Kerala Cooperator

ജില്ലാബാങ്ക് റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകള്‍ നികത്തണ്ടേയെന്ന് പി.എസ്.സി.

കേരള ബാങ്കിലെ ഒഴിവുകള്‍ നികുത്തുന്നതിന് മുമ്പ് പഴയ ഒഴിവുകളുടെ വിശദാംശം തേടി പി.എസ്.സി. കേരളബാങ്ക് നിലവില്‍ വരുന്നതിന് മുമ്പ് ജില്ലാസഹകരണ ബാങ്കുകള്‍ കുറെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിന്റെ സ്ഥിതിയെന്താണെന്നാണ് പി.എസ്.സി. കേരളബാങ്കിനോട് ചോദിച്ചത്. ഇതോടെ കേരളബാങ്കിലെ ഒഴിവുകളിലേക്ക് വിജ്ഞാപനം ഇറങ്ങുന്നതും മുടങ്ങിയിരിക്കുകയാണ്.

പി.എസ്.സി. ഉന്നയിച്ച വിഷയത്തില്‍ വ്യക്തത വരുത്തുന്നതിന് കേരളബാങ്ക് പി.എസ്.സി.യുമായി ചര്‍ച്ച നടത്തുകയാണെന്നാണ് സഹകരണ മന്ത്രി വി.എന്‍.വാസവന്‍ ഇതിന് നല്‍കിയ വിശദീകരണം. നിയമസഭയില്‍ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യാണ് കേരളബാങ്കിലെ നിയമനങ്ങളെ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ തേടിയത്.  ഈ വര്‍ഷം തന്നെ ഒഴിവുകള്‍ പൂര്‍ണമായി നികത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന കുഴല്‍നാടന്റെ ചോദ്യത്തിന് താമസം വിന ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്നാണ് മന്ത്രി നല്‍കിയ ഉത്തരം.

കേരളബാങ്ക് രൂപീകരിക്കുന്നതിന് മുമ്പ്, മിക്കവാറും ജില്ലാബാങ്കുകളില്‍ പി.എസ്.സി. റാങ്ക് പട്ടിക നിലവിലുണ്ടായിരുന്നു. ക്ലര്‍ക്ക്, കാഷ്യര്‍, ബ്രാഞ്ച് മാനേജര്‍ എന്നീ തസ്തികളിലെല്ലാം ഒഴിവുകള്‍ നികത്താതെയാണ് സംസ്ഥാന-ജില്ലാബാങ്കുകളുടെ ലയനത്തിനുള്ള നടപടി തുടങ്ങിയത്. അന്ന് റാങ്ക് പട്ടികയിലുള്ള പലര്‍ക്കും പിന്നീട് അവസരം പോലുമില്ലാത്ത വിധത്തില്‍ പ്രായപരിധിക്ക് പുറത്തായി. അന്നത്തെ റാങ്ക് പട്ടികയില്‍നിന്ന് കേരളബാങ്കിലെ ഒഴിവുകളില്‍നിന്ന് നിയമനം നടക്കാനുള്ള സാധ്യത ഇല്ല. കേരളാബാങ്കിന്റെ റിക്രൂട്ട്‌മെന്റ് റൂളിലും തസ്തികയുടെ യോഗ്യതയമെല്ലാം ജില്ലസഹകരണ ബാങ്കിന്റേതില്‍നിന്ന് വ്യത്യസ്തമാണ്. അതിനാല്‍, പഴയ പട്ടികയില്‍നിന്ന് നിയമനം നടത്തുന്നത് നിയമക്കുരുക്കിന് വഴിവെക്കും.

അതേസമയം, സാങ്കേതികമായ ജില്ലാസഹകരണ ബാങ്കുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. സംസ്ഥാന ബാങ്കുമായി ലയിച്ചെങ്കിലും ജില്ലാബാങ്കുകള്‍ നേരത്തെയുള്ള അതേ ലൈസന്‍സിലാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. അതിനാല്‍, നേരത്തെ റിപ്പോര്‍ട്ട് ചെയ്ത ഒഴിവ് പി.എസ്.സി.ക്ക് അവഗണിക്കാനാകില്ല. ഇതും നിയമക്കുരുക്കുണ്ടാക്കുന്ന കാര്യമാണ്. അതുകൊണ്ടാണ്, പുതിയ വിജ്ഞാപനം ഇറക്കുന്നതിന് മുമ്പ്, നേരത്തെ ജില്ലാബാങ്കുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളുടെ സ്ഥിതി എന്താണെന്ന വിശദീകരണം പി.എസ്.സി. തേടിയത്.

 

Related posts

പാല് കൂട്ടാന്‍ പത്തനതിട്ടയുടെ ‘ശബരി’ പദ്ധതി

Kerala Cooperator

ജപ്തി വിവാദത്തില്‍ ആര്‍.ബി.ഐ. ഇടപെടുന്നു; മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് സി.ഇ.ഒ.യുടെ രാജി തടഞ്ഞു

Kerala Cooperator

പൂത്തോട്ട സംഘത്തിന്റെ പുനര്‍ജന്മം കാത്ത് 500 തൊഴിലാളികള്‍

Kerala Cooperator
error: Content is protected !!