Kerala Cooperator

കേരളത്തിന്റെ നാടന്‍ പച്ചക്കറികള്‍ ലണ്ടന്‍ മാര്‍ക്കറ്റിലെ സൂപ്പര്‍ സ്റ്റാര്‍

കേരളത്തിലെ നാടന്‍ പച്ചക്കറികള്‍ക്ക് ലണ്ടന്‍ മാര്‍ക്കറ്റില്‍ പ്രീയക്കാരാകുന്നു. ലണ്ടനിലെ മലയാളികളുടെ വീടുകളില്‍ കേരളമണ്ണില്‍ വിളഞ്ഞ നാടന്‍ പച്ചക്കറികള്‍ ഓണത്തിനും മാവേലിക്കും മുമ്പേയെത്തി. ഒരു ടണ്‍ തനിനാടന്‍ പച്ചക്കറികളാണ് ചൂടപ്പം പോലെ ലണ്ടനിലെ സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെ വിറ്റഴിഞ്ഞത്.

വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലാണ് (വി.എഫ്.പി.സി.കെ) ലണ്ടനിലേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ പച്ചക്കറികള്‍ കയറ്റിഅയയ്ച്ചത്. വെള്ളരി, മത്തന്‍, കുമ്പളം, പടവലം, കോവയ്ക്ക, വാഴപ്പിണ്ടി, വാഴച്ചുണ്ട്, ചക്ക, നേന്ത്രപ്പഴം, ഞാലിപ്പൂവന്‍ എന്നിവ ഉള്‍പ്പെടെ 15 നാടന്‍ ഉത്പന്നങ്ങളുണ്ടായിരുന്നു; ഓണസദ്യ വിളമ്പാന്‍ വാഴയിലയും. തൃശൂരിലെ മറ്റത്തൂര്‍, മരോട്ടിച്ചാല്‍, എറണാകുളത്തെ പുത്തന്‍വേലിക്കര, കൊല്ലത്തെ എളമാട് എന്നിവിടങ്ങളിലെ സ്വാശ്രയ കര്‍ഷക വിപണികളില്‍ നിന്നാണ് കയറ്റുമതിക്ക് പച്ചക്കറികള്‍ സംഭരിച്ചത്.

ലണ്ടനിലെ കോണ്‍കോര്‍ഡ് ഗ്രീന്‍ എന്ന കമ്പനിയാണ് പച്ചക്കറികള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ എത്തിച്ചത്. ഈമാസം ആറിന് കയറ്റുമതി ചെയ്ത പച്ചക്കറികള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പൂര്‍ണമായി വിറ്റഴിഞ്ഞു. ആദ്യമായാണ് ലണ്ടനിലേക്ക് വി.എഫ്.പി.സി.കെ പച്ചക്കറി കയറ്റിയയച്ചത്. കോണ്‍കോര്‍ഡിന് പുറമെ രണ്ടു കമ്പനികള്‍ കൂടി പച്ചക്കറി ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥിരമായി ലണ്ടനിലേക്ക് കയറ്റുമതി നടത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

ലണ്ടനിലേക്ക് വി.എഫ്.പി.സി.കെ ഏതാനും മാസം മുമ്പ് 65 ടണ്‍ നേന്ത്രക്കായ കപ്പല്‍മാര്‍ഗം കയറ്റുമതി ചെയ്തിരുന്നു. ഗള്‍ഫിലേക്ക് വി.എഫ്.പി.സി.കെ പതിവായി പച്ചക്കറി കയറ്റുമതി ചെയ്യുന്നു. തേങ്ങ, ചേന, പടവലം തുടങ്ങിയവ പ്രതിദിനം ഒമ്പത് ടണ്‍ വീതമാണ് കയറ്റുമതി ചെയ്യുന്നത്.
മികച്ച ഡിമാന്‍ഡ് ഉള്ളതിനാല്‍ സ്ഥിരമായി ലണ്ടനിലേക്ക് കയറ്റുമതി നടത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വി.എഫ്.പി.സി.കെ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Related posts

നെല്ലിന് ജൈവകുമിൾനാശിനി പ്രോത്സാഹിപ്പിക്കാൻ നിർദേശം

Kerala Cooperator

നാടൻപശു ഇനങ്ങളുടെ സംരക്ഷണത്തിനും വ്യാപനത്തിനുമായി സർക്കാർ നടപടി

Kerala Cooperator

മുറവും മുറ്റവും നിറച്ച് സര്‍ക്കാരിന്റെ കാര്‍ഷിക പദ്ധതികള്‍

Kerala Cooperator
error: Content is protected !!