Kerala Cooperator

സഹകരണസംഘങ്ങളില്‍നിന്ന് കേന്ദ്രം നേരിട്ട് വിവരംതേടുന്നു

ഹകരണ മേഖലയില്‍ സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നുവെന്ന ആക്ഷേപം നിലനില്‍ക്കെ നിര്‍ണായ നീക്കവുമായി കേന്ദ്രം. രാജ്യത്തെ സഹകരണ സംഘങ്ങളുടെ മുഴുവന്‍ വിവരങ്ങളും കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡേറ്റ സെന്ററിലേക്ക് മാറ്റാനുള്ള നടപടി തുടങ്ങി. ഇതിനായി സംസ്ഥാനത്തെ സഹകരണ സംഘങ്ങളില്‍നിന്ന് കേന്ദ്ര സഹകരണ ഏജന്‍സികള്‍ നേരിട്ട് വിവരം ശേഖരിച്ചുതുടങ്ങി. സംസ്ഥാന സര്‍ക്കാരിന് ഔദ്യോഗികമായി ഇത് സംബന്ധിച്ചുള്ള അറിയിപ്പ് നല്‍കാതെയാണ് നടപടി.

ഇതുവരെ അതത് സംസ്ഥാനത്തെ സഹകരണസംഘം രജിസ്ട്രാര്‍മാര്‍ മുഖേനയാണ് വിവരം ശേഖരിച്ചിരുന്നത്. അതിലാണ് ഇപ്പോള്‍ കേന്ദ്രം നേരിട്ട് ഇടപെടുന്നത്. ഇതിനായി നാഫെഡ് പോലുള്ള ദേശീയ ഏജന്‍സികള്‍വഴി നോട്ടീസ് അയച്ചുതുടങ്ങി. സഹകരണസ്ഥാപനത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ പ്രത്യേക ഫോര്‍മാറ്റിലുള്ള നോട്ടീസാണ് നാഫെഡ് നല്‍കിയിട്ടുള്ളത്. കേന്ദ്ര സഹകരണമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണിതെന്നും നോട്ടീസില്‍ പറയുന്നു.

നേരത്തേ ഇതുസംബന്ധിച്ച് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. നല്‍കേണ്ട വിവരങ്ങളില്‍ പല സംസ്ഥാനങ്ങളും എതിര്‍പ്പറിയിച്ചിരുന്നു. അതിനിടയിലാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. സംസ്ഥാനസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സഹകരണസ്ഥാപനങ്ങളില്‍ പരോക്ഷനിയന്ത്രണം കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ പരിഷ്‌കാരമെന്ന് കേരളം ആരോപിച്ചിരുന്നു. ഇതിനെരാഷ്ട്രീയവും നിയമപരവുമായി നേരിടുമെന്നാണ് സഹകരണ മന്ത്രി വി.എന്‍.വാസവന്‍ നിയമസഭയില്‍ പറഞ്ഞത്.

സംസ്ഥാനസര്‍ക്കാരിന് നേരത്തേ കേന്ദ്രം നല്‍കിയ കത്തില്‍ ഈ വിവരശേഖരണത്തെക്കുറിച്ച് വിശദമാക്കിയിട്ടുണ്ട്. സ്റ്റാറ്റിക്, ഡൈനാമിക് എന്നിങ്ങനെ രണ്ടുവിഭാഗങ്ങളായാണ് വിവരം നല്‍കേണ്ടതെന്നായിരുന്നു അതിലുണ്ടായിരുന്നത്. ഡിജിറ്റല്‍ പ്ലാറ്റ് ഫോമിന്റെ ഭാഗമായി തയ്യാറാക്കിയ മാതൃകാ ടെംപ്ലേറ്റും ഓരോന്നിലും നല്‍കേണ്ട വിവരങ്ങള്‍ എന്താണെന്നും വിശദീകരിച്ചിരുന്നു. ഇതില്‍ ഡൈനാമിക് വിഭാഗത്തില്‍ ജീവനക്കാരുടെയും ജോലിയുടെയും വിവരങ്ങള്‍, വരുമാനവും ചെലവും, ആസ്തിയും ബാധ്യതകളും, സാധനങ്ങളും സേവനങ്ങളും എന്നിങ്ങനെയാണുള്ളത്. ഒരു സഹകരണസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുള്ള രഹസ്യവിവരങ്ങളാണിവയെല്ലാം.

ഈ വിവരങ്ങള്‍ ആര് നല്‍കണമെന്നത് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശിക്കാമെന്നാണ് കേന്ദ്രം അറിയിച്ചത്. വകുപ്പുദ്യോഗസ്ഥര്‍, അപ്പെക്‌സ് സ്ഥാപന അധികാരികള്‍, സഹകരണയൂണിയന്‍, സംഘം ചീഫ് എക്‌സിക്യുട്ടീവ് എന്നിങ്ങനെ വിവരങ്ങള്‍ കൈമാറുന്നവരെ നിശ്ചയിക്കാം. സംസ്ഥാനങ്ങളുടെ സഹകരണഘടനയും പ്രവര്‍ത്തനരീതിയും വിലയിരുത്തി ഇക്കാര്യം നിര്‍ദേശിക്കാമെന്നാണ് കേന്ദ്രം അറിയിച്ചത്. ഇതിന് കേരളം മറുപടി നല്‍കിയിട്ടില്ല. ഇതോടെയാണ് കേന്ദ്ര അപ്പെക്‌സ് സ്ഥാപനങ്ങളെ ഉപയോഗിച്ച് നേരിട്ട് വിവരം ശേഖരിക്കുന്ന നടപടിയിലേക്ക് കേന്ദ്ര സഹകരണ മന്ത്രാലയം കടന്നത്.

 

Related posts

ദിനേശ് വരുന്നു ബിഗ് ഡേറ്റ സെന്ററുമായി

Kerala Cooperator

ചൂടിനെ നേരിടാന്‍ സഹകരണ ബാങ്കുകള്‍ തണ്ണീര്‍പന്തല്‍ ഒരുക്കുന്നു

Kerala Cooperator

നെല്‍ കര്‍ഷകര്‍ക്ക് അഞ്ചുദിവസം കൊണ്ട് പണം നല്‍കി കേരളബാങ്ക്; കാത്തിരിപ്പിച്ച് വാണിജ്യബാങ്കുകള്‍

Kerala Cooperator
error: Content is protected !!