Kerala Cooperator

രജിസ്ട്രാര്‍ വാഴാത്ത സഹകരണവകുപ്പ്; അഞ്ചാമനായി സുഭാഷ്

ഹകരണ സംഘം രജിസ്ട്രാര്‍ വീണ്ടും മാറി. അലക്‌സ് വര്‍ഗീസിനെ മാറ്റി ടി.വി.സുഭാഷിനെയാണ് നിയമിച്ചത്. ആളുറയ്ക്കാത്ത കസേരയാണ് ഇപ്പോള്‍ സഹകരണ സംഘം രജിസ്ട്രാറുടേതായിട്ടുള്ളത്. സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാകുമ്പോഴേക്കും അഞ്ചാമത്തെ രജിസ്ട്രാറായാണ് ടി.വി.സുഭാഷ് എത്തുന്നത്. അദ്ദേഹം ഇനി ഈ പദവിയില്‍ എത്രനാള്‍ തുടരുമെന്നാണ് അറിയേണ്ടത്.
കേരളബാങ്ക് രൂപീകരണത്തിന് മുമ്പുള്ളകാലത്ത് മാത്രമാണ് രജിസ്ട്രാര്‍ പദവിയില്‍ ഒരാള്‍ കുറച്ചുകാലമിരിക്കുന്നത്. അന്ന് പി.കെ.ജയശ്രിയായിരുന്നു രജിസ്ട്രാര്‍ ഒന്നരവര്‍ഷത്തിലേറെ അവര്‍ ആ പദവയില്‍ തുടര്‍ന്നു. റിസര്‍വ് ബാങ്കില്‍നിന്ന് അനുമതി നേടിയെടുക്കല്‍, ലയനത്തിന് ജില്ലാബാങ്കുകളുടെ പൊതുയോഗത്തിന്റെ അനുമതി ലഭിക്കല്‍, കേസുകളുടെ നടത്തിപ്പ് അങ്ങനെ ഒട്ടേറെ നടപടികള്‍ ഈ ഘട്ടത്തില്‍ പൂര്‍ത്തിയാക്കേണ്ടതുള്ളതിനാലാണ് രജിസ്ട്രാര്‍ പദവിയില്‍ ഇളക്കമുണ്ടാകാതിരുന്നത്. കേരളബാങ്ക് വന്നതോടെ പതിവ് ശീലം തുടങ്ങി.ഈ സര്‍ക്കാര്‍ വന്നതിന് ശേഷം നാല് രജിസ്ട്രാര്‍മാരാണ് മാറിയത്. ഡോ.നരംസിംഹൂഗരി ടി.എല്‍. റഡ്ഢിയായിരുന്നു ആദ്യ രജിസ്ട്രാര്‍. അദ്ദേഹത്തെ മാറ്റി പി.ബി. നൂഹിനെ നിയമിച്ചു. നൂഹിന് ആ പദവിയിലിരുന്ന് ഒന്ന് പഠിക്കാന്‍പോലും സമയം കിട്ടിയില്ല. ഇതിനിടയില്‍ തിരഞ്ഞെടുപ്പ് ചുമതലയുമായി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ടിവന്നു. തിരിച്ചുവന്ന് ചുമതലയേറ്റെങ്കിലും പൊടുന്നനെ മാറി. അഥീല അബ്ദുള്ള രജിസ്ട്രാറായി. മൂന്നമാസത്തോളണാണ് അവര്‍ രജിസ്ട്രാര്‍ സ്ഥാനത്തുണ്ടായത്. അതിന് ശേഷമാണ് അലക്‌സ് വര്‍ഗീസ് ഈ പദവയിലെത്തിയത്.

അലക്‌സ് വര്‍ഗീസ് ഔദ്യോഗിക പരിശീലനത്തിന് മസൂറിയിലേക്ക് പോയതിനാലാണ് ഇപ്പോഴത്തെ മാറ്റമെന്ന് വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സുഭാഷ് താല്‍ക്കാലികമായാണ് രജിസ്ട്രാര്‍ ചുമതല വഹിക്കുന്നതെന്നും ഇവര്‍ പറയുന്നു. എന്നാല്‍, അലക്‌സ് വര്‍ഗീസിനെ മാറ്റാനുള്ള നീക്കം കുറച്ചുനാളായി സഹകരണ വകുപ്പില്‍ നടക്കുന്നുണ്ട്. സഹകരണ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി പി.എസ്.രാജേഷിന് കണ്‍ഫേര്‍ഡ് ഐ.എ.എസ്. ലഭിക്കുമ്പോള്‍ മാറ്റുമെന്നും പ്രചരണമുണ്ടായിരുന്നു. എന്നാല്‍, അദ്ദേഹത്തിന് കണ്‍ഫേര്‍ഡ് ഐ.എ.എസ്. ലഭിച്ചില്ല. ഇതിന് പിന്നാലെയാണ് ടി.വി.സുഭാഷ് രജിസ്ട്രാറായി വരുന്നത്. സഹകരണ വകുപ്പിന്റെ വെബ് സൈറ്റില്‍ം രജിസ്ട്രാര്‍ സ്ഥാനത്തുനിന്ന് അലക്‌സ് വര്‍ഗീസിന്റെ ഫോട്ടോ മാറ്റിയിട്ടുണ്ട്. അതിനാല്‍, ഈ മാറ്റം താല്‍ക്കാലികമല്ലെന്ന് അനുമാനിക്കണം.

രജിസ്ട്രാര്‍മാരുടെ അടിക്കടിയുള്ള മാറ്റം സഹകരണ മേഖലയിലെ പദ്ധതികളെ ആകെ അവതാളത്തിലാക്കുന്നുണ്ട്. വലിയ പ്രഖ്യാപനത്തോടെ കൊണ്ടുവന്ന കോഓപ്പറേറ്റീവ് പ്രൊഡക്ട് ബ്രാന്‍ഡിങ് ആന്‍ഡ് മാര്‍ക്കറ്റിങ് പദ്ധതി പാതിവഴിയിൽ നിലച്ച അവസ്ഥയിലാണ്. നബാര്‍ഡിന്റെ അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ഫണ്ട് ഉപയോഗപ്പെടുത്തി 1000 കോടിയുടെ പദ്ധതിയാണ് സംഘങ്ങളിലൂടെ നടപ്പാക്കാന്‍ അലക്‌സ് വര്‍ഗീസ് നടപടി തുടങ്ങിയത്. ഇതും പാതിവഴിയില്‍ മുടങ്ങുന്ന സ്ഥിതിയാണ്. എന്തിനാണ് രജിസ്ട്രാര്‍ പദവിയിലെത്തുന്നവരെ നിലംതൊടാതെ ഒടിക്കുന്നത് എന്നതിന് സഹകരണ വകുപ്പാണ് വിശദീകണം നല്‍കേണ്ടത്.

Related posts

ആര്‍ബിഐക്കെതിരെയുള്ള നിയമ പോരാട്ടം; നടപടികള്‍  വേഗത്തിലാക്കി സഹകരണ വകുപ്പ്

Kerala Cooperator

സഹകരണ വകുപ്പിൽ  സ്റ്റാഫ് പാറ്റേണ്‍ പരിഷ്‌കരിക്കും; സ്ഥലമാറ്റ ചട്ടം കര്‍ശനമാക്കും

Kerala Cooperator

ജി-പേയ്ക്ക് പകരം സി-പേ; സഹകരണബാങ്കുകള്‍ക്കായി യു.പി.ഐ. സംവിധാനം വരുന്നു

Kerala Cooperator
error: Content is protected !!