Kerala Cooperator

എന്‍.എം.ഡി.സി.ക്ക് ‘ഉയിര്‍’കൊടുത്ത സഹകാരി സൈനുദ്ദീന്‍ പടിയിറങ്ങുന്നു

നോര്‍ത്ത് മലബാര്‍ ഡിസ്ട്രിക്ട് കോഓപ്പറേറ്റീവ് സപ്ലൈ ആന്‍ഡ് മാര്‍ക്കറ്റിങ് സഹകരണ സംഘത്തെ എന്‍.എം.ഡി.സി. എന്ന പേരും പെരുമയുമുള്ള സ്ഥാപനമാക്കി വളര്‍ത്തിയ അമരക്കാരന്‍ പടിയിറങ്ങുന്നു. ഒന്നര പതിറ്റാണ്ട് സംഘത്തിന്റെ പ്രസിഡന്റായ പി.സൈനുദ്ദീന്‍ ആ പദവി ഒഴിഞ്ഞു. ഭരണസമിതിയില്‍നിന്നും അദ്ദേഹം ഒഴിവായി. ഇല്ലാതാകുമെന്ന് എല്ലാവരും വിധിയെഴുതിയ ഒരു സഹകരണ സംഘത്തെ നയിക്കാന്‍ സി.പി.എം. ചുമതലപ്പെടുത്തിയ സഖാവാണ് പി.സൈനുദ്ദീന്‍. വയനാട്ടില്‍ യുവനിരയെ കരുത്തോടെ നയിച്ച ഡി.വൈ.എഫ്.ഐ.യുടെ പഴയ അമരക്കാരന് ഇതും കഴിയുമെന്ന് അന്ന് പാര്‍ട്ടിക്ക് വിശ്വാസമുണ്ടായിരുന്നിരിക്കണം. ചെറുചിരിയോടെ എന്തിനേയും നേരിടുന്നതാണ് സൈനുദ്ദീന്റെ ശീലം. ഒന്നരപതിറ്റാണ്ടിന് ശേഷം ആ സ്ഥാപനത്തെ പേരുകൊണ്ടും പെരുമകൊണ്ടും പ്രവര്‍ത്തനശേഷികൊണ്ടും സംസ്ഥാനത്തിന്റെ ഒന്നാം നിരയില്‍ എത്തിച്ചാണ് അദ്ദേഹം പടിയിറങ്ങുന്നത്.

കേരളപ്പിറവിക്ക് മുമ്പേ കാപ്പികര്‍ഷകരെ സഹായിക്കാനായി തുടങ്ങിയ സഹകരണ സംഘം ഏറെ കഴിയും മുമ്പ് കടക്കെണിയുടെ നിലയില്ലാക്കയത്തിലായി. അതിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ സഹകരണ വകുപ്പ് തീരുമാനിച്ചു. ഈ ഘട്ടത്തിലാണ് സൈനുദ്ദീന്റെ നേതൃത്വത്തില്‍ അതിനൊരു രക്ഷാദൗത്യം നടത്തുന്നത്. 2007 മെയ് 31ന് പാര്‍ട് ടൈം അഡ്മിനിസ്‌ട്രേറ്ററായ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ മുരളീധരനില്‍നിന്നാണ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി എന്‍.എം.ഡി.സി.യുടെ ചാര്‍ജ് ഏറ്റെടുക്കുന്നത്. ആ കമ്മിറ്റിയുടെ കണ്‍വീനറായായിരുന്നു. 2008 ജനുവരി 31ന് തിരഞ്ഞെടുപ്പിലൂടെ പുതിയ ഭരണസമിതി അധികാരത്തില്‍വന്നു. അതിന്റെ പ്രസിഡന്റായി.

അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചുമതലയേറ്റടുത്തതിന്റെ രേഖ

തളര്‍ന്നുവീണ കോഴിക്കുഞ്ഞിനെ ഒട്ടുപാത്രത്തിനുള്ളിലാക്കി മുട്ടി എഴുന്നേല്‍പിക്കുന്ന ഒരുനാട്ടുതന്ത്രമുണ്ട് വടക്കന്‍കേരളത്തിലെ ഗ്രാമങ്ങളില്‍. ഓട്ടുപാത്രത്തിന് മുകളില്‍ വിരല്‍കൊണ്ടുമുട്ടുമ്പോള്‍ അതുള്ളിലുണ്ടാക്കുന്ന മുഴക്കം കോഴിക്കുഞ്ഞിനെ ഉണര്‍ത്തുമെന്നാണ് വിശ്വാസം. ആ വിശ്വാസം പലപ്പോഴും അവരെ രക്ഷിക്കാറുണ്ട്. ഈ നാട്ടുതന്ത്രത്തില്‍ പ്രതീക്ഷയും സ്‌നേഹവും കരുതലും ക്ഷമയും എല്ലാം ഒളിഞ്ഞിരിപ്പുണ്ട്. രക്ഷയ്ക്കായി അവസാനലാപ്പുവരെ പരിശ്രമിക്കുകയെന്ന മനസ്സുണ്ട്. ഇതെല്ലാം ഒരു സഹകരണ സംഘത്തില്‍ പ്രയോഗിച്ച് അത്ഭുതം സൃഷ്ടിച്ച സഹകാരിയാണ് പി.സൈനുദ്ദീന്‍. നിലച്ചുപോകുമെന്ന കരുതിയ എന്‍.എം.ഡി.സി.യുടെ മിടിപ്പിനെ കരുതലോടെ തട്ടിയുണര്‍ത്തി ജീവന്‍ വീണ്ടെടുക്കാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞു.

ഒന്നും അടിച്ചേല്‍പിച്ചില്ല. ഈ സംഘത്തിന് ജീവിക്കണമെങ്കില്‍ എന്തൊക്കെ വേണമെന്ന് ഒപ്പമുള്ളവരോട് അദ്ദേഹം ചോദിച്ചുകൊണ്ടേയിരുന്നു. കെ.എസ്.ആര്‍.ടി.ബസ്സില്‍ അദ്ദേഹം ചുരമിറങ്ങി കോഴിക്കോട് വന്ന് ആ സ്ഥാപനത്തിന് വേണ്ടി രാവും പകലും പണിയെടുത്തു. മുണ്ടുമാടിക്കെട്ടി ചരക്കിറക്കാന്‍ നിന്നു. കേരളത്തനിമയുള്ള ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിച്ചു. ഉപയോഗിക്കുന്നവര്‍ തേടിവരുന്ന ഗുണനിലവാരമുള്ളവയായിരുന്നു അവയെല്ലാം. വെളിച്ചെണ്ണയും എള്ളെണ്ണയും മാത്രമല്ല, കാട്ടുമഞ്ഞളും കാട്ടുതേനും എന്‍.എം.ഡി.സി.യുടെ ബ്രാന്‍ഡിലെത്തി. വില്‍പന എല്ലാ പ്രദര്‍ശന നഗരികളിലും എന്‍.എം.ഡി.സി. സ്റ്റാള്‍ ഇട്ടു. അവിടെ വില്‍പനക്കാരന്റെ റോളിലും സൈനുദ്ദീന്‍ നിന്നു.

1983-ല്‍ കല്‍പറ്റയില്‍നടന്ന ഡി.വൈ.എഫ്.ഐ. റാലി. റാലിയുടെ മുന്‍നിരയില്‍ അന്നത്തെ സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.ശ്രീമിതയും ജില്ലാസെക്രട്ടറി പി.സൈനുദ്ദീനും

