Kerala Cooperator

ചെലവേറി, തൊഴിലാളികള്‍ ജോലിവിട്ടു, കൈത്തറി തുണിക്കായി ഹാന്‍വീവ് മറുനാട്ടിലേക്ക്

ര്‍ക്കാര്‍ നടപ്പാക്കിയ സ്‌കൂള്‍ കൈത്തറി യൂണിഫോം പദ്ധതി കൈത്തറി സംഘങ്ങളിലുണ്ടാക്കിയ ഉണര്‍വ് കെട്ടടങ്ങുന്നു. രണ്ടുവര്‍ഷം കോവിഡ് തൊഴില്‍ ഇല്ലാതാക്കിയപ്പോള്‍ ചിതറിപ്പോയതാണ് കൈത്തറി തൊഴിലാളികള്‍. ഇപ്പോള്‍ ഉല്‍പാദന ചെലവും കൂടി. പിടിച്ചുനില്‍ക്കാന്‍ കഴിയാത്തതിനാല്‍ തൊഴിലാളികള്‍ പലരും ഇതിലേക്ക് തിരിച്ചുവരുന്നില്ല. ഇതോടെ ആദായത്തില്‍ കൈത്തറി തുണികള്‍ കിട്ടുന്ന മറുനാട്ടിലേക്ക് പോകുകയാണ് ഹാന്‍വീസ്.

കൈത്തറിസാരി ഉള്‍പ്പെടെയുള്ള വസ്ത്രങ്ങള്‍ പുറത്തുനിന്ന് വാങ്ങാനാണ് ഹാന്‍വീവ് ഒരുങ്ങുന്നത്. ഹാന്‍വീവിന്റെ വിപണിയുടെ വലിയഭാഗവും നടക്കുന്ന ഓണം, വിഷു സീസണില്‍ വില്പന ലാഭകരമാക്കാനാണ് ശ്രമം. മറ്റു സംസ്ഥാനങ്ങളിലെ കൈത്തറി സഹകരണസംഘങ്ങളില്‍നിന്ന് കൈത്തറിവസ്ത്രങ്ങള്‍ വാങ്ങാനായി ചെയര്‍മാന്‍ ടി.കെ. ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ കോയമ്പത്തൂര്‍, വിജയവാഡ എന്നിവിടങ്ങളിലെ കൈത്തറി യൂണിറ്റുകള്‍ സന്ദര്‍ശിച്ചു.

പുറമേനിന്ന് കൊണ്ടുവരുന്ന കൈത്തറിത്തുണികള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ റിബേറ്റ് നല്‍കാറില്ല. അതേസമയം മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങള്‍ ലഭിക്കുന്നതിനാല്‍ 20 മുതല്‍ 25 ശതമാനംവരെ വില കുറച്ച് വില്‍ക്കാന്‍ കഴിയും. ഇത് റിബേറ്റിന് സമമാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് പൂര്‍ണമായും കൈത്തറിത്തുണികള്‍ മാത്രമേ വാങ്ങൂവെന്നാണ് ചെയര്‍മാന്‍ ഉള്‍പ്പടെയുള്ളവര്‍ വിശദീകരിക്കുന്നത്. കേരളത്തിലെ സഹകരണസംഘങ്ങള്‍ക്ക് കീഴില്‍ വസ്ത്രങ്ങളുടെ ഉത്പാദനം കുറഞ്ഞതുകൊണ്ടാണ് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വാങ്ങേണ്ടിവരുന്നതെന്നും പറയുന്നു.

കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതി, കൈത്തറി ഗ്രാമം, ഒകുവീട്ടില്‍ ഒരു കൈത്തറി എന്നിങ്ങനെ വിവിധ പദ്ധതികള്‍ ഒന്നാം ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യുവാക്കളും സ്ത്രീകളും അടക്കം ഒട്ടേറെ പുതിയ തൊഴിലാളികള്‍ ഈ മേഖലയിലേക്ക് വന്നു. കോവിഡ് വ്യാപനമാണ് ഇതെല്ലാം ഇല്ലാതാക്കിയത്. കൈത്തറി സഹകരണ സംഘങ്ങള്‍ക്ക് അതിജീവിക്കാനുള്ള സഹായം വേണ്ടത്ര ലഭിച്ചിട്ടില്ല. സംഘങ്ങളുടെ പ്രതിസന്ധി കൂട്ടുന്നതാകും ഹാന്‍വീവിന്റെ നിലപാട് എന്നതില്‍ തര്‍ക്കമില്ല.

