Kerala Cooperator

 ആദായനികുതിയില്‍ സുപ്രീംകോടതി വിധി വിവരങ്ങള്‍ ഇങ്ങനെ

 ഹകരണ സംഘങ്ങള്‍ക്ക് ആദായനികുതി ഇളവ് റദ്ദാക്കിയുള്ള ആദായനികുതി ഉദ്യോഗസ്ഥരുടെ എല്ലാവാദങ്ങള്‍ക്കും ഉള്ള ഉത്തരമായി മാറുകയാണ് സുപ്രീംകോടതി വിധി. എന്താണ് സഹകരണ സംഘം, എന്തിനാണ് അവര്‍ക്ക് നികുതി ഇളവ് നല്‍കുന്നത്, ആരാണ് സഹകരണ സംഘത്തിലെ അംഗങ്ങള്‍, നോമിനല്‍ അംഗങ്ങള്‍ക്ക് വായ്പ നല്‍കുന്നത് നിയമവിരുദ്ധമാണോ എന്നുതുടങ്ങിയ എല്ലാ ചോദ്യങ്ങള്‍ക്കും സുപ്രീം കോടതി വിധി മറുപടി നല്‍കുന്നുണ്ട്.

ആദായനികുതിയില്‍ സഹകരണ സംഘങ്ങള്‍ക്ക് എതിരായി മാറായി ഹൈക്കോടതി ഫുള്‍ബെഞ്ചിന്റെ വിധിയില്‍ പരാമര്‍ശിച്ച കേസ് തന്നെ ഉദാഹരിച്ചാണ് സുപ്രീംകോടതി മറിച്ച് വിധി എഴുതിയത് എന്നതും കൗതുകകരമാണ്. സിറ്റസണ്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും ഹൈദരബാദ് ആദായനികുതി അസിസ്റ്റന്റ് കമ്മീഷ്ണറും കക്ഷികളായ കേസില്‍ സുപ്രീംകോടതി നല്‍കിയ ഒരുവിധിയാണ് കേരള ഹൈക്കോടതി ഉദ്ധരിച്ചത്. വിധിയുടെ അന്തസത്ത ഉള്‍കൊള്ളാത്ത ഉദ്ധരിക്കലായി അതെന്നാണ് സുപ്രീംകോടതി നിരീക്ഷിച്ചത്. വിധിയുടെ വിവരങ്ങള്‍ വിശദമായി നോക്കാം.

ആദായനികുതി ഉദ്യോഗസ്ഥർ വാദിച്ചത് 

ജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയതുകൊണ്ടുമാത്രം ഒരു പ്രാഥമിക കാര്‍ഷിക വായ്പ സംഘത്തെ അതായി കണക്കാക്കാനാകില്ല. അതിന് സംഘത്തിന്റെ പ്രവര്‍ത്തനം കൂടി വിലയിരുത്തണം. കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ നടത്തുന്നത് ബാങ്കിങ് ബിസിനസ്സാണ്. അതിനാല്‍, ആദായ നികുതിയില്‍ ഇളവുനല്‍കുന്നത് സംഘത്തിന്റെ സര്‍ട്ടിഫിക്കറ്റ് മാത്രം നോക്കിയാവരുതെന്നും പ്രവര്‍ത്തനം വിലയിരുത്തിയാവണമെന്നുമുള്ള കേരള ഹൈക്കോടതി ഫുള്‍ബെഞ്ചിന്റെ വിധി ശരിയായ രീതിയിലുള്ളതാണ്.

