Kerala Cooperator

കേരളത്തിന്റെ സ്വന്തം വെളിച്ചെണ്ണയ്ക്ക് ‘കേരളബ്രാന്‍ഡ്’; സഹകരണ ഉല്‍പന്നങ്ങള്‍ക്ക് ഡെബിള്‍ ബ്രാന്‍ഡിങ്

കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന വെളിച്ചെണ്ണയ്ക്ക് ‘കേരളബ്രാന്‍ഡ്’ എന്ന മുദ്ര ഉപയോഗിക്കാന്‍ വ്യവസായ വകുപ്പിന്റെ തീരുമാനം. അടുത്ത സാമ്പത്തിക വര്‍ഷം സംരംഭക വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമാണ് പുതിയ തീരുമാനം. സഹകരണ സംഘങ്ങളുടെ വെളിച്ചെണ്ണയ്ക്കും ഈ മുദ്ര ഉപയോഗിക്കേണ്ടിവരും. അതേസമയം, സഹകരണ ഉല്‍പന്നങ്ങള്‍ക്ക് സഹകരണ വകുപ്പ് ‘കോഓപ് കേരള’ ബ്രാന്‍ഡിങ് കൊണ്ടുവരുന്നുണ്ട്. ഇതോടെ സഹകരണ ഉല്‍പന്നങ്ങള്‍ക്ക് ഇരട്ട മുദ്ര ഉപയോഗിക്കേണ്ട സ്ഥിതിയാകും.
കോഓപ് മാര്‍ട്ട് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സഹകരണ ഉല്‍പന്നങ്ങള്‍ക്ക് കോഓപ് കേരള ബ്രാന്‍ഡിങ് നിശ്ചയിച്ചത്. പദ്ധതി പ്രഖ്യാപിച്ച് രണ്ടുവര്‍ഷമായെങ്കിലും ഇതുവരെ സഹകരണ ബ്രാന്‍ഡിങ് നടപ്പായിട്ടില്ല. ഇതിനിടയിലാണ് വ്യവസായ വകുപ്പ് കേരളത്തിന്റെ എല്ലാ ഉല്‍പന്നങ്ങള്‍ക്കും ഏകീകൃത ബ്രാന്‍ഡിങ് എന്ന രീതി കൊണ്ടുവരുന്നത്. അതിന്റെ ആദ്യഘട്ടമാണ് കേരളത്തിലെ വെളിച്ചെണ്ണയ്ക്ക് കേരളബ്രാന്‍ഡിങ് നല്‍കുന്നത്. വാണിജ്യ വകുപ്പ് ഉല്‍പന്നങ്ങള്‍ക്ക് ഇ-കൊമേഴ്‌സ് പ്ലാറ്റ് ഫോം ഒരുക്കുന്നുണ്ട്. കോഓപ് മാര്‍ട്ടിലൂടെ സഹകരണ വകുപ്പിന് ഇതേ ലക്ഷ്യമുണ്ടായിരുന്നു.

സംസ്ഥാനത്തിന് അകത്ത് നിന്നുള്ള കൊപ്ര ഉപയോഗിക്കുകയും, ഉല്‍പാദനം പൂര്‍ണമായി സംസ്ഥാനത്തിനുള്ളിലായിരിക്കുകയും ചെയ്യുന്ന വെളിച്ചെണ്ണയ്ക്കാണ് വ്യവസായ വകുപ്പ് കേരള ബ്രാന്‍ഡിങ് നല്‍കുക. ഇത്തരം വെളിച്ചെണ്ണയില്‍ ‘കേരളബ്രാന്‍ഡ്’എന്ന് പ്രത്യേകമായി പതിപ്പിക്കും. കേരള വെളിച്ചെണ്ണയെന്ന പേരില്‍ വിപണയില്‍ വ്യജന്‍ കൂടുതലായി എത്തിയതോടെയാണ് വ്യവസാസ വകുപ്പ് ശുദ്ധീകരണത്തിന് ബ്രാന്‍ഡിങ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. സംരംഭങ്ങള്‍ തുടങ്ങാന്‍ സഹായം നല്‍കുന്നതിനൊപ്പം, കേരളത്തിന്റെ തനത് ഉല്‍പന്നങ്ങള്‍ക്ക് വിശ്വാസ്യതയും അതിലൂടെ വിപണിയും ഉറപ്പാക്കാനുള്ള നടപടിയും വ്യവസായ വകുപ്പ് സ്വീകരിക്കുന്നുണ്ട്. അതിന്റെ ആദ്യഘട്ടമായാണ് ‘കേരളബ്രാന്‍ഡിങ്’ വെളിച്ചെണ്ണയ്ക്ക് നല്‍കുന്നത്.

കേരളത്തിലെ കൊപ്രയ്ക്ക് ഔഷധമൂല്യവും രുചിയും ഏറെയുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും കേരള കൊപ്രയ്ക്കും വെളിച്ചെണ്ണയ്ക്കും വിപണി കൂടുതലാണ്. ഇത് മുതലാക്കാന്‍ വ്യാജവെളിച്ചെണ്ണ ഏറെ വിപണിയിലെത്തുന്നുണ്ട്. കേരയുടെ സമാനതകളുമായി 41 ബ്രാന്‍ഡുകളാണ് മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് പുറത്തിറക്കുന്നത്. വിലകുറച്ച് നല്‍കാന്‍ ലിക്വിഡ് പരാഫിന്‍ എന്ന രാസവസ്തു ഇത്തരം വെളിച്ചെണ്ണയില്‍ ചേര്‍ക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം തടയാന്‍ ‘കേരളബ്രാന്‍ഡ്’ നല്‍കുന്നതിലൂടെ കഴിയുമെന്നാണ് വ്യവസായ വകുപ്പിന്റെ പ്രതീക്ഷ.

Related posts

സഹകരണ സംഘങ്ങള്‍ക്ക് മെഡിക്കല്‍കോളേജ് തുടങ്ങാന്‍ അനുമതി നല്‍കുന്നു

Kerala Cooperator

സഹകരണ ബാങ്കുകളില്‍ 307 ഒഴിവുകൾ; വിജ്ഞാപനം ഇറങ്ങി

Kerala Cooperator

സഹകരണ ബാങ്കുകളിൽ242 ഒഴിവ്‌

Kerala Cooperator
error: Content is protected !!