനാസും വെവ്വേറെ നല്‍കിയ ഹരജികള്‍ അനുവദിച്ചാണ് ഉത്തരവ്. ദുബായില്‍ പോകാന്‍ ഇവര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ലുക്ക് ഔട്ട് സര്‍ക്കലറിന്റെ പേരില്‍ യാത്ര തടഞ്ഞത് ചോദ്യം ചെയ്താണ് ഹര്‍ജി. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയനുസരിച്ച് നിയമപരമായ മാര്‍ഗത്തിലൂടെ അല്ലാതെ പൗരന്റെ സ്വാതന്ത്ര്യം തടയാനാവില്ലെന്ന് കോടതി പറഞ്ഞു. അപൂര്‍വ സാഹചര്യങ്ങളില്‍ മതിയായ കാരണമുണ്ടെങ്കില്‍ മാത്രം ലുക്ക് ഔട്ട് സര്‍ക്കുലര്‍ ആകാമെന്നാണ് കേന്ദ്ര മന്ത്രാലയത്തിന്റെ ഉത്തരവിലുള്ളതെന്നും ചൂണ്ടിക്കാട്ടി.

ബാങ്കുകള്‍ ഹരജിക്കാര്‍ക്കെതിരെ കടം ഈടാക്കാന്‍ നടപടി തുടങ്ങിയിരുന്നു. ബാങ്കുകളില്‍ നിന്നുള്ള ലുക്ക് ഔട്ട് സര്‍ക്കുലര്‍ അഭ്യര്‍ത്ഥന മാനിച്ചാണ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഇടപെട്ടതെന്നും നിയപടികളുടെ നിയമപരമായ ബാധ്യത അവര്‍ക്കാണെന്നും കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ വിശദീകരിച്ചു. മനപ്പുര്‍വം വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടി സാധിക്കുമെന്നായിരുന്നു ബാങ്കുകളുടെ വാദം. എന്നാല്‍, മനപ്പൂര്‍വം വീഴ്ച വരുത്തിയതായി പ്രഖ്യാപിക്കണമെങ്കില്‍ റിസര്‍വ് ബാങ്കിന്റെ നടപടിക്രമം അനുസരിച്ചുള്ള പ്രത്യേക പ്രഖ്യാപനം വേണം. ഇവിടെ അത് നിലവിലില്ല. ബാങ്കുകളുടെ അഭ്യര്‍ത്ഥന മാനിച്ച കടക്കാര്‍ക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ നടപ്പാക്കിയത് നിയമപരമല്ലെന്നും എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഹര്‍ജിക്കാരുടെ വിദേശ യാത്ര തടയരുതെന്നും കോടതി വ്യക്തമാക്കി. അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രിലായത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചു നടപടിയെടുക്കാന്‍ ബാങ്കുകള്‍ക്ക് തടസ്സമില്ലെന്ന് കോടതി വ്യക്തമാക്കി.

Related posts

പണമിടപാട് കുറയുന്നു; 71.7 ശതമാനവും ഡിജിറ്റലാകുന്നു

Kerala Cooperator

സഹകരണ ബാങ്കില്‍ സെര്‍വര്‍ ഹാക്കിങ് വഴി പണം തട്ടി നൈജീരിയന്‍ സംഘം

Kerala Cooperator

പൊതുമേഖല ബാങ്കുകള്‍ ലയിച്ചപ്പോള്‍ തഴുവീണത് 2,118 ശാഖകള്‍ക്ക്

Kerala Cooperator
error: Content is protected !!