ഒരു സംഘത്തിന്റെ പ്രവര്‍ത്തനമാണ് അതിന് ആദായനികുതിയ്ക്ക് അര്‍ഹതയുള്ളതാക്കുന്നത്. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളില്‍ കാര്‍ഷിക വായ്പകള്‍ വളരെ പരിമതിമാണ്. കാര്‍ഷികേതര വായ്പകളാണ് ഏറെയും. മാത്രവുമല്ല, സംഘത്തിന്റെ ഇടപാടുകള്‍ പ്രധാനമായും നോമിനല്‍ അംഗങ്ങളുമായിട്ടാണ്. നോമിനല്‍ അംഗങ്ങളെന്നത് യഥാര്‍ത്ഥ അംഗങ്ങളല്ല. അത് പൊതുസമൂഹത്തിന് തുല്യമാണ്. പൊതുജനങ്ങളുമായി ബാങ്കിങ് ബിസനസ് ചെയ്യുന്നത് കാര്‍ഷിക വായ്പ സഹകരണ സംഘത്തിന്റെ പരിധിയില്‍ വരുന്ന കാര്യമല്ല. അത് ബാങ്കിങ് പ്രവര്‍ത്തനമാണ്. സഹകരണ ബാങ്കുകള്‍ക്ക് ആദായ നികുതി ഇളവ് നല്‍കുന്ന 80 (പി) വകുപ്പ് ബാധകമല്ലെന്ന് നിയമത്തില്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

സഹകരണ സംഘങ്ങള്‍ വാദിച്ചത്  

പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ അംഗങ്ങള്‍ക്കാണ് വായ്പ നല്‍കുന്നത്. അത് കാര്‍ഷിക വായ്പയാവണമെന്ന് ആദായ നികുതി ഇളവ് നല്‍കുന്ന 80(പി) (എ) (ഐ) വകുപ്പുകളില്‍ ഒരിടത്തും പറഞ്ഞിട്ടില്ല. 80(പി) നാലാം ഉപവകുപ്പ് കൂട്ടിച്ചേര്‍ത്തപ്പോഴാണ് പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്ക് ആദായ നികുതി ഇളവ് നിഷേധിക്കുന്ന സ്ഥിതിയുണ്ടായത്. എന്നാല്‍, നാലാം ഉപവകുപ്പില്‍ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്ക് നികുതി ഇളവ് നിഷേധിക്കുന്നില്ല. ഈ നിഷേധം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ തെറ്റായ നടപടിയിലൂടെയാണ് ഉണ്ടാകുന്നത്. 2008 മെയ് 9ന് ഇറക്കിയ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ സര്‍ക്കുലറില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. സഹകരണ ബാങ്കുകള്‍ക്ക് മാത്രമാണ് നാലാം ഉപവകുപ്പ് ബാധകമാകുന്നതെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.

ഹൈദരബാദിലെ സിറ്റിസണ്‍ സഹകരണ സംഘത്തിന്റെ കേസ് കേരള ഹൈക്കോടതി തെറ്റായി വ്യാഖ്യാനിച്ചാണ് നികുതി നിഷേധത്തിന് കാരണമായി വിധിപകര്‍പ്പില്‍ ഉദ്ധരിച്ചത്. അംഗങ്ങള്‍ക്ക് വായ്പ കൊടുക്കുന്നതിന് പകരം എല്ലാവിഭാഗം ജനങ്ങള്‍ക്കും അംഗങ്ങളെന്ന പരിഗണനപോലുമില്ലാതെ വായ്പ നല്‍കുകയാണ് സിറ്റിസണ്‍ സഹകരണ സംഘം ചെയ്തത്. പൊതുജനങ്ങളുമായി ഇത്തരത്തില്‍ ഇടപാടുനടത്തുന്നത് ബാങ്കിങ് ബിസനിസാണ്. റിസര്‍വ് ബാങ്കിന്റെ ലൈസന്‍സില്ലാതെ അത് ചെയ്യാനാവില്ല. അതിനാല്‍, നിയമവിരുദ്ധ പ്രവര്‍ത്തനമാണ് സിറ്റിസണ്‍ സഹകരണ സംഘം നടത്തിയത്. അക്കാരാണത്താലാണ് രജിസ്‌ട്രേഷന്‍ കൊണ്ടുമാത്രമല്ല, പ്രവര്‍ത്തനം കൂടി പരിശോധിച്ച് സഹകരണ സംഘത്തെ വിലയിരുത്തണമെന്ന് ആ കേസില്‍ സുപ്രീംകോടതി പറഞ്ഞത്. അത് തെറ്റായ രീതിയിലാണ് കേരള ഹൈക്കോടതി കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങളുടെ കാര്യത്തില്‍ ഉദ്ധരിച്ചത്. കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച് ഒരുതര്‍ക്കവും നിലവിലില്ല. ബാങ്കിങ് നിയന്ത്രണ നിയമം ലംഘിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്ന പരാതിയുമില്ല. പിന്നെ എങ്ങനെ ആദായനികുതി ഉദ്യോഗസ്ഥര്‍ നികുതി ഇളവ് നിഷേധിക്കുകയും വന്‍തുക നികുതി ചുമത്തുകയും ചെയ്യും.

