Kerala Cooperator

സഹകരണ സംഘങ്ങളിലെ  പ്യൂണ്‍, അറ്റന്റര്‍ നിയമനം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്  

ഹകരണ സംഘങ്ങളില്‍ പാര്‍ട് ടൈം സ്വീപ്പര്‍ ഒഴികെയുള്ള എല്ലാനിയമനങ്ങളും സഹകരണ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വഴിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. നിലവില്‍ ക്ലര്‍ക്ക് മുതല്‍ മുകളിലോട്ടുള്ള നിയമനങ്ങള്‍ മാത്രമാണ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വഴിയുള്ളത്. പ്യൂണ്‍, അറ്റന്റര്‍ തസ്തികയിലേക്ക് നിയമിക്കുന്നത് നിലവിലെ ഭരണസമിതിയാണ്. ഇത് മാറ്റി എല്ലാ നിയമനങ്ങളും റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വഴിയാക്കാനാണ് തീരുമാനം. ഇതിനുള്ള വ്യവസ്ഥകള്‍ നിയമത്തില്‍ ഉള്‍പ്പെടുത്താന്‍ സഹകരണ വകുപ്പ് തീരുമാനിച്ചു.

സഹകരണ സംഘങ്ങളില്‍ പ്യൂണ്‍ അറ്റന്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് പരീക്ഷ നടത്താന്‍ പ്രൊഫഷണല്‍ ഏജന്‍സികളെ സഹകരണ സംഘം രജിസ്ട്രാര്‍ എംപാനല്‍ ചെയ്യാറുണ്ട്. ഈ ഏജന്‍സികള്‍ പരീക്ഷ നടത്തി  റാങ്ക് പട്ടിക തയ്യാറാക്കി ഭരണസമിതിക്ക് നല്‍കും. ഇതില്‍നിന്ന് അഭിമുഖം നടത്തിയാണ് പ്യൂണ്‍, അറ്റന്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നത്. ഈ ഏജന്‍സികള്‍ തട്ടിപ്പ് നടത്തുന്നതായി സഹകരണ വിജിലന്‍സ് സമീപകാലത്ത് കണ്ടെത്തിയിരുന്നു.

പരീക്ഷ നടത്താതെ വ്യാജ റാങ്ക് പട്ടിക തയ്യാറാക്കി നല്‍കിയ ഒരു ഏജന്‍സിയെ രജിസ്ട്രാര്‍ അസാധുവാക്കി. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഈ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് എല്ലാ നിയമനങ്ങളും റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വഴിയാക്കാന്‍ സഹകരണ വകുപ്പ് തീരുമാനിച്ചത്.  പ്യൂണ്‍, അറ്റന്റര്‍മാരെ ക്ലര്‍ക്ക് തസ്തികയിലേക്ക് സ്ഥാനക്കയറ്റം നല്‍കാനുള്ള അധികാരവും ഭരണസമിതിക്കാണ്. അതിനാല്‍, പ്യൂണായി നിയമിച്ച് ക്ലാര്‍ക്കാക്കി മാറ്റുന്ന രീതിയാണ് സംഘങ്ങളിലുണ്ടായിരുന്നത്. ഇതില്‍ സ്ഥാനക്കയറ്റം നല്‍കാനുള്ള അധികാരം ഭരണസമിതിയില്‍നിന്ന് മാറ്റുന്നില്ല.

സഹകരണ സംഘങ്ങളില്‍ നിയമനം നേടുന്നവര്‍ക്ക് പോലീസ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കാനും കരട് ഭേദഗതിയില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ നിയമനങ്ങളിലെ സമാനരീതിയിലാകുമിത്. സഹകരണ സ്ഥാപനങ്ങള്‍ രാഷ്ട്രീയ നിയന്ത്രണത്തിലാണ്. കൊലപാതക കേസുകളില്‍ പ്രതികളായവരെ വരെ ഇത്തരം സ്ഥാപനങ്ങളില്‍ നിയമിക്കുന്നുണ്ട്. ഈ രീതി മാറും. നിയമനം സ്ഥിരപ്പെടണമെങ്കില്‍ പോലീസ് ക്ലിയറന്‍സ് ലഭിക്കണമെന്നാണ് കൊണ്ടുവരുന്ന വ്യവസ്ഥ.

Related posts

ആര്‍.ബി.ഐ.യ്‌ക്കെതിരെ കേരളം സുപ്രീംകോടതിയെ സമീപിച്ചു

Kerala Cooperator

ആള്‍ട്ടര്‍നേറ്റീവ് ടാക്‌സിളവ് സഹകരണ സംഘങ്ങള്‍ക്ക് ഗുണം ചെയ്യും

Kerala Cooperator

സഹകരണ ബ്രാന്‍ഡുകള്‍ക്ക് സുരക്ഷിത വിപണി; വ്യാജ വെളിച്ചെണ്ണ പിടിക്കാന്‍ ‘ ഓപ്പറേഷന്‍ ഓയില്‍’

Kerala Cooperator
error: Content is protected !!