Kerala Cooperator

കേന്ദ്രനിയമ ഭേദഗതി സഹകരണ ബാങ്കുകളെ തകര്‍ക്കുമോ? മാറ്റം അറിയാം

ബാങ്കിങ് നിയന്ത്രണ നിയമത്തില്‍ 2020 ജൂണ്‍ 26നാണ് കേന്ദ്രസര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നത്. പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ (അതായത് കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകള്‍) , അര്‍ബന്‍ ബാങ്കുകള്‍, ജില്ലാസഹകരണ ബാങ്കുകള്‍, സംസ്ഥാന സഹകരണ ബാങ്ക് എന്നിവയ്ക്ക് ബാധകമാകുന്ന മാറ്റമാണ് ഭേദഗതിയായി കൊണ്ടുവന്നത്.

ഇതില്‍ പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങള്‍ക്ക് ബാധകമായ മാറ്റം ജൂണ്‍ 6മുതല്‍ നിലവില്‍ വന്നു.  മറ്റ് മാറ്റങ്ങള്‍ അര്‍ബന്‍ ബാങ്കുകള്‍ക്ക് മാത്രമായാണ് തുടക്കത്തില്‍ നടപ്പാക്കിയത്. 2021 ഏപ്രില്‍ ഒന്നുമുതല്‍ ഇത് സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകള്‍ക്കും ബാധകമാക്കുകയാണ്. അതാണ് ഇപ്പോഴുണ്ടായ വിവാദങ്ങള്‍ക്ക് അടിസ്ഥാനം.

ഇനി എന്തൊക്കെ വ്യവസ്ഥകളും നിയന്ത്രണങ്ങളും മാറ്റങ്ങളുമാണ് അര്‍ബന്‍ ബാങ്ക്, ജില്ലാ സഹകരണ ബാങ്ക്, സംസ്ഥാന സഹകരണ ബാങ്ക് എന്നിവയ്ക്ക് പുതിയ നിയമഭേദഗതിയിലൂടെ ഉണ്ടാകുന്നതെന്ന് പരിശോധിക്കാം. 

  • സെക്ഷന്‍ 10 (എ) – ഭരണസമിതി അംഗങ്ങളില്‍ 51 ശതമാനം പ്രൊഫഷണല്‍ യോഗ്യതയുള്ളവരോ ബാങ്കിങ് മേഖലയില്‍ പ്രവൃത്തിപരിചയമുള്ളവരോ ആയിരിക്കണം. നിശ്ചിത ശതമാനം അംഗങ്ങള്‍ ഈ യോഗ്യതയില്ലാവരായാല്‍ റിസര്‍വ് ബാങ്കിന് ഇടപെടാനാകും. രണ്ടുമാസത്തിനുള്ളില്‍ യോഗ്യതയുള്ളവരെ നിയമിക്കണണെന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിക്കും. അതിനിടയില്‍ നിയമനം നടത്താനായില്ലെങ്കില്‍ ആര്‍.ബി.ഐ. സ്വന്തം നിലയില്‍ അത് ഒഴിവ് നികത്തും. റിസര്‍വ് ബാങ്ക് നികത്തുമ്പോള്‍ അത് ബാങ്കിന്റെ അംഗങ്ങളാകണമെന്ന് നിബന്ധനയില്ല. ഇന്ത്യയില്‍ എവിടെയുള്ളവരെയും ആര്‍.ബി.ഐ.യ്ക്ക് ഡയറക്ടറായി നിയമിക്കാനാകും. ഇത് കോടതിയില്‍ ചോദ്യം ചെയ്യാനുമാകില്ല.
    ഒരുഭരണസമിതി അംഗത്തിന് എട്ടുവര്‍ഷമാണ് കാലാവധി. കൃഷി, ഗ്രാമീണ സമ്പദ് വ്യവസ്ഥ, ബാങ്കിങ്, സഹകരണം, സാമ്പത്തിക ശാസ്ത്രം തുടങ്ങിയമേഖലയിലാണ് യോഗ്യത നിര്‍ദ്ദേശിക്കുന്നത്.
     
