Kerala Cooperator

അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്ക് വോട്ടവകാശം; മില്‍മ ഓര്‍ഡിനന്‍സില്‍ ഉടക്കി ഗവര്‍ണര്‍

മില്‍മ ഭരണസമിതി തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള വ്യവസ്ഥകള്‍ പരിഷ്‌കരിച്ച് സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സില്‍ വിയോജിപ്പുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അഡിമിനിസ്‌ട്രേറ്റര്‍മാര്‍ക്ക് വോട്ടവകാശം നല്‍കുന്നതാണ് ഭേദഗതി. ഇതിന് മുന്‍കാലപ്രാബല്യം നല്‍കുന്നതാണ് വ്യവസ്ഥ. ഇതിനോടാണ് ഗവര്‍ണറുടെ എതിര്‍പ്പ്. അതിനാല്‍, ഒരുമാസമായിട്ടും ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയിട്ടില്ല.

എന്തിനാണ് മുന്‍കാല പ്രാബല്യത്തോടെ വോട്ടവകാശം പരിഷ്‌കരിക്കുന്നത് എന്നതിന് സര്‍ക്കാരിനോട് ഗവര്‍ണര്‍ വിശദീകരണം തേടും. നിലവില്‍ മില്‍മഭരണസമിതി തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഓര്‍ഡിനന്‍സിന്റെ നിലനില്‍പ് അനുസരിച്ചായിരിക്കും ഈ കേസിന്റെ ഭാവിയും. അതിനാല്‍, ഗവര്‍ണറുടെ പിടിച്ചുവെക്കല്‍ സര്‍ക്കാരിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

മെയ് ആറിന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് മില്‍മയുടെ ഭരണസമിതി തിരഞ്ഞെടുപ്പില്‍ വോട്ടവകാശം സംബന്ധിച്ച വ്യവസ്ഥയില്‍ മാറ്റം വരുത്തി ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്. തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ഇല്ലാത്ത ക്ഷീരസംഘങ്ങളില്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്കോ, അദ്ദേഹം ചുമതലപ്പെടുത്തുന്നവര്‍ക്കോ വോട്ടവകാശം നല്‍കുന്നതാണ് വ്യവസ്ഥ. ക്ഷീരസംഘം പ്രസിഡന്റുമാരാണ് മില്‍മ മേഖല യൂണിയന്‍ ഭരണസമിതികളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നത്. പ്രസിഡന്റ് ഇല്ലാത്ത ക്ഷീരസഹകരണ സംഘങ്ങള്‍ക്ക് വോട്ടവകാശം നഷ്ടപ്പെടാതിരിക്കാനാണ് ഭേദഗതിയെന്നാണ് സര്‍ക്കാര്‍ നിലപാട്. 2021 മാര്‍ച്ച് മുതല്‍ ഈ ഭേദഗതിക്ക് മുന്‍കാല പ്രാബല്യം നല്‍കിയിട്ടുണ്ട്.

യു.ഡി.എഫ്. നിയന്ത്രണത്തിലായിരുന്നു വര്‍ഷങ്ങളായി മില്‍മ. നിലവില്‍ മലബാര്‍, തിരുവനന്തപുരം മേഖലകളുടെ ഭരണം ഇടതുപക്ഷത്തിനാണ്. തിരുവനന്തുപുരം മേഖല യൂണിയന്‍ തിരഞ്ഞെടുപ്പില്‍ 58 അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ വോട്ടുചെയ്തിട്ടുണ്ട്. ഇത് നിയമവിരുദ്ധമെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് നിയമ ഭേദഗതിക്ക് സര്‍ക്കാര്‍സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ഓര്‍ഡിനന്‍സില്‍ ഭേദഗതിക്ക് മുന്‍കാല പ്രാബല്യം നല്‍കിയത് ഈ കേസിനെ മറികടക്കാനാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

ഓര്‍ഡിനന്‍സ് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. രണ്ടുകാര്യങ്ങളാണ് ഗവര്‍ണര്‍ക്ക് ഇതില്‍ ചെയ്യാനാകുക. ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കാതെ ഗവര്‍ണര്‍ക്ക് സര്‍ക്കാരിന് തിരിച്ചയക്കാം. സര്‍ക്കാരിനോട് വ്യക്തത തേടാം. എന്നിവയാണിത്. തിരിച്ചയച്ചാല്‍, വീണ്ടും അതേ ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ പുതുക്കി അയച്ചാല്‍ ഗവര്‍ണര്‍ക്ക് അംഗീകരിക്കേണ്ടിവരും. പക്ഷേ, ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ല. അതിനാല്‍, ഗവര്‍ണര്‍ക്ക് അനുമതി നല്‍കാതെ നീട്ടികൊണ്ടുപോകാനാകും.

Related posts

തിരഞ്ഞെടുപ്പ്: സഹകരണ ബാങ്ക് ഇടപാടുകളും നിരീക്ഷണത്തില്‍

Kerala Cooperator

സംഘങ്ങളുടെ നിക്ഷേപത്തിനുള്ള പലിശയ്ക്ക് കേരളബാങ്ക് നികുതി ഈടാക്കും

Kerala Cooperator

മില്‍മ ഓണസമ്മാനമായി ഒരുലിറ്റര്‍ പാലിന് രണ്ടുരൂപ അധികം നല്‍കും

Kerala Cooperator
error: Content is protected !!