Kerala Cooperator

കര്‍ഷകര്‍ക്ക് സഹായം ഉറപ്പാക്കാന്‍ ക്ഷീരസഹകരണ സംഘങ്ങളും അക്ഷയകേന്ദ്രങ്ങളും ഒന്നിക്കുന്നു  

സംസ്ഥാനത്തെ എല്ലാ ക്ഷീരകര്‍ഷകര്‍ക്കും സര്‍ക്കാരിന്റെ സഹായ പദ്ധതികളെത്തിക്കാന്‍ ക്ഷീരസഹകരണ സംഘങ്ങളും അക്ഷയകേന്ദ്രങ്ങളും ചേര്‍ന്ന് രജിസ്‌ട്രേഷന്‍ ഡ്രൈവ് നടത്താന്‍ തീരുമാനം. ക്ഷീരകര്‍ഷകരെ എല്ലാവരെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനും  ഏറ്റവും ഫലപ്രദമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതിനും വേണ്ടിയാണ് ക്ഷീരവികസനവകുപ്പ് ക്ഷീരശ്രീ പോര്‍ട്ടല്‍ രൂപകല്പന ചെയ്തിട്ടുള്ളത്. എല്ലാ ക്ഷീരകര്‍ഷകരെയും ഈ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യിപ്പിക്കുക വഴി ക്ഷീര കര്‍ഷകരുടെ സമഗ്രമായ ഒരു ഡാറ്റാബേസ് തയ്യാറാക്കപ്പെടുകയും കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, ക്ഷീര കര്‍ഷകരുടെ ക്ഷേമം മുന്‍നിര്‍ത്തി  വകുപ്പ് മന്ത്രി വാഗ്ദാനം നല്കിയിട്ടുള്ള ഉല്‍പ്പാദന ബോണസ് പദ്ധതി സാക്ഷാത്കരിക്കുന്നതിനാണ് ദ്രുതഗതിയില്‍ ക്ഷീര കര്‍ഷക രജിസ്‌ട്രേഷന്‍ ഡ്രൈവ് പൂര്‍ത്തിയാക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഓഗസ്റ്റ് 15 മുതല്‍ 20 വരെ 6 ദിവസമാണ് രജിസ്‌ട്രേഷന്‍ ഡ്രൈവ് നടപ്പിലാക്കുക.

നിലവില്‍ രണ്ട് ലക്ഷത്തോളം കര്‍ഷകരാണ് 3600 ഓളം ക്ഷീര സംഘങ്ങള്‍ മുഖേന പാല്‍ നല്‍കി വരുന്നത്.  ഈ കര്‍ഷകരെ രജിസ്റ്റര്‍ ചെയ്യുക എന്നുള്ളതാണ് ക്ഷീര കര്‍ഷക രജിസ്‌ട്രേഷന്‍ ഡ്രൈവിന്റെ പ്രാഥമിക ലക്ഷ്യം.  തുടര്‍ന്ന് ക്ഷീര സഹകരണ മേഖലയ്ക്ക് പുറത്തുള്ള സംഘങ്ങളില്‍ പാലൊഴിക്കാത്ത ക്ഷീരകര്‍ഷകരെയും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതാണ്.   കേരളത്തില്‍ ഉടനീളമുള്ള അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയാണ് ഈ രജിസ്‌ട്രേഷന്‍ ഡ്രൈവ് പൂര്‍ത്തിയാക്കുവാന്‍ ഉദ്ദേശിക്കുന്നത്.

അക്ഷയ കേന്ദ്രങ്ങളില്‍ നിന്നുമുള്ള ഒരു സ്റ്റാഫ് ക്ഷീര സഹകരണ സംഘങ്ങള്‍ സന്ദര്‍ശിക്കുകയും പാലൊഴിക്കാന്‍ എത്തുന്ന ക്ഷീരകര്‍ഷകരുടെ രജിസ്‌ട്രേഷന്‍ അവിടെ വെച്ച് തന്നെ പൂര്‍ത്തിയാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമിടുന്നത്. കേരളത്തില്‍  ആധാര്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുന്നതിന് ഗണ്യമായ പങ്കുവഹിച്ച  2700 ഓളം അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയും 3600 ഓളം ക്ഷീര സംഘങ്ങള്‍ മുഖേനയും ഈ ക്ഷീരകര്‍ഷക രജിസ്‌ട്രേഷന്‍ ഡ്രൈവ് ത്വരിതഗതിയില്‍ പൂര്‍ത്തീകരിക്കാവുന്നതാണ്.

ക്ഷീരകര്‍ഷകര്‍ക്ക് സമീപത്തുള്ള അക്ഷയകേന്ദ്രങ്ങള്‍ മുഖേനയും ക്ഷീര സഹകരണ സംഘങ്ങള്‍ മുഖേനയും ക്ഷീര വികസന ഓഫീസുകള്‍ മുഖേനയും സ്വന്തം മൊബൈല്‍ ഫോണിലൂടെയും ഇന്റര്‍നെറ്റ് ഉപയോഗിച്ച് ksheersaree.kerala.gov.in എന്ന പോര്‍ട്ടല്‍ സന്ദര്‍ശിച്ച് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുവാന്‍ സാധിക്കും. എല്ലാ ക്ഷീരകര്‍ഷകരും ഈ അവസരം ഉപയോഗിച്ച് നിശ്ചിത സമയ പരിധിക്കുള്ളില്‍ തന്നെ അതായത് ഓഗസ്റ്റ് 20നുള്ളില്‍ തന്നെ തങ്ങളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി സ്മാര്‍ട്ട് ഐ.ഡി. കരസ്ഥമാക്കേണ്ടതാണെന്നും വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

ക്ഷീരവികസന വകുപ്പ് മുഖേന നല്‍കുന്ന എല്ലാ സബ്‌സിഡി ആനുകൂല്യങ്ങളും കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് ലഭ്യമാക്കാനും ക്ഷീരശ്രീ പോര്‍ട്ടല്‍ വഴി കഴിയും. ഇതേ ഐഡി ഉപയോഗിച്ചു തന്നെ ഭാവിയില്‍ മറ്റ് വകുപ്പുകളുടെ ആനുകൂല്യങ്ങളും ഏകജാലക സംവിധാനം വഴി കര്‍ഷകര്‍ക്ക് ലഭ്യമാക്കാനും ആലോചനയുണ്ട്. ഈ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യുന്ന കര്‍ഷകര്‍ക്ക് ഓണത്തിന് മുമ്പായി സര്‍ക്കാര്‍ പ്രഖ്യാപിച്ച മില്‍ക് ഇന്‍സെന്റീവ് ലഭ്യമാക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, ആസൂത്രണ ബോര്‍ഡ് തദ്ദേശ ഭരണ വകുപ്പ് എന്നിവയുടെ കൂട്ടായ ശ്രമഫലമായി കഴിയുമെന്നും മന്ത്രി അറിയിച്ചു.

Related posts

സഹകരണം പഠിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം; ഓണ്‍ലൈനായി അപേക്ഷിക്കാം

Kerala Cooperator

വയനാട്ടില്‍ അച്ചടിശാലയൊരുക്കാന്‍ പുതിയ സഹകരണസംഘം

Kerala cooperator

ജോലിനഷ്ടമായ പ്രവാസികള്‍ക്ക് തൊഴിലുറപ്പാക്കാന്‍ ഒരു സഹകരണ സംഘം

error: Content is protected !!