  • സെക്ഷന്‍ 10 (ബി)- ചെയര്‍മാന്റെ കാലാവധി അഞ്ചുവര്‍ഷമാണ്. ചെയര്‍മാന്‍ മുഴുവന്‍ സമയജീവനക്കാരായിരിക്കും. ചെയര്‍മാന്‍ ഒരേസമയം ഭരണസമിയുടെയും ബാങ്കിന്റെയും ചെയര്‍മാനായാണ് കണക്കാക്കുന്നത്. ഇദ്ദേഹത്തിന് റിസര്‍വ് ബാങ്ക് നിശ്ചയിച്ചിട്ടുള്ള മേഖലയില്‍ പ്രൊഫഷണല്‍ യോഗ്യതയും പ്രായോഗിക പരിചയവും രണ്ടും ഉണ്ടാകണമെന്നാണ് നിര്‍ദ്ദേശം.( ബാങ്കിങ്, എക്കണോമിക്‌സ്, ബിസിനസ് മാനേജ്‌മെന്റ് എന്നീ വിഷയങ്ങളിലാണ് പ്രൊഫഷണല്‍ യോഗ്യത നിര്‍ദ്ദേശിക്കുന്നത്. ബാങ്കിന്റെ മൊത്തം മാനേജ്‌മെന്റാണ് ചെര്‍മാന്റെ ചുമതല. നിശ്ചിത യോഗ്യതയില്ലാത്തയാളാണ് ചെര്‍മാനെങ്കില്‍ അദ്ദേഹത്തെ പാര്‍ട് ടൈം ചെയര്‍മാനായി നിയമിക്കാം. ബോര്‍ഡിന്റെ മാത്രം ചെയര്‍മാനായിരിക്കും അദ്ദേഹം. പാര്‍ട് ടൈം ചെയര്‍മാനാണെങ്കില്‍ ബാങ്കിന് പ്രത്യേകം മാനേജിങ് ഡയറക്ടറെ നിയമിക്കണം. അത് പാലിച്ചില്ലെങ്കില്‍ റിസര്‍വ് ബാങ്കിന് മാനേജിങ് ഡയറക്ടറെ നേരിട്ട് നിയമിക്കാനാകും. അങ്ങനെ നിയമിക്കുന്ന വ്യക്തിയുടെ ശമ്പളവും മറ്റ് അലവന്‍സുകളും റിസര്‍വ് ബാങ്ക് നിശ്ചയിക്കുന്നതായിരിക്കും. ഇത്തരം നിയമനത്തെ കോടതിയില്‍ ചോദ്യം ചെയ്യാനാകില്ല. 
  • സെക്ഷന്‍12(a) –ജനറല്‍ ബോഡി വിളിച്ചുചേര്‍ക്കാനും ഭരണസമിതി തിരഞ്ഞെടുപ്പ് നടത്താനും റിസര്‍വ് ബാങ്കിന് അധികാരമുണ്ട്. 
  • സെക്ഷന്‍ 12(1) – ബാങ്കിന്റെ ഓഹരി പൊതുജനങ്ങള്‍ക്ക് നല്‍കാനാകും. ഡിബന്‍ജറുകള്‍, കടപത്രങ്ങള്‍ എന്നിവ പുറത്തിറക്കാനാകും. ഇതിനെല്ലാം റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതി വേണം. 
  • സെക്ഷന്‍12(2) – ബാങ്കില്‍ ഓഹരി എടുത്തുകഴിഞ്ഞാല്‍ അത് ബാങ്കിന് തിരിച്ചുകൊടുക്കാന്‍ കഴിയില്ല. 
  • സെക്ഷന്‍ 12(2)(2) – ഒരാള്‍ക്ക് നല്‍കിയ ഓഹരി ബാങ്കിന് തിരിച്ചെടുക്കണമെങ്കില്‍ അതിന് റിസര്‍വ് ബാങ്കിന്റെ അനുമതി വേണം. 
  • സെക്ഷന്‍ 16- ഒരാള്‍ ഒരേസമയം രണ്ട് സഹകരണ ബാങ്കുകളില്‍ ഡയറക്ടര്‍മാരായിരിക്കാനാവില്ല. സഹകരണ ബാങ്ക് എന്നതുകൊണ്ട് റിസര്‍വ് ബാങ്കിന്റെ ലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ എന്നതാണ് ആര്‍.ബി.ഐ. ഉദ്ദേശിക്കുന്നത്. അതിനാല്‍, സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാസഹകരണ ബാങ്ക്, അര്‍ബന്‍ ബാങ്ക് എന്നിവയിലെ അംഗത്വം ഇരട്ടപദവിയായി കണക്കാക്കും. 
