Kerala Cooperator

വനിതകള്‍ക്ക് സംരംഭം തുടങ്ങാം; 60 ലക്ഷംവരെ കേരള ബാങ്ക് നല്‍കും സബ്‌സിഡിയോടെ

കേരളത്തിലെ സ്ത്രീകളുടെ തൊഴിലവസരവും, വരുമാനവും വര്‍ദ്ധിപ്പിക്കുന്നതിനും കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത വനിതകളിലൂടെ ഉറപ്പാക്കുന്നതിനുമായി 10 ല്‍ അധികം വായ്പകളാണ് കേരള ബാങ്ക് അനുവദിക്കുന്നത്. സ്വയം തൊഴില്‍ കണ്ടെത്താനും സൂക്ഷമ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ ആരംഭി ക്കുന്നതിനുമായി മഹിളാ ശക്തി സ്വയം തൊഴില്‍ സഹായ വായ്പാ പദ്ധതിയില്‍ ആറ് പ്രധാന വായ്പകളാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

വനിതാ സഹകരണ സംഘങ്ങളില്‍ അംഗങ്ങളായ സ്ത്രീകള്‍ക്ക് ഒറ്റക്കോ ഗ്രൂപ്പുകളായോ സ്വയം തൊഴില്‍ ആരംഭിക്കാന്‍ ഈ വായ്പ അനുവദിക്കുന്നതാണ്. ഫുഡ് കാറ്ററിംഗ് ബിസിനസ് തുടങ്ങാന്‍ ഒരു ലക്ഷം രൂപ വരെ അനുവദിക്കുന്ന അന്നപൂര്‍ണ്ണ വായ്പ, ബിസിനസ് ആവശ്യങ്ങള്‍ക്ക് 5 ലക്ഷം വരെ നല്‍കുന്ന ബിസിനസ്സ് വനിതാ വായ്പ , ബ്യൂട്ടിപാര്‍ലര്‍ , തയ്യല്‍ തുടങ്ങി ചെറുകിട സംരംഭങ്ങള്‍ക്ക് 2 ലക്ഷം വരെ നല്‍കുന്ന വനിതാ മുദ്രാ വായ്പ, സര്‍ക്കാര്‍ സംരംഭങ്ങളുടെ ഭാഗമായുള്ള ചെറുകിട സംരംഭങ്ങള്‍ക്ക് പദ്ധതിയുടെ 50 ശതമാനം വരെ വായ്പ അനുവദിക്കുന്ന വനിതാ വികസനവായ്പ , 45000 രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള സ്ത്രീകള്‍ക്ക് ഒരു ലക്ഷം രൂപ ലഭിക്കുന്ന ഉദ്യോ ഗിനി വായ്പ, ഗ്രാമീണ വനിതകള്‍ക്ക് ലഭിക്കുന്ന 50,000 രൂപയുടെ വനിതാ ശക്തികേന്ദ്ര പദ്ധതി തുടങ്ങിയവയാണ് പ്രധാനപ്പെട്ട മഹിള ശക്തി വായ്പകള്‍ .

സ്വയം സഹായ സംഘങ്ങളിലെ വനിതാ അംഗങ്ങള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ 20 ലക്ഷം രൂപ വരെ ലഭിക്കുന്ന സഹജ മൈക്രോ ഫിനാന്‍സ് വായ്പ കേരള ബാങ്കിന്റെ 769 ശാഖകളിലൂടെയും ലഭിക്കും. ഫിഷറീസ് വകുപ്പുമായി സഹകരിച്ച് സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വുമണിന്റെ കീഴിലുള്ള സ്വയം സഹായ സംഘങ്ങള്‍ക്ക് 2 ലക്ഷം രൂപ വരെ മത്സ്യബന്ധന മേഖലയിലെ അനുബന്ധ ആവശ്യങ്ങള്‍ക്ക് മൈക്രോ ഫിനാന്‍സ് വായ്പ അനുവദിക്കുന്നു.