സുപ്രീംകോടതി വിധിയില്‍ പറഞ്ഞത് 

വാണിജ്യ ബാങ്കുകള്‍ക്ക് തുല്യമായി ബാങ്കിങ് പ്രവര്‍ത്തനം നടത്തുന്നവയാണ് സഹകരണ ബാങ്കുകള്‍. പൊതുജനങ്ങളാണ് അവയുടെ ഇടപാടുകാര്‍. അത് ഒരിക്കലും പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളല്ല. ബാങ്കിങ് നിയന്ത്രണ നിയമത്തിന്റെ മൂന്നാം വകുപ്പിലും 56-ാം വകുപ്പിലും സഹകരണ ബാങ്ക് എന്നാല്‍ പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളല്ല എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. റിസര്‍വ് ബാങ്കിന്റെ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളാണ് സഹകരണ ബാങ്കുകളെന്ന് ബി.ആര്‍ ആക്ടിലെ 22(1)(ബി) വകുപ്പില്‍ വിശദമാക്കിയിട്ടുണ്ട്.

മാത്രവുമല്ല, കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ റിസര്‍വ് ബാങ്കിന്റെ ലൈസന്‍സിന് അപേക്ഷിച്ചപ്പോള്‍ 2013 ഒക്ടോബര്‍ 25ന് ആര്‍.ബി.ഐ. നല്‍കിയ കത്തില്‍ പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ക്ക് ബാങ്കിങ് ലൈസന്‍സ് വേണ്ടതില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇവ സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലാണ് ആര്‍.ബി.ഐ.യുടെ നിയന്ത്രണത്തിലല്ലെന്നും വിശദമാക്കിയിട്ടുണ്ട്.

സിറ്റിസണ്‍ സഹകരണ സംഘത്തിന്റെ കേസും അതിലുണ്ടായ കോടതിവിധിയും ആദായനികുതി ഉദ്യോഗസ്ഥര്‍ ആയുധമാക്കുമ്പോള്‍ വിധിയുടെ അന്തസത്ത ഉള്‍കൊണ്ടായിരിക്കണം. ആദായനികുതി നിയമത്തില്‍ ഒരിടത്തും കാര്‍ഷിക വായ്പ കൊടുക്കുന്ന സംഘങ്ങള്‍ക്കാണ് നികുതി ഇളവ് ബാധകമെന്ന് പറഞ്ഞിട്ടില്ല. കാര്‍ഷികം എന്ന വാക്ക് തിരുകി കയറ്റി സഹകരണ സംഘങ്ങള്‍ക്ക് നിയമം അനുവദിക്കുന്ന നികുതി ഇളവ് നിഷേധിക്കുന്നത് ശരിയായ നടപടിയല്ല. അതിനാല്‍, ഒരുനിയന്ത്രണമോ പരിമിതിയോ ചൂണ്ടിക്കാട്ടി സഹകരണ സംഘങ്ങള്‍ക്ക് 80(പി) ഇളവ് നിഷേധിക്കരുത്.