  • സെക്ഷന്‍ 17- ലാഭത്തിന്റെ  20ശതമാനം റിസര്‍വ് ഫണ്ടായി സൂക്ഷിക്കണം. നേരത്തെ സംസ്ഥാന സഹകരണ നിയമം അനുസരിച്ചായിരുന്നു റിസര്‍വ് ഫണ്ട് കണക്കാക്കിയരുന്നത്. ഇതില്‍ കുറഞ്ഞത് 15 ശതമാനമായിരുന്നു. അത് 20ശതമാനമായി മാറും. റിസര്‍വ് ഫണ്ട് ഉപയോഗിക്കണമെങ്കിലും റിസര്‍വ് ബാങ്കിന്റെ അനുമതി വേണം. കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക അനുമതി ലഭിച്ചാല്‍ മാത്രമാണ് ഇതില്‍നിന്ന് ഇളവ് ലഭിക്കുക. 
  • സെക്ഷന്‍30- കമ്പനി ഓഡിറ്റ് നിര്‍വഹിക്കാന്‍ യോഗ്യരായ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായിരിക്കണം സഹകരണ ബാങ്കിന്റെ അക്കൗണ്ട് ഓഡിറ്റ് ചെയ്യേണ്ടത്. വകുപ്പ് ഓഡിറ്റേഴ്‌സിന് അതിനുള്ള അധികാരമില്ല. മൂന്നുമാസത്തിനുള്ളില്‍ ഓഡിറ്റ് ചെയ്ത കണക്ക് പരസ്യപ്പെടുത്തണം. 
  • സെക്ഷന്‍ 32- ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ മൂന്ന് കോപ്പി വീതം റിസര്‍വ് ബാങ്കിനും സംസ്ഥാന സര്‍ക്കാരിനും നല്‍കണം. 
  • സെക്ഷന്‍ 36(a)(a)- ഭരണസമിതി അംഗങ്ങള്‍, ജീവനക്കാര്‍, ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍, ചെയര്‍മാന്‍, മാനേജിങ് ഡയറക്ടര്‍ എന്നിവര്‍ക്കെതിരെ റിസര്‍വ് ബാങ്കിന് നടപടി സ്വീകരിക്കാം. അത്തരം ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രേഖാമൂലം അറിയിക്കണം. 
  • സെക്ഷന്‍ 36(a)(a)(a)- സഹകരണ ബാങ്കിന്റെ മൊത്തെ ഭരണസമിതിയെ റിസര്‍വ് ബാങ്കിന് പിരിച്ചുവിടാം. സര്‍ക്കാരിനെ രേഖാമൂലം അറിയിക്കണം. 
  • സെക്ഷന്‍ 44,44(a), 45- ലയനം സംബന്ധിച്ചുള്ള കാര്യങ്ങളാണ് ഈ വകുപ്പുകളില്‍ പറയുന്നത്. ഇന്ത്യയിലെ ഏത് ബാങ്കുമായി സഹകരണ ബാങ്കിനെ ലയിപ്പിക്കാന്‍ റിസര്‍വ് ബാങ്കിന് അധികാരമുണ്ട്. ലയിപ്പിക്കുന്നത് സഹകരണ ബാങ്കുമായി ആയിരിക്കണമെന്നോ, സംസ്ഥാനത്തിന് അകത്തുള്ള ബാങ്കുമായി ആവണമെന്നോ നിര്‍ബന്ധമില്ല. 

Related posts

നാഫെഡിന്റെ ‘നിയന്ത്രണം’ ഇല്ലാതെ കാംപ്‌കോ കൊപ്രസംഭരണത്തിലേക്ക്

Kerala Cooperator

യു.ഡി.എഫ്.വാദം കോടതി തള്ളി; കാര്‍ഷിക വികസന ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം അംഗീകരിച്ചു.

Kerala Cooperator

ചൂടിനെ നേരിടാന്‍ സഹകരണ ബാങ്കുകള്‍ തണ്ണീര്‍പന്തല്‍ ഒരുക്കുന്നു

Kerala Cooperator
error: Content is protected !!