അത്യാവശ്യ സാമ്പത്തിക ഘട്ടങ്ങളില്‍ ഗ്രാമീണ സ്ത്രീകളെ കൊള്ളപ്പലിശക്കാരില്‍ നിന്ന് രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച ഗ്രാമീണ ലഘു വായ്പാ പദ്ധതിയാണ് മുറ്റത്തെ മുല്ല.1000 രൂപ മുതല്‍ 25000 രൂപ വരെ കുടുംബശ്രീ മുഖേനയാണ് മുറ്റത്തെ മുല്ല വായ്പ അനുവദിക്കുന്നത്. കുടുംബശ്രീയില്‍ അംഗമായിട്ടുള്ള എസ്.എച്ച്.ജി. ഗ്രൂപ്പിലെ അംഗങ്ങളുടെ മക്കള്‍ക്ക് പഠനാവശ്യത്തിന് ലാപ്പ്‌ടോപ്, കമ്പ്യൂട്ടര്‍, ടാബ് ഇവ വാങ്ങുന്നതിന് പരമാവധി 50,000 രൂപ വരെ അനുവദിക്കുന്നതാണ്.

ചെറുകിട ഇടത്തരം സംരംഭ ആവശ്യങ്ങള്‍ക്കായി ഇരുചക്രവാഹനം ഉള്‍പ്പെടെയുള്ള ഇലക്ട്രിക് വാഹനം വാങ്ങുന്നതിന് പരമാവധി അഞ്ച് ലക്ഷം രൂപവരെ ഈടില്ലാതെ അനുവദിക്കുന്ന സുവിധ പ്ലസ് വായ്പയും വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള ബാങ്ക് നല്‍കുന്നു. കുടുംബശ്രീ, അയല്‍ക്കൂട്ടം ആക്ടിവിറ്റി ഗ്രൂപ്പുകളിലെ അംഗങ്ങളുടെ ഭക്ഷ്യസംസ്‌ക്കരണ സൂക്ഷ്മ വ്യവസായ സംരംഭങ്ങള്‍ക്ക് 60 ലക്ഷം രൂപ വരെ ലഭിക്കുന്നതാണ്. ഈ വായ്പയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ 35 ശതമാനം മൂലധന നിക്ഷേപ സബ്‌സിഡിക്ക് അര്‍ഹതയുണ്ട്. പരമാവധി 10 ലക്ഷം രൂപയാണ് സബ്‌സിഡിയായി ലഭിക്കുക.

വനിതാ സഹകരണ സംഘങ്ങള്‍ നേരിട്ട് നടത്തുന്ന സംരംഭങ്ങള്‍ക്ക് വര്‍ക്കിംഗ് ക്യാപിറ്റല്‍ ക്യാഷ് ക്രെഡിറ്റ്, സ്വര്‍ണപ്പണയ ക്യാഷ് ക്രെഡിറ്റ് എന്നിവയും കേരളബാങ്ക് നല്‍കുന്നു. കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍, ആക്ടിവിറ്റി ഗ്രൂപ്പുകള്‍ എന്നിവര്‍ ആരംഭിക്കുന്ന കാര്‍ഷികോത്പന്നങ്ങളുടെ പ്രാഥമിക സംസ്‌ക്കരണവുമായി ബന്ധപ്പെട്ട വായ്പകള്‍ക്ക് അഗ്രികള്‍ച്ചറല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ടില്‍ നിന്ന് മൂന്ന് ശതമാനം പലിശ ഇളവിനും അര്‍ഹതയുണ്ട്.

Related posts

ഗോവയിലെ സഹകരണ സംഘങ്ങള്‍ക്ക് നബാര്‍ഡ് വക 20കോടി

icooperator

ലേബര്‍ ഫെഡ് ചെയര്‍മാന്‍ അഡ്വ. മണ്ണടി അനില്‍ അന്തരിച്ചു

Kerala Cooperator

സഹകരണബാങ്കുകളിലെ ഒറ്റത്തവണ തീർപ്പാക്കൽ ഡിസംബർ 31 വരെ നീട്ടി

Kerala Cooperator
error: Content is protected !!