Kerala Cooperator

അവകാശ പോരാട്ടത്തിന് മുന്നിട്ടിറങ്ങി സഹകരണ ജീവനക്കാര്‍

വിറ്റഴിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളും, തൊഴില്‍ സ്ഥിരതയില്ലാത്ത തൊഴിലിടങ്ങളും രാജ്യത്തുണ്ടാക്കുന്ന ആശങ്കയാണ് രണ്ടുദിവസത്തെ തൊഴിലാളി പണിമുടക്കിന് വഴിവെച്ചത്. ഈ അവകാശപ്പോരാട്ടത്തിന് കേരളത്തിലെ സഹകരണ ജീവനക്കാരും ഒത്തുചേര്‍ന്നു. സഹകരണ ജനാധിപത്യം തകര്‍ക്കുന്നതും, ഫെഡറല്‍ തത്വങ്ങളില്ലാതാക്കുന്നതുമായ കേന്ദ്രനയങ്ങളെ എതിര്‍ത്തുള്ള മുദ്രാവാക്യങ്ങളാണ് സഹകരണ ജീവനക്കാര്‍ സമരത്തിന്റെ ഭാഗമായി ഉയര്‍ത്തിയത്.

പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാരെ കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ് അഭിസംബോധന ചെയ്യുന്നു

കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ഏറെ ദിവസങ്ങള്‍ക്ക് മുമ്പുതന്നെ പണിമുടക്കിന്റെ മുന്നൊരുക്കങ്ങളും പ്രചരണങ്ങളും നടത്തിയിരുന്നു. എല്ലാജില്ലകളിലും ഏരിയാതലത്തിലും വിപുലമായ കണ്‍വന്‍ഷനാണ് നടത്തിയത്. സ്ത്രീകള്‍ കൂടുതലായി തൊഴിലെടുക്കുന്ന മേഖലയാണ് സഹകരണം. അതിനാല്‍, എല്ലാസംഘങ്ങളിലെയും സ്ത്രീജീവനക്കാരെ പങ്കെടുപ്പിച്ച് ജില്ലാതലത്തില്‍ വനിത കൂട്ടായ്മയും എംപ്ലോയീസ് യൂണിയന്‍ സംഘടിപ്പിച്ചിരുന്നു. ജനപ്രതിനിധികളും സംഘടനാനേതാക്കളും പൊതുപ്രവര്‍ത്തകരുമായി സ്ത്രീകളാണ് ഈ കൂട്ടായ്മ എല്ലായിടത്തും ഉല്‍ഘാടനം ചെയ്തത്.

പണിമുടക്കിൽ പങ്കെടുത്ത വനിതകൾ അടക്കമുള്ള സഹകരണ ജീവനക്കാർ കോഴിക്കോട് ഒത്തുചേർന്നപ്പോൾ

സഹകരണ സംഘങ്ങളുടെ അടിസ്ഥാന ജനതയും അത്താണിയാണെന്ന ബോധ്യം ഉള്‍കൊണ്ടാണ് എംപ്ലോയീസ് യൂണിയന്‍ സമരത്തിന് ആഹ്വാനം ചെയ്തത്. അതിനാല്‍, രണ്ടുദിവസത്തെ പണിമുടക്കില്‍ ജീവനക്കാര്‍ പങ്കെടുക്കുന്നതിനാല്‍ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്തവിധത്തില്‍ ക്രമീകരിക്കണമെന്ന് കാണിച്ച് യൂണിയന്‍ നേതാക്കള്‍ സഹകരണ സംഘം രജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇത് അംഗീകരിച്ചാണ് ശനി,ഞായര്‍ ദിവസങ്ങളില്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കാന്‍ രജിസ്ട്രാര്‍ അനുമതി നല്‍കിയത്.


സ്വന്തം നിലയില്‍ സമരസന്ദേശം പ്രചരണങ്ങള്‍ നടത്തിയതിനൊപ്പം സംയുക്ത ട്രേഡ് യൂണിയനുകളുടെ പരിപാടിയില്‍ സഹകരണ ജീവനക്കാര്‍ സജീവമായി പങ്കെടുത്തു. കോഴിക്കോട് മാനാഞ്ചിറയ്ക്ക് ചുറ്റും മനുഷ്യചങ്ങല തീര്‍ക്കാന്‍ മുന്നിട്ടിറങ്ങിയതും സഹകരണ എംപ്ലോയീസ് യൂണിയന്‍ പ്രവര്‍ത്തകരാണ്. പണിമുടക്കിന്റെ ആദ്യദിനം കോഴിക്കോട് പുതിയസ്റ്റാന്റ് പരിസരത്താണ് തൊഴിലാളികള്‍ ഒത്തുചേര്‍ന്നത്. പ്രകടനമായാണ് തൊഴിലാളികള്‍ ഇവിടെ എത്തിയത്. കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം.മെഹബൂബ് തൊഴിലാളികളെ അഭിസംബോധന ചെയ്തു.


സഹകരണ ആശുപത്രി തൊഴിലാളികള്‍ അവശ്യ സര്‍വീസ് ജോലിയിലായതിനാല്‍ പണിമുടക്കിന്റെ ഭാഗമായില്ല. പക്ഷേ, സമരത്തിനുള്ള ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് പ്രത്യേകമായി പരിപാടികള്‍ സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാസഹകരണ ആശുപത്രിയില്‍ സംഘടിപ്പിച്ച ഐക്യദാര്‍ഡ്യ പരിപാടി എംപ്ലോയീസ് യൂണിയന്‍ നേതാവ് ഇ.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. എ.കെ.അരുണ്‍ബാലു, എ.ജി.അജീഷ്, സി.സനല്‍ എന്നിവര്‍ സംസാരിച്ചു.

Related posts

കൈത്തറി തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായ പദ്ധതിക്ക് അപേക്ഷിക്കാം

Kerala Cooperator

കേരള കോഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ രജതജൂബിലി ആഘോഷം

Kerala Cooperator

അപകടം പതിയിരിക്കുന്നു; സഹകരണ മേഖലയ്ക്ക് മുഖ്യമന്ത്രിയുടെ ജാഗ്രത നിർദ്ദേശം

Kerala Cooperator
error: Content is protected !!