Kerala Cooperator

ആദായനികുതി റിട്ടേൺ സമയം തീരുന്നു; ഇനി പിഴ 5000

ദായനികുതി റിട്ടേൺ പിഴകൂടാതെ സമർപ്പിക്കാനുള്ള സമയപരിധി ഞായറാഴ്ച അവസാനിക്കും. മുൻവർഷങ്ങളിലെപ്പോലെ ഇത്തവണയും തീയതി നീട്ടുമോ എന്ന് ഉറ്റുനോക്കുകയാണ് നികുതിദായകരും ചാർട്ടേഡ് അക്കൗണ്ടിങ് സ്ഥാപനങ്ങളും.

റിട്ടേൺ സമർപ്പിക്കുന്നതിന് നികുതി പോർട്ടലിലുണ്ടാകുന്ന തടസ്സങ്ങളും പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി തീയതി നീട്ടണമെന്ന് ട്വിറ്ററിലൂടെ കേന്ദ്ര പ്രത്യക്ഷനികുതി ബോർഡിനുമുന്നിൽ ഒട്ടേറെപ്പേർ ആവശ്യവുമായെത്തുന്നുണ്ട്. ഇത്തവണ തീയതി നീട്ടില്ലെന്നാണ് കേന്ദ്ര റവന്യു സെക്രട്ടറി തരുൺ ബജാജ് നേരത്തേ അറിയിച്ചിട്ടുള്ളത്. അക്കൗണ്ടിൽ ഓഡിറ്റിങ് ആവശ്യമില്ലാത്ത നികുതിദായകർക്കാകും ഈ തീയതി ബാധകമാകുക. നിശ്ചിതതീയതിക്കകം റിട്ടേൺ ഫയൽ ചെയ്തിട്ടില്ലെങ്കിൽ 5000 രൂപവരെയാണ് ലേറ്റ് ഫീ. മൊത്തം വരുമാനം അഞ്ചുലക്ഷം രൂപയിൽ താഴെയാണെങ്കിൽ പരമാവധിപിഴ 1000 രൂപയായിരിക്കും.

ശനിയാഴ്ച നാലുമണിവരെയുള്ള കണക്കുപ്രകാരം നികുതി റിട്ടേൺ നൽകിയവരുടെ എണ്ണം 4.78 കോടിയിലെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച 43 ലക്ഷം പേർ റിട്ടേൺ സമർപ്പിച്ചിരുന്നു. ശനിയാഴ്ച നാലുമണിവരെ 26,82,031 റിട്ടേണുകൾ ലഭിച്ചു. ഇതിൽ അവസാന മണിക്കൂറിൽ 3,97,792 റിട്ടേണുകളെത്തി. ജൂലായ് 20 വരെ 2.3 കോടി റിട്ടേണുകളാണ് സമർപ്പിക്കപ്പെട്ടത്. അതിനുശേഷം ഇതുവരെ 2.48 കോടി റിട്ടേണുകൾ സമർപ്പിക്കപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ വർഷം ഒമ്പതുശതമാനം വരുന്ന അമ്പതുലക്ഷത്തോളം റിട്ടേണുകൾ അവസാന ദിവസം സമർപ്പിക്കപ്പെട്ടു. ഇത്തവണയിത് ഒരു കോടിവരെയാകാൻ സാധ്യതയുണ്ടെന്ന് തരുൺ ബജാജ് പറഞ്ഞു.

കഴിഞ്ഞ സാമ്പത്തികവർഷം ആകെ 5.89 കോടി ഐ.ടി. റിട്ടേണുകളാണ് ലഭിച്ചത്. ഈ നിലയിലേക്കെത്താൻ ഇനി 1.11 കോടി റിട്ടേണുകൾകൂടി ലഭിക്കേണ്ടതുണ്ട്.

Related posts

ഓൺലൈൻ തട്ടിപ്പിൻ്റെ പുതിയ രീതി; കെ.എസ്.ഇ.ബി.യുടെ മെസേജ് വഴിയും പണം പോകും

വായ്പകള്‍ക്ക് തിരിച്ചടവ് കാലാവധി നീട്ടിനല്‍കാന്‍ നിര്‍ദ്ദേശിച്ച് ആര്‍.ബി.ഐ.

എ.ടി.എം. ഉപയോഗിക്കുന്നതിനുള്ള ചാര്‍ജ് കൂട്ടാന്‍ ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ. അനുമതി

Kerala Cooperator
error: Content is protected !!