Kerala Cooperator

സഹകരണ സംഘങ്ങള്‍ സംഭരിച്ചത് 17,000 മെട്രിക് ടണ്‍ നെല്ല്

  • സഹകരണ സംഘങ്ങള്‍ നെല്ല് സംഭരിക്കുന്നത് 17 വര്‍ഷങ്ങള്‍ക്ക് ശേഷം
  • ഒരുപഞ്ചായത്തില്‍ ഒന്നിലേറെ സംഘങ്ങള്‍ സംഭരിക്കുമ്പോള്‍ തുല്യമായ വിഭജനം

നെല്ലിന്റെ മുഴുവന്‍ മൂല്യത്തിനും സപ്ലൈകോ ഇന്‍ഷൂറന്‍സ് നടപ്പാക്കി പാലക്കാട് ജില്ലയില്‍ സഹകരണ സംഘങ്ങള്‍ കൂടി സംഭരണം തുടങ്ങിയതോടെ നെല്ലുസംഭരണം കൂടുതല്‍ ഊര്‍ജിതമായി. സര്‍ക്കാര്‍, സ്വകാര്യ മില്ലുകളും സഹകരണ സംഘങ്ങളും ഒക്ടോബര്‍ 21 വരെയുള്ള കണക്കു പ്രകാരം സംഭരിച്ചത് 17,000 മെട്രിക് ടണ്‍ നെല്ല്. ഇതില്‍ സഹകരണ സംഘങ്ങള്‍ മാത്രം രണ്ടുദിവസത്തില്‍ സംഭരിച്ചത് 30 മെട്രിക് ടണ്‍ നെല്ലാണ്. ഒക്ടോബര്‍ 20 മുതലാണ് സഹകരണ സംഘങ്ങള്‍ നെല്ലുസംഭരണം ആരംഭിച്ചത്. ആദ്യ ദിനത്തില്‍ ആലത്തൂര്‍, മുണ്ടൂര്‍, നല്ലേപ്പിള്ളി, പെരുമാട്ടി സംഘങ്ങളാണ് നെല്ല് ഏറ്റെടുത്തത്.

17 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായാണ് ജില്ലയില്‍ സഹകരണ സംഘങ്ങള്‍ നെല്ല് സംഭരിക്കുന്നത്. ഇതിന് മുന്‍പ് 20032004 കാലഘട്ടത്തിലാണ് സഹകരണ സംഘങ്ങള്‍ നെല്ല് ഏറ്റെടുക്കല്‍ നടത്തിയിട്ടുള്ളത്. കൂടുതല്‍ സ്വകാര്യ മില്ലുകള്‍ ഒന്നാം വിള നെല്ലുസംഭരണത്തിന് തയ്യാറാകാതെ വന്ന സാഹചര്യത്തിലാണ് സഹകരണ സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ നെല്ലുസംഭരണത്തിന് അനുമതി നല്‍കിയത്. പാലക്കാട് ജില്ലയിലാണ് ഇപ്രാവശ്യം സഹകരണ സംഘങ്ങള്‍ ആദ്യമായി നെല്ല് ഏറ്റെടുത്തത്. മറ്റു ജില്ലകളില്‍ കൊയ്ത്ത് തുടങ്ങിയിട്ടില്ല. ജില്ലയിലെ 94 സഹകരണ സംഘങ്ങളില്‍ 35 എണ്ണം നെല്ല് ഏറ്റെടുക്കുന്നതിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതില്‍ 24 സഹകരണ സംഘങ്ങള്‍ അനുവദിക്കപ്പെട്ട പാടശേഖരങ്ങളില്‍ നിന്നും നെല്ലുസംഭരണം ആരംഭിച്ചതായി സപ്ലൈകോ, സഹകരണ വകുപ്പ് അധികൃതര്‍ അറിയിച്ചു.

സപ്ലൈകോയുമായി സഹകരണ ബാങ്കുകള്‍ ഒപ്പു വെച്ച കരാര്‍ വ്യവസ്ഥകള്‍ അനുസരിച്ച് ഒരു പഞ്ചായത്തില്‍ ഒന്നില്‍ കൂടുതല്‍ സഹകരണ സംഘങ്ങള്‍ ഉണ്ടെങ്കില്‍ നെല്‍പ്പാടം തുല്യമായി വീതിച്ചു കൊടുക്കും. ഒരു പഞ്ചായത്തില്‍ ഒരു സൊസൈറ്റി പോലും ഇല്ലെങ്കില്‍ തൊട്ടടുത്ത പഞ്ചായത്തിലെ രജിസ്റ്റര്‍ ചെയ്ത സൊസൈറ്റിക്ക് നെല്ല് ശേഖരിക്കാവുന്നതാണ്. സംഭരിക്കുന്ന നെല്ലിന്റെ പൂര്‍ണ ഉത്തരവാദിത്തം സഹകരണ സംഘങ്ങള്‍ക്കായിരിക്കും. അനുവദിച്ച പാടശേഖരങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന നെല്ല് അളവിലും തൂക്കത്തിലും ഗുണത്തിലും കുറവു വരാതെ സൂക്ഷിക്കേണ്ട ഉത്തരവാദിത്തം സഹകരണ സംഘങ്ങള്‍ക്കാണ്.

