Kerala Cooperator

‘എനി ടൈം മണി’ തട്ടിപ്പ്: അക്കൗണ്ടുകള്‍ മരവിപ്പിക്കും; പരാതിയുമായി ജീവനക്കാരും

ര്‍ബന്‍ നിധി കമ്പനിയുടെ പേരിലുള്ള തട്ടിപ്പില്‍ കടുത്ത നടപടിയിലേക്ക് പോലീസ്. ഉയര്‍ന്നപലിശ വാഗ്ദാനംചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ കോഴിക്കോട് പാലാഴിയിലെ ‘എനി ടൈം മണി’ എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ പോലീസ് നടപടി തുടങ്ങി. നിധി കമ്പനിയുടെ സബ്‌സിഡറി യൂണിറ്റ് എന്ന പേരിലാണ് ‘എനി ടൈം മണി’ പ്രവര്‍ത്തിച്ചത്.

2020-ല്‍ തുടങ്ങിയ സ്ഥാപനത്തില്‍ ജീവനക്കാരെ നിയമിക്കണമെങ്കില്‍ പണം നിക്ഷേപിക്കണമെന്ന നിര്‍ദേശം കമ്പനി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നൂറിലധികംവരുന്ന ജീവനക്കാരടക്കം ലക്ഷങ്ങള്‍ കമ്പനിയില്‍ നിക്ഷേപിക്കുകയായിരുന്നു. എന്നാല്‍, പണം തിരികെ ചോദിച്ചപ്പോള്‍ ഉടമകള്‍ കൈമലര്‍ത്തുകയായിരുന്നെന്ന് ജീവനക്കാര്‍ പറയുന്നു.

രണ്ടുജീവനക്കാര്‍ പന്തീരാങ്കാവ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്‍സ്‌പെക്ടര്‍ എന്‍. ഗണേഷ് കുമാറിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാത്രി സ്ഥാപനത്തില്‍ പരിശോധന നടത്തിയിരുന്നു. രേഖകളും കംപ്യൂട്ടറുകളും പിടിച്ചെടുക്കുകയുമുണ്ടായി. ഇവ പരിശോധിച്ചുവരുകയാണെന്ന് പോലീസ് പറഞ്ഞു. പരാതി നല്‍കിയ ജീവക്കാരിലൊരാള്‍ 15 ലക്ഷവും രണ്ടാമത്തെയാള്‍ 22 ലക്ഷവുമാണ് നിക്ഷേപിച്ചത്. ജോലിക്കാര്‍ക്കുപുറമേ പലരില്‍നിന്നും നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് 11 ജീവനക്കാര്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ കഴിഞ്ഞദിവസം മൂന്നുപേര്‍ അറസ്റ്റിലായ കണ്ണൂര്‍ അര്‍ബന്‍ നിധി ലിമിറ്റഡിന്റെ അനുബന്ധസ്ഥാപനമാണ് ‘എനി ടൈം മണി’. കണ്ണൂരില്‍ നിക്ഷേപം നടത്തിയ കോഴിക്കോട്ടുകാരായ ആളുകള്‍ പരാതിയുമായെത്തുന്നുണ്ടെന്നും അത്തരം പരാതികള്‍ കണ്ണൂരിലേക്ക് അയക്കുമെന്നും പന്തീരാങ്കാവ് പോലീസ് പറഞ്ഞു.

 

Related posts

സംരംഭകർക്കായി കേന്ദ്രം പ്രഖ്യാപിച്ച എമർജൻസി വായ്‌പയ്ക്ക് ആവശ്യക്കാരില്ല

Kerala Cooperator

ബാങ്കുകളുടെ കടംകയറുന്നു; തിരിച്ചുപിടിക്കാനുള്ളത് 8.58 ലക്ഷം കോടി

Kerala Cooperator
error: Content is protected !!