Kerala Cooperator

കാട്ടുകനികള്‍ നാട്ടുവിഭവങ്ങളാക്കി ആദിവാസി കര്‍ഷകര്‍

ശര്‍ക്കര ചേര്‍ക്കാത്ത തേനും ഔഷധവീര്യം ചോരാത്ത കൂവയും ഇനി നാട്ടിലെത്തും. കാട്ടുകനികളും ആദിവാസി ഊരുകളിലെ കാര്‍ഷിക വിഭവങ്ങളും നാട്ടുല്‍പന്നങ്ങളാക്കാന്‍ അതിരപ്പിള്ളിയില്‍ സംസ്‌കരണ കേന്ദ്രം നിര്‍മ്മാണം തുടങ്ങി. വനവിഭവങ്ങള്‍ സംസ്‌കരിച്ച് ഒറ്റ ബ്രാന്‍ഡില്‍ വിപണയിലെത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ആദിവാസി ഊരുകളിലെ കര്‍ഷകരുടെ കൂട്ടായ്മയുണ്ടാക്കിയാകും ഉല്‍പന്നനിര്‍മ്മാണം.

അതിരപ്പിള്ളി ആദിവാസി മേഖലയിലെ കര്‍ഷകര്‍ക്ക് വേണ്ടി നടപ്പിലാക്കുന്ന ട്രൈബല്‍വാലി പദ്ധതിയുടെ ഭാഗമായാണ് കേന്ദ്രീകൃത സംസ്‌കരണ യൂണിറ്റ് തുടങ്ങിയത്.  കൃഷിയിടം മുതല്‍ ഗുണഭോക്താവിന്റെ കൈയില്‍ ഉത്പന്നം എത്തുന്നതുവരെയുള്ള എല്ലാ മേഖലകളെയും ഉള്‍പ്പെടുത്തി 10.01 കോടി രൂപ മുതല്‍ മുടക്കി മൂന്നു വര്‍ഷം കൊണ്ട് ഈ പദ്ധതി പൂര്‍ത്തീകരിക്കും. ആദിവാസി ഊരുകളില്‍ കൃഷി ചെയ്യുന്ന കുരുമുളക്, കാപ്പി,ഏലം, മഞ്ഞള്‍, കൂവ തുടങ്ങിയ കാര്‍ഷിക വിളകളുടെയും ആദിവാസി വിഭാഗം വനത്തില്‍ നിന്നും ശേഖരിക്കുന്ന തേന്‍, തെള്ളി, കാട്ടുകുടമ്പുളി തുടങ്ങിയ വനവിഭവങ്ങളുടെയും സംസ്‌ക്കരണവും മൂല്യവര്‍ധനവും പാക്കിങും അതിരപ്പിള്ളിയില്‍ ആരംഭിക്കുന്ന സെന്‍ട്രല്‍ പ്രൊസസിംഗ് യൂണിറ്റിലൂടെ സാധ്യമാകും.

ജൈവ കൃഷി സാക്ഷ്യപത്രവും റെയിന്‍ ഫോറെസ്റ്റ് അലയന്‍സ് സെര്‍ട്ടിഫിക്കേറ്റും ഉള്‍പ്പെടെ എല്ലാ അന്താരാഷ്ട്ര ഗുണനിലവാരവും പാലിച്ചുകൊണ്ട് ഉല്‍പനങ്ങള്‍ വിപണിയിലെത്തിക്കുീ. റീബില്‍ഡ് കേരള ഇനീഷ്യേറ്റീവില്‍ നിന്നുള്ള ഫണ്ട്, കൃഷി വകുപ്പിന്റെ മറ്റു പദ്ധതികളിലൂടെ ലഭിക്കുന്ന ഫണ്ടുകള്‍, യു.എന്‍ ഡി.പി, പട്ടികവര്‍ഗ്ഗ വികസന വകുപ്പുകളുടെ ഫണ്ടുകള്‍ ഏകോപിച്ചു കൊണ്ടും പട്ടിക വര്‍ഗ്ഗ വകുപ്പ്, വനം, സഹകരണ വകുപ്പുകളുടെ സഹകരണത്തോടെയുമാണ് പദ്ധതി നടപ്പിലാക്കുക.

ജൈവികമായ ഉല്‍പന്നങ്ങളാണ് ആദിവാസി മേഖലയില്‍ നിന്ന് എത്തുന്നത്. പരമ്പരാഗത കൃഷി രീതികളെ പിന്തുടര്‍ന്ന് തനത് രീതിയില്‍ തന്നെ ഉല്‍പാദിപ്പിക്കുന്നതും ഈ മേഖലയുടെ മാത്രമായ ഉല്‍പന്നങ്ങളും വിപണിയില്‍ എത്തേണ്ടതുണ്ട്. കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍, ആദിവാസികള്‍ ശേഖരിക്കുന്ന വനവിഭവങ്ങള്‍ തുടങ്ങിയവ ശാസ്ത്രീയമായി സംസ്‌കരിച്ച് മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി അവയെ പൊതു ബ്രാന്‍ഡാക്കി വിപണിയില്‍ എത്തിക്കും.

ഊരുകളിലെ കര്‍ഷകരെ ഉള്‍പ്പെടുത്തി കമ്പനി രൂപീകരിക്കുക, ഈ ഉത്പന്നങ്ങള്‍ ഒരു പൊതു ബ്രാന്റാക്കി ഗുണഭോക്താക്കളില്‍ എത്തിക്കുക, ഇതിലൂടെ വരുമാനം ഉറപ്പു വരുത്തി ആദിവാസി സമൂഹത്തിന്റെ ജീവത നിലവാരം മെച്ചപ്പെടുത്തുക, വിനോദ സഞ്ചാര മേഖല, വിമാനത്താവളങ്ങള്‍ എന്നിവടങ്ങളില്‍ ഉല്‍പന്നങ്ങള്‍ കൂടുതലായി എത്തിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

അതിരപ്പിള്ളിയിലെ ആദിവാസി മേഖലകളില്‍ നിന്നും കര്‍ഷര്‍ ഉല്‍പാദിപ്പിക്കുന്ന തനത് ഉല്‍പന്നങ്ങള്‍ ലോകോത്തര നിലവാരമുള്ള പൊതു ബ്രാന്റാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം.  പ്രൊസസ്സിംഗ് യൂണിറ്റിന്റെ നിര്‍മ്മാണം രണ്ടുമാസത്തിനകം പൂര്‍ത്തിയാക്കാന്‍ ഉദ്യോസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. – മന്ത്രി വി.എസ്. സുനിൽ കുമാർ

 

Related posts

ഇങ്ങ് കേരളത്തിലും ഒരുങ്ങുന്നു ഒരു ഡ്രാഗൺ ഫ്രൂട്ട് ഗ്രാമം

Kerala Cooperator

ചായ മുതല്‍ ബിരിയാണി വരെ; തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഊട്ടാന്‍ കുടുംബശ്രീ

Kerala Cooperator

‘സുഭിക്ഷകേരളം’ പദ്ധതിയിലെ വിളവില്‍നിന്ന് ആദ്യ കുത്തരി ബ്രാന്‍ഡും പിറക്കുന്നു.

Kerala Cooperator
error: Content is protected !!