ഇന്ന് എന്‍.എം.ഡി.സി. വളര്‍ന്നു. 19 സംസ്ഥാനങ്ങളിലായി 38 ഉല്‍പന്നങ്ങള്‍ എന്‍.എം.ഡി.സി. വില്‍പന നടത്തുന്നു. സംസ്ഥാനത്ത് സഹകരണ ഉല്‍പന്നങ്ങള്‍ക്കായി കണ്‍സ്യൂമര്‍ വിപണന ശൃംഖല തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ അതിന് നല്ലൊരു പദ്ധതി രേഖ സമര്‍പ്പിച്ചത് എന്‍.എം.ഡി.സി.യാണ്. അത്രയും വലിയ ദൗത്യം ഏറ്റെടുക്കാന്‍ കഴിയുമോയെന്ന ആശങ്ക അന്ന് എന്‍.എം.ഡി.സിക്ക് ഉണ്ടായിരുന്നു. തനിക്കൊപ്പമുള്ളവരോട് അന്ന് അദ്ദേഹം പറഞ്ഞു- നിലതെറ്റി വീണപ്പോള്‍ ആരും തുണച്ചിട്ടല്ല നമ്മള്‍ എഴുന്നേറ്റ് നടന്നത്. ഒരേമനസോടെ പൊരുതിയതുകൊണ്ടാണ്. ആ ആത്മവിശ്വാസം ചോര്‍ന്നുപോവുന്ന ഘട്ടത്തില്‍ നമ്മള്‍ വീണ്ടും വീണുപോകും. അല്ലെങ്കിലും ഇതും നമുക്ക് നേടാനാകും.’ ആ വാക്കുകളുടെ ബലമാണ് എന്‍.എം.ഡി.സി.ക്ക് കരുത്തായി മാറിയത്. കോഓപ് മാര്‍ട്ടിന്റെ നിര്‍വഹണ ഏജന്‍സിയായി സഹകരണ വകുപ്പ് നിശ്ചയിച്ചത് എന്‍.എം.ഡി.സി.യേയാണ്. അത്രയ്ക്ക് വ്യക്തതയോടെയാണ് അവര്‍ പദ്ധതി രേഖ അവതരിപ്പിച്ചത്.

കോഓപ് മാര്‍ട്ടിന്റെ പദ്ധതി വിശദീകരണ രേഖ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ്സിന് നല്‍കി പ്രകാശനം ചെയ്യുന്നു.

2017 ജുണ്‍നാലിന് സൈനുദ്ദീന്‍ തന്റെ ഫെയിസ് ബുക്ക് പേജില്‍ ഇങ്ങനെ എഴുതി- ‘എന്‍.എം.ഡി.സി.യുടെ അധ്യക്ഷ പദവിയില്‍ ഒരുപതിറ്റാണ്ട് പൂര്‍ത്തിയാക്കിയിരിക്കുന്നു. അന്ത്യശ്വാസം വലിച്ച് ശരശയ്യയില്‍ കിടന്ന ഒരു സ്ഥാപനത്തിന് പുതുജീവന്‍ നല്‍കി. കഴിഞ്ഞ എട്ടുവര്‍ഷമായി തുടര്‍ച്ചയായി പ്രവര്‍ത്തനലാഭത്തിലാണ്. ചാരിതാര്‍ത്ഥ്യത്തോടെ, അഭിമാനത്തോടെ, കൂടുതല്‍ കരുത്തോടെ മുന്നോട്ടേക്ക്.’ പിന്നെയും കരുത്തോടെ തന്നെ എന്‍.എം.ഡി.സി. മുന്നോട്ടുപോയി. സഹകരണ വകുപ്പിന്റെ 2020-21 വര്‍ഷത്തെ മികച്ച മാര്‍ക്കറ്റിങ് സംഘത്തിനുള്ള പുരസ്‌കാരം നേടി. ആദ്യമായി മാര്‍ക്കറ്റിങ് സംഘങ്ങളെ പുരസ്‌കാരത്തിന് പരിഗണിച്ചത് ഈ വര്‍ഷമായിരുന്നു. അതേവര്‍ഷം തന്നെ, കോഴിക്കോട് ജില്ലയിലെ മികച്ച സംഘത്തിനുള്ള പുരസ്‌കാരവും എന്‍.എം.ഡി.സി. നേടി.

