Kerala Cooperator

കാസര്‍ക്കോട്ടും നിധി തട്ടിപ്പ്; രണ്ടുപേര്‍ അറസ്റ്റില്‍

യര്‍ന്ന പലിശ വാഗ്ധാനം ചെയ്ത നിക്ഷേപം സ്വീകരിച്ച നിധി കമ്പനികള്‍ ഓരോന്നായി പ്രതിസന്ധിയെ നേരിടുന്നു. നിക്ഷേപം തിരികെ കൊടുക്കാനാകാത്ത സ്ഥിതിയിലാണ് മിക്ക കമ്പനികളും. നിക്ഷേപതട്ടിപ്പിന്റെ പേരില്‍ ഒട്ടേറെ പരാതികളാണ് നിധികമ്പനികള്‍ക്കെതിരെ ഉയരുന്നത്. കണ്ണൂര്‍ അര്‍ബന്‍ നിധി കമ്പനിക്കെതിരെ 150 കോടിരൂപയുടെ തട്ടിപ്പ് പരാതിയാണ് പോലീസിന് ലഭിച്ചത്. ഇപ്പോള്‍ കാസര്‍ക്കാട് കുണ്ടംകുഴിയിലെ ഗ്ലോബല്‍ ബിസിനസ് ഗ്രൂപ്പ് നിധി ലിമിറ്റഡിന്റെ പേരിലും കോടികളുടെ തട്ടിപ്പ് നടന്നതായി വ്യക്തമാവുകയാണ്.

ഗ്ലോബല്‍ ബിസിനസ് ഗ്രൂപ്പ് നിധി ലിമിറ്റഡിന്റെ മറവില്‍ നടത്തിയ ഓണ്‍ലൈന്‍ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ചെയര്‍മാനും പണം പിരിച്ചു നല്‍കിയ ഏജന്റും പൊലീസ് പിടിയിലായി. ജി.ബി.ജി ചെയര്‍മാന്‍ കുണ്ടംകുഴി സ്വദേശി വിനോദ്കുമാര്‍, ഡയറക്ടറും ഏജന്റുമായ പെരിയയിലെ ഗംഗാധരന്‍ നായര്‍ എന്നിവരെയാണ് ബേഡകം എസ്.ഐ എം.ഗംഗാധരനും സംഘവും തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്.

വിനോദ് കുമാറിനെ കാസര്‍കോട്ടെ ലോഡ്ജില്‍ നിന്നും ഗംഗാധരന്‍ നായരെ കാസര്‍കോട് ടൗണില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. വിനോദ് കുമാര്‍ തിങ്കളാഴ്ച രാവിലെ കാസര്‍കോട് പ്രസ്‌ക്ലബില്‍ വാര്‍ത്താ സമ്മേളനം നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതിന് മുമ്പ് കസ്റ്റഡിയിലായി. ബേഡകം പൊലീസ് സ്റ്റേഷനില്‍ എത്തിച്ച പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. വിനോദ് കുമാറിന്റെ കൂടെ നാല് സുഹൃത്തുക്കളെയും കസ്റ്റഡിയില്‍ എടുത്തിരുന്നു.

ജി.ബി.ജി നിധിയുടെ മറവില്‍ 11 സ്ഥാപനങ്ങള്‍ ഇവര്‍ക്കുണ്ട്. കര്‍ണ്ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നും സംഘം പണം തട്ടിയിട്ടുണ്ട്. നിക്ഷേപത്തട്ടിപ്പെന്ന പരാതിയില്‍ 18 കേസുകള്‍ വിനോദ് കുമാറിനെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നതില്‍ 17എണ്ണത്തിലാണ് അറസ്റ്റ്. ഒരു കേസില്‍ ഇയാള്‍ ഹൈക്കോടതിയില്‍ നിന്നും സ്റ്റേ നേടിയിരുന്നു.

കാസര്‍കോട്, വയനാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നായി എണ്ണൂറ് കോടിയോളം രൂപ നിക്ഷേപമായി സ്വീകരിച്ച് തട്ടിപ്പ് നടത്തിയതായാണ് അറിയുന്നത്. ഒരു ലക്ഷം നിക്ഷേപിക്കുന്നവര്‍ക്ക് പത്തുമാസത്തിനുള്ളില്‍ പലിശയായി എണ്‍പതിനായിരം രൂപ വാഗ്ദാനം ചെയ്ത് ജി.ബി.ജി നിധി ലിമിറ്റഡ് രണ്ടു വര്‍ഷം മുമ്പാണ് കുണ്ടംകുഴിയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഗ്രാമീണ സൂപ്പര്‍ മാര്‍ക്കറ്റ് എന്ന സ്ഥാപനം തുടങ്ങി കോടികള്‍ വെട്ടിച്ച വിനോദ് കുമാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന വ്യക്തിയാണ്. സമാനരീതിയിലുള്ള കമ്പനികളോ ധനകാര്യ സ്ഥാപനങ്ങളോ തുടങ്ങാന്‍ പാടില്ലെന്ന കോടതി നിര്‍ദ്ദേശം ലംഘിച്ചാണ് ഇയാള്‍ പുതിയ പേരില്‍ സാമ്പത്തിക ഇടപാട് സ്ഥാപനം തുടങ്ങി കോടികള്‍ തട്ടിയത്. ജി.ബി.ജി നിക്ഷേപം സംബന്ധിച്ച് ബേഡകം പൊലീസ് സ്റ്റേഷനില്‍ കൂട്ടത്തോടെ പരാതികള്‍ വന്നതോടെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.

ബേഡകം പൊലീസ് അറസ്റ്റ് ചെയ്ത ഏജന്റും ജി.ബി.ജി നിധി ലിമിറ്റഡ് ഡയറക്ടറുമായ പെരിയയിലെ ഗംഗാധരന്‍ നായര്‍ കമ്പനിക്ക് വേണ്ടി അമ്പത് കോടി രൂപ പിരിച്ചു നല്‍കി. ആ വകയില്‍ കമ്മിഷനായി ഒരുകോടി രൂപയാണ് ഗംഗാധരന്‍ നായര്‍ക്ക് വിനോദ് കുമാര്‍ നല്‍കിയത്. 25 ലക്ഷം രൂപ കടബാദ്ധ്യത തീര്‍ക്കാന്‍ ഉപയോഗിച്ച ഇയാള്‍ ബാക്കിയുള്ള തുക കൊണ്ട് പുതിയ ആഡംബര വീട് പണിയുകയും ചെയ്തു.

 

Related posts

ആദ്യ സമ്പൂര്‍ണ ‘ഡിജിറ്റല്‍ ബാങ്കിങ്’ സംസ്ഥാനമാകാന്‍ കേരളം

Kerala Cooperator

ഡയല്‍ എ ലോണ്‍’ കാര്‍ഷിക വായ്പയുടെ നടപടികള്‍ ലഘൂകരിക്കാന്‍ നിര്‍ദ്ദേശം

Kerala Cooperator

സഹകരണ സംഘങ്ങളടക്കം നികുതി നല്‍കി; കേന്ദ്ര നികുതിപിരിവ് ലക്ഷ്യമിട്ടതിലും 1.31 ലക്ഷം കോടി രൂപ അധികം

Kerala Cooperator
error: Content is protected !!