Kerala Cooperator

35 വർഷത്തിന് ശേഷം പുത്തൂർ സഹകരണ ബാങ്ക് ഭരണം എൽ.ഡി.എഫ്. തിരിച്ചുപിടിച്ചു

തൃശ്ശൂർ ഒല്ലൂരിലെ പുത്തൂർ സഹകരണ ബാങ്കിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പാനലിന് അട്ടിമറി വിജയം. പതിനൊന്നംഗ ഭരണസമിതിയിലേക്ക് മത്സരിച്ചവരിൽ മുഴുവൻ പേരും വിജയിച്ചു. 35 വർഷത്തിനുശേഷമാണ് എൽ.ഡി.എഫ്. ഭരണം തിരിച്ചുപിടിക്കുന്നത്. തുടർച്ചയായി കോൺഗ്രസ് ഭരണം നിലനിർത്തിവന്നിരുന്ന ബാങ്കിൽ കോടികളുടെ അഴിമതിയും തട്ടിപ്പും കണ്ടെത്തിയതിനെത്തുടർന്നാണ് ഏഴുവർഷംമുമ്പ് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയത്. നിക്ഷേപകർക്ക് മാത്രമായി നാൽപ്പതു കോടിയോളം രൂപ കൊടുത്തു തീർക്കാനുണ്ട്. എഴു വർഷമായി ആർക്കും മുതലും പലിശയും ലഭിച്ചിട്ടില്ല. വട്ടമെത്തിയ ചിട്ടി പ്രകാരം നൽകാനുള്ള തുക വേറെയും. അഴിമതി നടന്ന കാലഘട്ടത്തിൽ ബാങ്കിന്റെ ഡയറക്ടർമാരായിരുന്നവരിൽനിന്നുതന്നെ വായ്പ എടുത്ത ഇനത്തിൽ ബാങ്കിന് കോടികൾ തിരിച്ചുകിട്ടാനുണ്ട്. ഇതിനുവേണ്ടി വർഷങ്ങൾക്കുമുമ്പ് വിജിലൻസ് കോടതി ഉത്തരവിറക്കിയെങ്കിലും തുടർനടപടികളുണ്ടായില്ല.

അയ്യായിരത്തോളം നിക്ഷേപകർക്കാണ് പണം ലഭിക്കാനുള്ളത്. ഇവരിൽ രണ്ടുപേർ ഇപ്പോൾ എൽ.ഡി.എഫിന്റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ സഹകരണ മുന്നണിയുടെ പാനലിൽ വിജയിച്ചിട്ടുണ്ട്. പതിമൂവായിരത്തി അഞ്ഞൂറിലേറെ അംഗങ്ങളിൽ കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പിൽ 3,800 പേർ മാത്രമാണ് വോട്ടു ചെയ്തത്. ജനറൽ വിഭാഗത്തിൽ അജി മൂഞ്ഞനാട്ട്, ഓപ്പൻ ജോണി, ഡേവീസ് നടുവിൽ പീടിക, പി.ജി. ഷാജി, സെബി ചിറയത്ത്, കെ.എം. സോമൻ, എന്നിവരും വനിതാ സംവരണവിഭാഗത്തിൽ ഉഷാ ലോനപ്പൻ, ഓമനാ ഡേവിസ്, ജയാ ഗോപി, കെ.ടി. സന്തോഷ് (എസ്.സി. സംവരണം), റാഫി കുറ്റിക്കാടൻ (നിക്ഷേപസംവരണം) എന്നിവരുമാണ്‌ തിരഞ്ഞെടുക്കപ്പെട്ടത്തിരഞ്ഞെടുക്കപ്പെട്ടത്.

യു.ഡി.എഫിന്റെ പരാതിപ്രകാരം തിരഞ്ഞെടുപ്പ് നടന്ന പുത്തൂർ ഗവ. സ്കൂളിൽ ഹൈക്കോടതി നിർദേശപ്രകാരം കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. നിരീക്ഷകനായി ഉന്നതോദ്യോഗസ്ഥനെയും നിയോഗിച്ചിരുന്നു. തിരഞ്ഞെടുപ്പുഫലം അറിഞ്ഞതോടെ പുത്തൂരിൽ എൽ.ഡി.എഫ്. ആഹ്ലാദപ്രകടനം നടത്തി.

Related posts

പ്രയാർ രാഷ്ട്രീയത്തിന് അപ്പുറം വ്യക്തി ബന്ധമുള്ള സഹകാരി

Kerala Cooperator

അപ്രൈസര്‍ക്ക് യോഗ്യത നിശ്ചയിച്ചു; സ്ഥാനക്കയറ്റത്തിന് ഇനി പ്രവൃത്തി പരിചയം കണക്കാക്കില്ല

Kerala Cooperator

കെയര്‍ ലോണ്‍ തുണയായത് 85,661 കുടുംബങ്ങള്‍ക്ക്; നല്‍കിയത് 713.92 കോടി

Kerala Cooperator
error: Content is protected !!