Kerala Cooperator

മോറട്ടോറിയം കാലത്തെ ബാങ്കുകളുടെ കിട്ടാക്കടം 1.3 ലക്ഷം കോടി

കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞവര്‍ഷം മാര്‍ച്ച്ആഗസ്റ്റ് കാലയളവില്‍ വിവിധ വായ്പകള്‍ക്ക് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച മോറട്ടോറിയം മൂലം ബാങ്കുകള്‍ നേരിട്ട കിട്ടാക്കടബാദ്ധ്യത 1.3 ലക്ഷം കോടി രൂപ. മോറട്ടോറിയം കാലയളവിലെ വായ്പകള്‍ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നെങ്കിലും ഇത്തരം വായ്പകളുടെ കണക്ക് എടുക്കണമെന്ന് ബാങ്കുകളോട് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിരുന്നു.

റിസര്‍വ് ബാങ്കിന്റെ ഉത്തരവുള്ളതിനാല്‍ കിട്ടാക്കടത്തില്‍ മോറട്ടോറിയം വായ്പകളെ ബാങ്കുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ഡിസംബര്‍ 31ലെ കണക്കുപ്രകാരം ബാങ്കുകളുടെ മൊത്തം നിഷ്‌ക്രിയ ആസ്തി (ജി.എന്‍.പി.എ) 7.4 ലക്ഷം കോടി രൂപയാണ് (മൊത്തം വായ്പകളുടെ 7.1 ശതമാനം). മോറട്ടോറിയം വായ്പകളെ കൂടി ഇതിലുള്‍പ്പെടുത്തിയാല്‍ കിട്ടാക്കടം 8.7 ലക്ഷം കോടി രൂപയാകും (മൊത്തം വായ്പകളുടെ 8.3 ശതമാനം); വര്‍ദ്ധന 1.3 ലക്ഷം കോടി രൂപ.

അറ്റ നിഷ്‌ക്രിയ ആസ്തി (എന്‍.എന്‍.പി.എ) ഡിസംബര്‍ 31പ്രകാരം 1.7 ലക്ഷം കോടി രൂപയാണ് (1.7 ശതമാനം). മോറട്ടോറിയം വായ്പകള്‍ കൂട്ടിച്ചേര്‍ത്താല്‍ ഇത് മൊത്തം വായ്പകളുടെ 2.7 ശതമാനം അഥവാ 2.7 ലക്ഷം കോടി രൂപയാകും; വര്‍ദ്ധന ഒരുലക്ഷം കോടി രൂപ. അതായത്, ജി.എന്‍.പി.എയില്‍ 1.2 ശതമാനവും എന്‍.എന്‍.പി.എയില്‍ ഒരു ശതമാനവും വര്‍ദ്ധനയാണ് ബാങ്കുകള്‍ക്കുണ്ടായ അധിക ബാദ്ധ്യത.

അതേസമയം, നിലവില്‍ ബാങ്കുകളുടെ സാമ്പത്തികസ്ഥിതിയെ കിട്ടാക്കട പ്രതിസന്ധി ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍. അനുവദിച്ച വായ്പാത്തുകയുടെ 15 ശതമാനം കരുതല്‍ ധനമായി സൂക്ഷിക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശമുണ്ട്. മോറട്ടോറിയം വായ്പകളെ കിട്ടാക്കടമായി തരംതിരിക്കരുതെന്ന ഇടക്കാല വിധി സുപ്രീംകോടതി റദ്ദാക്കുമെന്ന പ്രതീക്ഷയോടെ മിക്ക ബാങ്കുകളും പ്രൊവിഷനിംഗ് ഇനത്തില്‍ വന്‍തുക നീക്കിവച്ചിട്ടുമുണ്ട്. കിട്ടാക്കടം തരണം ചെയ്യാന്‍ ലാഭത്തില്‍ നിന്ന് നിശ്ചിത തുക നീക്കിവയ്ക്കുകയാണ് ചെയ്യുക.

പിഴപ്പലിശ ബാദ്ധ്യത 14,000 കോടി

മോറട്ടോറിയം കാലത്തെ പലിശ മുഴുവനായി എഴുതിത്തള്ളണമെന്ന വാദം അംഗീകരിച്ചില്ലെങ്കിലും പിഴപ്പലിശ ഈടാക്കരുതെന്ന് ബാങ്കുകളോട് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടുകോടി രൂപവരെയുള്ള വായ്പകളുടെ പിഴപ്പലിശയിനത്തില്‍ 6,500 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ നേരത്തേ ഉപഭോക്താക്കള്‍ക്ക് മടക്കിനല്‍കിയിരുന്നു. എല്ലാ വായ്പകളുടെയും പിഴപ്പലിശ ഒഴിവാക്കണമെന്ന പുതിയ ഉത്തരവുപ്രകാരം 7,500 കോടി രൂപ കൂടി മടക്കിനല്‍കേണ്ടി വരും. ഇതോടെ, ഈയിനത്തിലെ മൊത്തം ബാദ്ധ്യത 14,000 കോടി രൂപയാകും.

Related posts

ഡിജിറ്റൽ പേയ്മെൻറുകൾ കുത്തനെ കൂടി; 6.39 ലക്ഷം കോടി

Kerala Cooperator

ഇന്ത്യയുടെ ഡിജിറ്റല്‍ കറന്‍സി ഉടനെത്തുമോ? ഇനിയും കടമ്പകള്‍

Kerala Cooperator

 ബാങ്ക് സ്വകാര്യവല്‍ക്കരണത്തിന് ഉപാധിവെച്ച് റിസര്‍വ് ബാങ്ക്

Kerala Cooperator
error: Content is protected !!