Kerala Cooperator

ഇനി സഹകരണ സംഘങ്ങളുടെ കാലം; ബജറ്റില്‍ ‘ബിഗ് ഓഫര്‍’

  • കേരളം മുന്നോട്ടുവെക്കുന്നു കോര്‍പ്പറേറ്റീവ് ഫാമിങ്ങിന് ബദലായി കോ-ഓപ്പറേറ്റീവ് ഫാമിങ്
  • കാര്‍ഷിക പദ്ധതികളിലെല്ലാം കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്ക് പങ്കാളിത്തം
  • സുഭിക്ഷകേരളം പദ്ധതി വിപുലപ്പെടുത്തി നടപ്പാക്കുന്നു
  • ഭക്ഷ്യസംസ്‌കരണ സംരംഭം തുടങ്ങാന്‍ സഹകരണ സംഘങ്ങള്‍ക്ക് സഹായം

    സഹകരണ സംഘങ്ങളിലൂടെ കാര്‍ഷികമേഖലയില്‍ ‘വിപ്ലവം’ തീര്‍ക്കാനുള്ള പദ്ധതികളാണ് ഇടതുസര്‍ക്കാരിന്റെ 2021 ബജറ്റിന്റെ പ്രത്യേകത. കോവിഡ് മഹാമാരി ഭക്ഷ്യസ്വയംപര്യാപ്തതയിലേക്ക് നാട് മാറേണ്ടതുണ്ടെന്ന പാഠം രാജ്യം തിരിച്ചറിഞ്ഞതാണ്. ആ തിരിച്ചറിവില്‍ ഭക്ഷ്യോല്പാദനത്തിന് ആദ്യമായി സമഗ്രപദ്ധതി തയ്യാറാക്കിയത് കേരളമാണ്. അതാണ് സുഭിക്ഷകേരളം. ആ പദ്ധതിയെ വിപുലമാക്കി സഹകരണ സംഘങ്ങളിലൂടെ ഭക്ഷ്യസ്വയംപര്യാപ്തത എന്ന കാഴ്ചപ്പാട് മുന്നോട്ടുവെക്കുന്നതാകും ഇട
    തുസര്‍ക്കാരിന്റെ ഇത്തവണത്തെ ബജറ്റ്.

    കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയത്തിന് രാഷ്ട്രീയ മറുപടി കൂടിയാകും ഇത്തവണത്തെ ബജറ്റ്. കോര്‍പ്പറേറ്റ് ഫാമിങ്ങിന് ബദലായി കോ-ഓപ്പറേറ്റീവ് ഫാമിങ് എന്ന ആശയമാണ് ഇടതുസര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. തൊഴിലവസരം വര്‍ദ്ധിപ്പിക്കുക, കാര്‍ഷികോല്‍പാദനം കൂട്ടുക, കാര്‍ഷികമേഖലയില്‍ സംരംഭങ്ങള്‍ക്ക് വഴിയൊരുക്കുക എന്നതിനായിരിക്കും ബജറ്റിലെ ഊന്നല്‍.

    കൃഷിവകുപ്പിന്റെ പദ്ധതികളിലെല്ലാം പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്കും ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷനുകള്‍ക്കും പങ്കാളിത്തം നല്‍കും. മാര്‍ക്കറ്റിങ് സംഘങ്ങളിലൂടെ കര്‍ഷകരില്‍നിന്ന് വിപണിയിലേക്ക് ഉല്‍പന്നങ്ങളെത്തുന്ന സംവിധാനമുറപ്പാക്കും. ഭക്ഷ്യസംസ്‌കരണ മേഖലയില്‍ ചെറുകിട-ഇടത്തരം വ്യവസായ യൂണിറ്റുകള്‍ തുടങ്ങുന്നതിന് കൂടുതല്‍ സഹായം പ്രഖ്യാപിക്കും. കാര്‍ഷിക പദ്ധതികളെല്ലാം സഹകരണ സംഘങ്ങള്‍ക്ക് തുറന്നുകൊടുക്കുന്ന പരീക്ഷണമാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. ‘മൈക്രോ ഇറിഗേഷന്’ ആദ്യമായി പ്രത്യേക സ്‌കീം പ്രഖ്യാപിക്കുന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ ബജറ്റിലുണ്ടാകും.