തീപിടുത്തം, വെള്ളപ്പൊക്കം, മോഷണം, ശോഷിക്കല്‍, ഉണക്ക് തുടങ്ങിയ കാരണങ്ങളാല്‍ സംഭരിച്ച നെല്ലിനുണ്ടാകുന്ന നഷ്ടം പൂര്‍ണമായും കരാറുകാര്‍ വഹിക്കണം. ഇത്തരം അടിയന്തര ഘട്ടങ്ങളില്‍ സഹകരണ സംഘങ്ങള്‍ സംഭരിച്ച നെല്ലിന്റെ മുഴുവന്‍ മൂല്യത്തിന് സപ്ലൈകോ ഇന്‍ഷൂര്‍ ചെയ്യുന്നതാണ്. ഇന്‍ഷൂറന്‍സിന്റെ പ്രീമിയം അടയ്ക്കുന്നതിനായി ചെലവായ തുക കരാറുകാര്‍ വഹിക്കണം.

സഹകരണ സംഘത്തിന്റെ പാട്ണര്‍മാരുടെയോ ഡയറക്ടര്‍മാരുടെയോ രാജി അല്ലെങ്കില്‍ മരണം ഉണ്ടായാല്‍ സപ്ലൈകോയ്ക്ക് കരാര്‍ റദ്ദാക്കാവുന്നതാണ്. സഹകരണ സംഘത്തിന്റെ അവകാശികള്‍ക്കും പിന്തുടര്‍ച്ചക്കാര്‍ക്കും ഇത് ബാധകമായിരിക്കും. ഏറ്റെടുത്ത കരാര്‍ ജോലികള്‍ പൂര്‍ണമായോ ഭാഗികമായോ മറ്റൊരു കക്ഷിക്കും നല്‍കാന്‍ പാടില്ല.

നെല്ല് സ്വീകരിക്കുന്നതിനുള്ള ചാക്കുകള്‍ കരാറുകാര്‍ കര്‍ഷകര്‍ക്ക് സൗജന്യമായി നല്‍കണം. കടത്ത്, സംഭരണം, ഗുണനിലവാരം ഉറപ്പാക്കല്‍, പുഴുക്കുത്ത്, അരി നിറച്ചു നല്‍കുന്ന ചണച്ചാക്കുകളുടെ വില, കയറ്റുകൂലി ഉള്‍പ്പെടെയുള്ള ചെലവുകള്‍ ഇവര്‍ വഹിക്കേണ്ടതാണ്. കര്‍ഷകര്‍ക്ക് നെല്ല് കൈപ്പറ്റ് രസീത് (പി.ആര്‍ എസ് ) ലഭ്യമാക്കാന്‍ ഇ പോസ് മെഷീനുകള്‍ സഹകരണ സംഘങ്ങള്‍ ഏര്‍പ്പാടു ചെയ്യേണ്ടതാണ്. സംഭരണശാലകളിലുള്ള നെല്ലിന്റെ സ്റ്റോക്കില്‍ കുറവുള്ളതായി കണ്ടെത്തിയാല്‍ അത്തരം വീഴ്ചകള്‍ക്ക് കരാറിലെ മറ്റ് വ്യവസ്ഥകള്‍ക്ക് ഉപരിയായി സപ്ലൈകോയ്ക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്താനുള്ള അധികാരം ഉണ്ടായിരിക്കും. കരാര്‍ കാലാവധി കരാര്‍ ഒപ്പുവെക്കുന്ന തിയ്യതി മുതല്‍ ഒന്നാം വിളവെടുപ്പ് കാലത്തേയ്ക്ക് മാത്രമാണ്. നിലവിലുള്ള നിരക്കും നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് മൂന്ന് മാസത്തേക്ക് കൂടി കരാര്‍ ദീര്‍ഘിപ്പിക്കാന്‍ സപ്ലൈകോയ്ക്ക് അധികാരമുണ്ടായിരിക്കും.

Related posts

ജപ്തി കുറ്റമായി; മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് സി.ഇ.ഒ. രാജിവെച്ചു

Kerala Cooperator

 സഹകരണത്തിൽ കൂടുതൽ നിയന്ത്രണം കൊണ്ടു വരുന്നു; ഇ- രജിസ്‌ട്രേഷനായി ചട്ടങ്ങള്‍ രൂപപ്പെടുത്തും

Kerala Cooperator

മത്സ്യഫെഡ് രക്ഷയാകുമോ; തീരത്ത് കണ്ണീരിന്റെ തിരമാല

Kerala Cooperator
error: Content is protected !!