Kerala Cooperator

സഹകരണ ജീവനക്കാരുടെ അവകാശങ്ങളെ നിഷേധിക്കുന്ന ചട്ടം ഭേദഗതി

പ്രാഥമിക സഹകരണ സംഘങ്ങളിലെ നിയമനത്തിന് പുതിയ മാനദണ്ഡം കൊണ്ടുവന്ന സഹകരണ വകുപ്പിന്റെ ചട്ടം ഭേദഗതിക്കെതിരെ കടുത്ത എതിര്‍പ്പുമായി സംസ്ഥാന സഹകരണ എംപ്ലോയീസ് യൂണിയന്‍. നിരവധി പോരാട്ടങ്ങളിലൂടെ സഹകരണ ജീവനക്കാര്‍ നേടിയെടുത്ത അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്ന തരത്തിലുള്ളതാണ് സഹകരണ വകുപ്പ് നടത്തിയിട്ടുള്ള ചട്ടം ഭേദഗതികളെന്ന് യൂണിയന്‍ കുറ്റപ്പെടുത്തി.

സഹകരണ മേഖലയുടെ വളര്‍ച്ചക്കും പുരോഗതിക്കും മറ്റാരേക്കാളും പ്രവര്‍ത്തി ക്കുന്നത് സഹകരണ ജീവനക്കാര്‍ തന്നെയാണ്. യോഗ്യതയും കഴിവുമുണ്ടായിട്ടും ഒരു ജീവനക്കാരന് അര്‍ഹിക്കുന്ന സ്ഥാനക്കയറ്റം ഇല്ലാതാക്കുന്ന പരിഷ്‌കാരമാണ് ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്. ഇത് തിരുത്തിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ യൂണിയന്‍ നിര്‍ബന്ധിതമാകുമെന്ന് സംസ്ഥാന പ്രസിഡന്റ് പി.എം. വഹീദയും ജനറല്‍ സെക്രട്ടറി എന്‍.കെ. രാമചന്ദ്രനും മുന്നറിയിപ്പ് നല്‍കി.

സഹകരണ ചട്ടം 185(10) ഭേദഗതി ചില സ്ഥാപനങ്ങളില്‍ സബ്സ്റ്റാഫ് ജീവനക്കാര്‍ക്ക് പിരിയുന്നത് വരെ പ്രമോഷന്‍ ലഭിക്കാത്ത നിലയിലാണ്. ചട്ടം 185(5) ഭേദഗതിയിലൂടെ യോഗ്യതാ പരീക്ഷക്ക് ലഭിച്ചുകൊണ്ടിരുന്ന ഗ്രേസ് മാര്‍ക്ക് എടുത്ത് കളഞ്ഞു. ഒടുവില്‍ സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപം കൂടിയാല്‍ പ്രമോഷന്‍ സാധ്യത അടഞ്ഞു പോകും എന്നാണ് ചട്ടം 185(2)ന്റെ ഭേദഗതിയിലൂടെ സഹകരണ ജീവനക്കാര്‍ക്ക് നല്‍കുന്ന സന്ദേശം.

10 കോടി രൂപയിലധികം നിക്ഷേപമുള്ള അര്‍ബ്ബന്‍ ബാങ്കുകളിലേയും പ്രാഥമിക സഹകരണ സംഘങ്ങളിലേയും അസ്സിസ്റ്റന്റ് സ്രെകട്ടറി/ മാനേജര്‍ തസ്തികകളിലേക്കും തത്തുല്ല്യമായ മറ്റ് തസ്തികകളിലേക്കും ഉണ്ടാവുന്ന ഒഴിവുകള്‍ പ്രമോഷന്‍ വഴിയും നേരിട്ടുള്ള നിയമനം വഴിയും നികത്തേണ്ടത് 3-1 എന്ന അനുപാതത്തിലായിരിക്കും എന്നാണ് ചട്ടം 185 (2)(1) പ്രകാരം നിലവിലുണ്ടായിരുന്നത്.

ഇത് ചട്ടം 185 (2 ബി) പ്രകാരം 20 കോടിക്കും 100കോടിക്കും ഇടയില്‍ നിക്ഷേപമുള്ള സംഘങ്ങളില്‍ ഈ അനുപാതം 2-1 ഉം, ചട്ടം 185 (2സി) പ്രകാരം 100 കോടിക്ക് മുകളില്‍ നിക്ഷേപമുള്ള സംഘങ്ങളില്‍ ഈ അനുപാതം 1-1 ഉം ആയി ഭേദഗതി വരുത്തി.  സഹകരണ ജീവനക്കാരെ ദോഷകരമായി ബാധിക്കുന്ന ഈ ഭേദഗതി പിന്‍വലിക്കണമെന്ന് യൂണിയന്‍ ആവശ്യപ്പെട്ടു.

Related posts

സഹകരണ മേഖലയ്ക്ക് പ്രാധാന്യം നല്‍കുന്ന ബജറ്റ്

Kerala Cooperator

സഹകരണ സംഘങ്ങളിലെ ക്രമക്കേട്   തടയാന്‍ സമഗ്ര നിയമം കൊണ്ടുവരും –  വി.എന്‍. വാസവന്‍

Kerala Cooperator

ജാതിപ്പേര് വിളിച്ചെന്ന പരാതിയിൽ സഹകരണ ബാങ്ക് ജീവനക്കാരിക്ക് സസ്പെൻഷൻ

Kerala Cooperator
error: Content is protected !!