    കൃഷി, തദ്ദേശസ്വയംഭരണം, സഹകരണം, വ്യവസായം, ഫിഷറീസ് തുടങ്ങിയ വകുപ്പുകളുടെ സംയുക്ത പദ്ധതിയായാണ് സുഭിക്ഷകേരളം സര്‍ക്കാര്‍ അവതരിപ്പിച്ചത്. തരിശുഭൂമി ഇല്ലാതാക്കി കാര്‍ഷികോല്‍പാദനം വര്‍ദ്ധിപ്പിക്കാനായിരുന്നു ലക്ഷ്യമിട്ടത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കര്‍ഷക കൂട്ടായ്മകള്‍ രൂപവത്കരിച്ച് കൃഷിയിറക്കുക, ഇവര്‍ക്ക് സഹകരണ സംഘങ്ങള്‍വഴി പണം ലഭ്യമാക്കുക, വിളവുകൂട്ടാനായി കൃഷിവകുപ്പിന്റെ സഹായം ഉറപ്പാക്കുക ഇതായിരുന്നു പദ്ധതിയുടെ രീതി. കാര്‍ഷിക വിളകള്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്ന സംരംഭങ്ങള്‍ വ്യാപിപ്പിക്കുകയാണ് വ്യവസായ വകുപ്പിന് നിര്‍വഹിക്കാനുണ്ടായിരുന്നത്. മത്സ്യകൃഷി കാര്യക്ഷമാക്കുന്നതിനും തീരദേശമേഖലയില്‍ സ്വയംപര്യാപ്ത ഗ്രാമങ്ങളുണ്ടാക്കുന്നതിനുമാണ് ഫിഷറീസിനെ കൂടി ഇതിന്റെ ഭാഗമാക്കിയത്.

    വകുപ്പുകളുടെ ഏകോപനം പൂര്‍ണമായും സാധ്യമായില്ലെങ്കിലും സഹകരണ സംഘങ്ങളുടെ പങ്കാളിത്തം പ്രതീക്ഷിച്ചതിലും അപ്പുറത്തായിരുന്നുവെന്നാണ് ‘സുഭിക്ഷകേരളം’ പദ്ധതി അവലോകനം ചെയ്തപ്പോള്‍ സര്‍ക്കാരിന് ബോധ്യപ്പെട്ടത്.

    25000 ഹെക്ടര്‍ തരിശുഭൂമി കൃഷിയിറക്കാന്‍ ലക്ഷ്യമിട്ടപ്പോള്‍ 29,000 ഹെക്ടറില്‍ വിത്തിടായി. 9348 കര്‍ഷകര്‍ക്കാണ് കൃഷിക്ക് വായ്പാസഹായം ലഭിച്ചത്. അഞ്ചുമാസം കൊണ്ടായിരുന്നു ഈ നേട്ടം. സഹകരണ സംഘങ്ങള്‍ വായ്പ ലഭ്യമാക്കുന്നതിനൊപ്പം നേരിട്ടും കൃഷിയിലേക്കിറങ്ങി. സഹകരണ പങ്കാളിത്തം ഭക്ഷ്യോല്‍പാദനത്തില്‍ സ്വയംപര്യാപ്തത നേടുകയെന്ന ലക്ഷ്യത്തിന് ഏറ്റവും ഗുണകരമാണെന്നാണ് സുഭിക്ഷകേരളം സര്‍ക്കാരിന് നല്‍കിയ പാഠം.

    ഇതാണ് കേന്ദ്രസര്‍ക്കാരിന്റെ ‘കോര്‍പ്പറേറ്റ് ഫാമിങ്’ എന്നതിന് പകരം കേരളത്തില്‍ ‘കോ-ഓപ്പറേറ്റീവ് ഫാമിങ്’ എന്ന ബദല്‍ നടപ്പാക്കുന്നതിന് കാരണം.

Related posts

ചട്ടം തിരുത്തി; കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ ബി.കോം കാര്‍ക്ക് മാനേജരാകാം

Kerala Cooperator

സഹകരണ സംഘങ്ങളെ കുഴക്കുന്നത് കേരളബാങ്കോ ആദായനികുതി വകുപ്പോ? എന്താണ് യഥാര്‍ത്ഥ തര്‍ക്കം

Kerala Cooperator

കരുവന്നൂര്‍ രക്ഷാപാക്കേജ് രണ്ടാഴ്ചയ്ക്കുള്ളില്‍ തയ്യാറാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

Kerala Cooperator
error: Content is protected !!