കേരള ഹൈക്കോടതി ഫുള്‍ബെഞ്ചിന്റെ വിധി തികച്ചും തെറ്റായ രീതിയലുള്ളതാണ്. അംഗങ്ങള്‍ക്ക് കാര്‍ഷികമോ കാര്‍ഷികേതരമോ ഏത് തരത്തിലുള്ള വായ്പ നല്‍കിയാലും സഹകരണ സംഘങ്ങള്‍ക്ക് നികുതി ഇളവിന് അര്‍ഹതയുണ്ട്. നോമിനല്‍ അംഗങ്ങളെ പൊതുജനങ്ങളായും അവരുമായുള്ള ഇടപാട് ബാങ്കിങ് പ്രവര്‍ത്തനമായും വ്യാഖ്യാനിക്കുന്നത് നിയമപരമല്ല. ആദായനികുതി നിയമത്തില്‍ ഒരിടത്തും സഹകരണ സംഘത്തിലെ അംഗങ്ങളെ നിര്‍വചിച്ചിട്ടില്ല. അതത് സംസ്ഥാനങ്ങളാണ് സഹകരണ നിയമം പാസാക്കുന്നത്. ആ നിയമത്തിലാണ് സഹകരണ സംഘത്തിലെ അംഗങ്ങളെ നിര്‍വചിച്ചിട്ടുള്ളത്. ആ നിര്‍വചനമാണ് ആദായ നികുതി നിയമവും അംഗീകരിക്കുന്നത്.

കേരള സഹകരണ സംഘം നിയമത്തില്‍ നോമിനല്‍ അംഗങ്ങളെയും അംഗങ്ങളായി തന്നെയാണ് കണക്കാക്കിയിട്ടുള്ളത്. ആന്ധ്രയിലെ നിയമത്തില്‍ അത്തരം വ്യവസ്ഥയില്ലാത്തതുകൊണ്ടാണ് സിറ്റിസണ്‍ സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനം നിയമവിരുദ്ധമാകുന്നത്. കേരള നിയമത്തില്‍ വകുപ്പ് 56 രണ്ടാം ഉപവകുപ്പില്‍ അംഗങ്ങളല്ലാത്തവര്‍ക്കും അവരുടെ നിക്ഷേപത്തിന്റെ ഗ്യാരന്റിയില്‍ വായ്പ നല്‍കാമെന്ന് പറഞ്ഞിട്ടുണ്ട്. അതിനാല്‍, അംഗങ്ങള്‍ക്കും അംഗങ്ങളല്ലാത്തവര്‍ക്കും വായ്പ കൊടുത്താലും എല്ലാ സഹകരണ സംഘങ്ങള്‍ക്കും ആദായ നികുതിയില്‍ ഇളവു നല്‍കണം. ഹൈക്കോടതി വിധി ഇതോടെ റദ്ദാക്കുന്നു. ഇത് സംബന്ധിച്ച് ഹൈക്കോടതിയുടെ പരിഗണനയിലുള്ള എല്ലാകേസുകളും ഈ വിധിയുടെ അന്തസത്ത ഉള്‍കൊണ്ട് തീര്‍പ്പാക്കണം.

Related posts

ചട്ടം ഭേദഗതി സഹകരണ ജീവനക്കാരുടെ അവകാശം കവർന്നെടുക്കുന്ന നടപടി

Kerala Cooperator

കൺസ്യൂമർഫെഡ് റംസാൻ ഫെസ്റ്റ് ഏപ്രിൽ നാല് മുതൽ കോഴിക്കോട് മുതലക്കുളത്ത് 

Kerala Cooperator

35 വർഷത്തിന് ശേഷം പുത്തൂർ സഹകരണ ബാങ്ക് ഭരണം എൽ.ഡി.എഫ്. തിരിച്ചുപിടിച്ചു

error: Content is protected !!