മികച്ച മാര്‍ക്കറ്റി സഹകരണ സംഘത്തിനുള്ള സഹകരണ വകുപ്പിന്റെ പുരസ്‌കാരം മന്ത്രി വി.എന്‍.വാസവനില്‍നിന്ന് എന്‍.എം.ഡി.സി. ചെയര്‍മാര്‍ പി.സൈനുദ്ദീന്‍ ജനറല്‍മാനേജര്‍ എം.കെ.വിപിന എന്നിവര്‍ ഏറ്റുവാങ്ങുന്നു.

ഒന്നുമില്ലായ്മയില്‍നിന്ന് ഇന്ന് എന്‍.എം.ഡി.സി.ക്ക് ഒരുപാട് നേടികൊടുത്താണ് അദ്ദേഹം ഇറങ്ങി നടക്കുന്നത്. മണലുപരന്ന വഴിയില്‍ കൂടി നടന്നാണ് അദ്ദേഹം കോഴിക്കോട് സില്‍ക് സ്ട്രീറ്റിലെ ഓഫീസിലേക്ക് വന്നിരുന്നത്. ഇറങ്ങിപ്പോകുന്നതും അതേ രീതിയിലാണ്. കണക്കുപുസ്തകത്തില്‍ കടങ്ങളും കോടതിമുറിയില്‍ വ്യവഹാരങ്ങളും എന്‍.എം.ഡി.സി. വീര്‍പ്പുമുട്ടിക്കുന്ന കാലത്ത് ചെറുചിരിയോടെയാണ് അദ്ദേഹം അതിനെയൊക്കെ നേരിട്ടത്. മുഖത്ത് അന്നത്തെ അതേ ചെറുചിരിയാണ് ഇപ്പോഴും. പക്ഷെ, ആനകളിച്ചും കഥപറഞ്ഞും ചേര്‍ത്തുപിടിച്ച് വളര്‍ത്തിയ മകള്‍ കല്യാണദിവസം വീട്ടില്‍നിന്നിറങ്ങുമ്പോള്‍ അച്ഛന്റെ ഉള്ളിലുണ്ടാകുന്ന ഒരു നീറ്റലില്ലേ. അത് അദ്ദേഹത്തിന്റെ ഉള്ളില്‍ ഏറെയുണ്ടെന്ന് കൂടെ ഉള്ളവര്‍ക്ക് അറിയാം. സ്‌നേഹത്തിന്റെ, കരുതലിന്റെ ഉള്ളുലയ്ക്കുന്ന വേദന. പാഠമാണ് ഈ സഹകാരിയുടെ കാഴ്ചപ്പാടും പ്രവര്‍ത്തനങ്ങളും. എന്‍.എം.ഡി.സി.ക്ക് എന്നും അത് വഴിവെളിച്ചുവുമാണ്.

സംസ്ഥാന പാര്‍ട്ടി സ്‌കൂളിലെ പ്രഥമ ബാച്ചിലെ പഠിതാക്കള്‍ ഇ.എം.എസ്സിനൊപ്പം. വി.എന്‍.വാസവന്‍, കെ.ഭാസ്‌കരന്‍ മാസ്റ്റര്‍, എം.വി.ഗോവിന്ദന്‍മാസ്റ്റര്‍, ഓമല്ലൂര്‍ശങ്കരന്‍, മമ്മിക്കുട്ടി, പി.സൈനുദ്ദീന്‍ എന്നിവരാണ് ഒപ്പമുള്ളത്.

 

Related posts

ജപ്തിവിലക്കില്‍ അര്‍ബന്‍ ബാങ്കിനെതിരെ ആര്‍.ബി.ഐ. നടപടിക്കൊരുങ്ങുന്നു

Kerala Cooperator

ചിലത് ചിലരെ ഓര്‍മ്മപെടുത്തേണ്ടിവരും; കേരളബാങ്കിന് മുന്നറിയിപ്പുമായി സി.ഐ.ടി.യു.

Kerala Cooperator

ദഹനപ്രക്രീയ വേഗത്തിലാക്കുന്ന ഗ്രീക്ക് യോഗര്‍ട്ടുമായി മില്‍മയുടെ വരവ്

Kerala Cooperator
error: Content is protected !!