Kerala Cooperator

കടല്‍ കടക്കാന്‍ നേന്ത്രക്കായ; ട്രയല്‍ കയറ്റുമതി അടുത്ത മാര്‍ച്ചില്‍

  • ആദ്യഘട്ടത്തില്‍ കടല്‍മാര്‍ഗം ലണ്ടനിലേക്ക്
  • തൃശൂരിലെ പത്ത് കര്‍ഷകരില്‍നിന്ന് കയറ്റുമതിക്കുള്ള കുല വാങ്ങും

    കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന നേന്ത്രക്കായകള്‍ കടല്‍കടക്കാനൊരുങ്ങുന്നു. ആദ്യ ഘട്ടത്തില്‍ നേന്ത്രക്കായ ലണ്ടനിലേക്ക് അയക്കാനുള്ള നടപടികളാണ് പുരോഗമിക്കുകയാണ്. വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ കേരളയുടെ സീഷിപ്പ്‌മെന്റ് പ്രോട്ടോകോള്‍ പ്രകാരമാണ് ലണ്ടനിലേക്ക് ട്രയല്‍ കയറ്റുമതി നടത്തുക.കേരളത്തിലെ കയറ്റുമതി ഏജന്‍സിയുമായി ബന്ധപ്പെട്ട് 2025 ദിവസം കൊണ്ട് നേന്ത്രക്കായ ലണ്ടനില്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി കര്‍ഷകര്‍ക്കും കയറ്റുമതിക്കാര്‍ക്കും വേണ്ട സൗകര്യങ്ങള്‍ വിഎഫ്പിസികെ ഒരുക്കും.

    ചരക്ക് വിമാനം വഴി നടത്തുന്ന കയറ്റുമതിയേക്കാള്‍ ഏറെ ചെലവ് കുറവും ലാഭകരവുമാണ് കടല്‍ മാര്‍ഗമുള്ള കയറ്റുമതി. ആദ്യഘട്ടത്തില്‍ ഒരു കണ്ടൈനര്‍ (10 ടണ്‍) നേന്ത്രക്കായ അടുത്ത വര്‍ഷം മാര്‍ച്ചില്‍ കയറ്റി അയയ്ക്കും. ഇത് വിജയിച്ചാല്‍ കേരളത്തിലെ ഉല്‍പ്പന്നങ്ങള്‍ക്ക് വിദേശ വിപണി കണ്ടെത്തുന്നതോടൊപ്പം കാര്‍ഷിക മേഖലയില്‍ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിക്കും.
    തൃശൂര്‍ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 10 കര്‍ഷകരില്‍ നിന്നാണ് കയറ്റുമതിക്കാവശ്യമായ നേന്ത്രക്കായ ശേഖരിക്കുക. കഴിഞ്ഞ ജൂലായില്‍ നട്ട തൈകള്‍ അടുത്ത ഫെബ്രുവരിയില്‍ വിളവെടുത്ത ശേഷം കയറ്റിയയയ്ക്കും. മാര്‍ച്ചിലെ ട്രയല്‍ കഴിഞ്ഞാലുടന്‍ കൂടുതല്‍ നേന്ത്രക്കായ കയറ്റി അയയ്ക്കും.

    നേന്ത്രക്കുലകള്‍ 80 മുതല്‍ 85 ശതമാനം മൂപ്പില്‍ വിളവെടുക്കുകയും ഇത് കൃഷിയിടത്തില്‍ വച്ച് തന്നെ പടലകളാക്കി വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്ത് കറയോ, പാടുകളോ ഇല്ലാതെ കായ്കള്‍ പായ്ക്ക് ഹൗസില്‍ എത്തിക്കും. ഇവിടെ പ്രീകൂളിംഗിനും ശുദ്ധീകരണ പ്രക്രിയകള്‍ക്കും ശേഷം, കേടുപാടോ മറ്റു ക്ഷതങ്ങളോ വരാതെ ശ്രദ്ധയോടെ സംഭരിക്കും. ഇവ ഈര്‍പ്പം മാറ്റി കാര്‍ട്ടണ്‍ ബോക്‌സുകളിലാക്കി ആവശ്യമായ താപനില, ഊഷ്മാവ് എന്നിവ ക്രമീകരിച്ച് പ്രത്യേക കണ്ടെയ്‌നറുകളിലാക്കുന്നു. പായ്ക്ക് ഹൗസ് പരിചരണം കൃത്യമായി രേഖപ്പെടുത്തി സുതാര്യമായ ട്രെയിസബിളിറ്റി സംവിധാനവും, ക്യൂആര്‍ കോഡിംഗ് സംവിധാനവും വഴി ഉല്‍പ്പന്നത്തിന്റെ വിശ്വാസ്യത ഉറപ്പുവരുത്തും.

    വിദേശ കയറ്റുമതിയിലൂടെ കര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില കര്‍ഷകക്ക് ലഭിക്കും. കര്‍ഷകരുടെ ജീവിത നിലവാരം മെച്ചപ്പെടുകയും ചെയ്യും. ഈ പദ്ധതി വിജയകരമായാല്‍ കേരളത്തിലെ ഉത്പ്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്ത് കൂടുതല്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുനാകും. കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി വയനാട് ജില്ലയിലെ കമ്മനത്ത് പായ്ക്ക് ഹൗസ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ പരിയാരത്ത് പായ്ക്ക് ഹൗസിന്റെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തീകരിച്ച് പ്രവര്‍ത്തന സജ്ജമാക്കും. ഇടുക്കി ജില്ലയില്‍ ഒരു വെജിറ്റബിള്‍ അഗ്രോ പാര്‍ക്ക് സ്ഥാപിക്കാന്‍ വിശദമായ പ്രോജക്റ്റ് പ്രപ്പോസലും തയ്യാറാക്കി വരുന്നു

Related posts

കാര്‍ഷിക യന്ത്രവല്‍ക്കരണ പദ്ധതിയില്‍ സഹകരണ സംഘങ്ങളും

icooperator

കേരളബാങ്കിന്റെ ആദ്യബോര്‍ഡ് തീരുമാനമായി ‘കുട്ടി നിക്ഷേപം’

Kerala Cooperator

സഹകരണ സ്റ്റാര്‍ട്ടപ്പുമായി എന്‍.സി.ഡി.സി.

icooperator
error: Content is protected !!