മറ്റ് സംസ്ഥാനങ്ങളില്‍ നിര്‍മാണച്ചെലവ് കുറവാണ്. അതിനാല്‍ ഇന്ത്യയിലാകമാനം പലസ്ഥലത്തും വലിയ വിപണിയും അവര്‍ക്കുണ്ട്. ഓണ്‍ലൈന്‍ വിപണന രീതി അവിടങ്ങളിലുണ്ട്. വന്‍കിട ഇ-കൊമേഴ്‌സ് കമ്പനികള്‍ സഹകരണ സംഘങ്ങളുമായി ധാരണയുണ്ടാക്കിയാണ് കൈത്തറി ഉല്‍പന്നങ്ങള്‍ ഓണ്‍ലൈന്‍ വിപണിയിലെത്തിക്കുന്നത്. കേരളത്തില്‍ അത്തരം ശ്രമം നടന്നുവെങ്കിലും കാര്യമായി നേട്ടം സംഘങ്ങള്‍ക്ക് ഉണ്ടാക്കാനായിട്ടില്ല.

സംസ്ഥാനസര്‍ക്കാര്‍ സ്‌കൂള്‍യൂണിഫോം പദ്ധതി ഹാന്‍വീവിന് നല്‍കിയതുകൊണ്ടാണ് തത്കാലം നിശ്ചിതദിവസങ്ങളില്‍ തൊഴില്‍ ലഭിക്കുന്നതുതന്നെ. ഹാന്‍വീവിലെ ജീവനക്കാര്‍ക്ക് രണ്ടുമാസത്തെ ശമ്പളം കുടിശ്ശികയാണ്. 10 കോടി രൂപ അടിയന്തരമായി അനുവദിക്കണമെന്ന് സര്‍ക്കാരിനോട് കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌കൂളുകളില്‍ യൂണിഫോം വിതരണം നടത്തിയ വകയില്‍ രണ്ടുകോടിയോളം രൂപ സര്‍ക്കാരില്‍നിന്ന് ലഭിക്കാനുണ്ട്. ഏഴ് ജില്ലകളിലെ സ്‌കൂളുകളില്‍ ഏകദേശം 28 ലക്ഷം മീറ്റര്‍ യൂണിഫോമാണ് കഴിഞ്ഞവര്‍ഷം വിതരണം ചെയ്തത്. ഒരുകാലത്ത് സംസ്ഥാനത്ത് 80 ഷോറൂമുകള്‍ ഹാന്‍വീവിനുണ്ടായിരുന്നു. ഭൂരിപക്ഷവും ബാധ്യത കാരണം പൂട്ടി. സര്‍ക്കാര്‍ നല്‍കുന്ന റിബേറ്റ് കൊണ്ടുമാത്രമാണ് ഉത്സവ സീസണുകളില്‍ വില്പന നടക്കുന്നത്. അത് പരമാവധി ഉപയോഗപ്പെടുത്താനാണ് മറുനാടന്‍ കൈത്തറി തേടി ഹാന്‍വീവ് പോകാന്‍ കാരണം.

Related posts

സഹകരണ സംഘങ്ങളുണ്ടായിട്ടും കേരളം തേങ്ങ ഉല്‍പാദനത്തില്‍ പിന്നിലാകുന്നു; ഇന്ത്യയ്ക്ക് നേട്ടം

Kerala Cooperator

കരുവന്നൂർ കൺസോർഷ്യത്തിലേക്ക് പണംനൽകരുതെന്ന് ആർ.ബി.ഐ.

Kerala Cooperator

കൈത്തറി ഉല്‍പന്നങ്ങള്‍ക്ക് ‘കോടിമുണ്ട്’ ഇ-കൊമേഴ്‌സ് പ്ലാറ്റ് ഫോം

Kerala Cooperator
error: Content is protected !!