Kerala Cooperator

‘നിധി’യുടെ പേരില്‍ നിക്ഷേപത്തട്ടിപ്പ്: ‘എനി ടൈം മണി’യില്‍ പരിശോധന

‘നിധി’ കമ്പനിയുടെ പേരില്‍ നിക്ഷേപ തട്ടിപ്പ് വ്യാപകമായതോടെ പരിശോധനയും നടപടിയും കര്‍ശനമാക്കി. സഹകരണ സംഘങ്ങളേക്കാള്‍ സുരക്ഷിതമാണെന്ന നിക്ഷേപകരെ വിശ്വസിപ്പിച്ചാണ് പല നിധി കമ്പനികളിലേക്കും നിക്ഷേപം നടത്തിയിട്ടുള്ളത്. അത്തരത്തില്‍ വഞ്ചിതരായവരാണ് ഇപ്പോള്‍ പണം നഷ്ടമാകുന്ന സ്ഥിതിയുള്ളത്. കണ്ണൂരിലെ അര്‍ബന്‍ നിധി ലിമിറ്റഡില്‍ നിക്ഷേപിച്ച നൂറുകണക്കിനാളാണ് ഇപ്പോള്‍ പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുള്ളത്.

ഉയര്‍ന്നപലിശ വാഗ്ദാനംചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പുനടത്തിയെന്ന പരാതിയില്‍ കോഴിക്കോട് പാലാഴിയിലെ ‘എനി ടൈം മണി’ എന്ന സ്ഥാപനത്തില്‍ പന്തീരാങ്കാവ് പോലീസ് പരിശോധന നടത്തി. രേഖകളും കംപ്യൂട്ടറുകളും സീലുകളും പിടിച്ചെടുത്തു. രണ്ട് ജീവനക്കാരുടെ പരാതിയിലാണ് തിങ്കളാഴ്ച രാത്രി പോലീസ് പരിശോധന നടത്തിയത്. ഒരാള്‍ 15 ലക്ഷവും മറ്റൊരാള്‍ 22 ലക്ഷവുമാണ് നിക്ഷേപം നടത്തിയത്. കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ കഴിഞ്ഞദിവസം രണ്ടുപേര്‍ അറസ്റ്റിലായ കണ്ണൂര്‍ അര്‍ബന്‍ നിധി ലിമിറ്റഡിന്റെ അനുബന്ധസ്ഥാപനമാണ് എനി ടൈം മണി.

ഇവിടെ ജോലിചെയ്യുന്ന 20-ലേറെ ജീവനക്കാരില്‍നിന്നും ഉടമകള്‍ നിര്‍ബന്ധിച്ച് നിക്ഷേപം വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നുമൊക്കെ പണം സ്വരൂപിച്ചാണ് ജീവനക്കാരില്‍ പലരും നിക്ഷേപം നടത്തിയത്. സമയപരിധി തീര്‍ന്നിട്ടും പണം തിരിച്ച് ലഭിക്കാതായതോടെയാണ് പരാതിയുയര്‍ന്നത്. സ്ഥാപനത്തിലെ ജീവനക്കാരല്ലാത്തവരും പണം നിക്ഷേപിച്ചിട്ടുണ്ടെന്നാണ് പ്രാഥമികവിവരം.

പരിശോധനയില്‍ കണ്ണൂര്‍ അര്‍ബന്‍ നിധിയുടെയും പ്രതിക് അഗ്രോ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെയും രേഖകളും സീലുകളും പിടികൂടിയിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട് ജില്ലകളില്‍നിന്ന് പണംസ്വീകരിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയതിനാണ് കണ്ണൂര്‍ അര്‍ബന്‍ നിധി ലിമിറ്റഡിന്റെ രണ്ടു ഡയറക്ടര്‍മാര്‍ കഴിഞ്ഞദിവസം അറസ്റ്റിലായത്. പന്തീരാങ്കാവ് ഇന്‍സ്‌പെക്ടര്‍ എന്‍. ഗണേഷ് കുമാറിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ ടി.വി. ധനഞ്ജയദാസ്, യു.സി. പ്രകാശന്‍, എ.എസ്.ഐ. ഹരിപ്രസാദ്, പ്രബീഷ്, സബീഷ് കുമാര്‍, പ്രമോദ്, ശ്രീജിത്ത്കുമാര്‍, എം. രഞ്ജിത്ത്, പ്രസാദ് എന്നിവരാണ് പരിശോധന നടത്തിയത്.

Related posts

പലിശ ഇനിയും കുടും; റിപ്പോനിരക്ക് ഉയർത്തി റിസർവ് ബാങ്ക് 

Kerala Cooperator

രൂപയുടെ മൂല്യം കുറയുന്നു; വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ നിക്ഷേപം പിന്‍വലിക്കുന്നു

Kerala Cooperator

കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ വായ്പയുടെ തോത് 10,000 കോടിയാക്കും

Kerala Cooperator
error: Content is protected !!