Kerala Cooperator

സഹകരണ ബാങ്കുകളെ മറികടന്ന് കെ.എഫ്.സി. ഡെബിറ്റ് കാര്‍ഡ് പുറത്തിറക്കുന്നു

ര്‍ക്കാര്‍ ധനകാര്യ സ്ഥാപനമായ കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ഡെബിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കുന്നു. പൊതുമേഖലാ ബാങ്കുകളുമായി ചേര്‍ന്ന് കെ.എഫ്.സി.യുടെ സ്വന്തം ബ്രാന്‍ഡിലായിരുക്കും കാര്‍ഡ്. സഹകരണ ബാങ്കിങ് മേഖലയില്‍ പോലും ഏകീകൃത ക്രഡിറ്റ് കാര്‍ഡ് ഇറക്കാന്‍ കഴിഞ്ഞിട്ടില്ല. സഹകരണ ബാങ്കിങ് നെറ്റ്‌വര്‍ക്ക് ഏറ്റവും ശക്തമാണെന്ന് അവകാശപ്പെടുന്ന കേരളത്തിലാണ്, അതിനെ മറികടന്ന് കെ.എഫ്.സി. ഈ നേട്ടം സ്വന്തമാക്കുന്നത്.


അഞ്ചു വര്‍ഷം കാലാവധിയുള്ള റുപേയ് പ്ലാറ്റിനം കാര്‍ഡുകള്‍ ആയിരിക്കും കെ.എഫ്.സി. നല്‍കുക. ഈ കാര്‍ഡുകള്‍ ഉപയോഗിച്ച് എ.ടി.എം, പി.ഒ. എസ്. മെഷീനുകള്‍, ഓണ്‍ലൈന്‍ ഇടപാടുകള്‍ തുടങ്ങി സാധാരണ ഡെബിറ്റ് കാര്‍ഡുകള്‍ വഴി നടത്തുന്ന എല്ലാ ഇടപാടുകളും നടത്താനാകും. ഇതുകൂടാതെ കാര്‍ഡുകള്‍ കെ.എഫ്.സി. യുടെ മൊബൈല്‍ ആപ്പുമായി ബന്ധപ്പെടുത്തി വലിയ തുകയുടെ ഇടപാടുകളും നടത്താനാകും. കേരളത്തിന്റെ സ്വന്തം ധനകാര്യ സ്ഥാപനമായി കെ.എഫ്.സി.യെ മാറ്റുകയാണ് ലക്ഷ്യമിടുന്നത്.

കോവിഡ് വ്യാപനത്തിന് ശേഷം ഇ-കൊമേഴ്‌സ് രംഗം കൂടുതല്‍ ശക്തമായിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളിലേറെയും ഡിജിറ്റല്‍ രൂപത്തിലേക്ക് മാറി. പണം ഉപയോഗിക്കുന്നത് കുറയികയും കാര്‍ഡ് ഉപയോഗം കൂടുകയും ചെയ്തു. ഈ മാറിയ സാഹചര്യത്തിന് അനുസരിച്ച് കെ.എഫ്.സി. ജനകീയ ധനകാര്യ സ്ഥാപനമാക്കി മാറ്റാനുള്ള ചുവടുവെപ്പാണ് ഇപ്പോള്‍ നടത്തുന്നത്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, കാര്‍ഡുകളുമായി ബന്ധപ്പെട്ട് ഇറക്കിയിട്ടുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായാണ് കെ.എഫ്.സി. ഡെബിറ്റ് കാര്‍ഡ് ഇറക്കുന്നത്. ഇനി മുതല്‍ കെ.എഫ്.സി. സംരംഭകര്‍ക്കുള്ള വായ്പാ വിതരണവും തിരിച്ചടവും കാര്‍ഡുവഴി ആയിരിക്കും. കാര്‍ഡ് മുഖേന പണം കൊടുക്കുന്ന സംവിധാനം വരുമ്പോള്‍ വായ്പാ വിനിയോഗം കൃത്യമായി നിരീക്ഷിക്കാനാകും- ടോമിന്‍ ജെ തച്ചങ്കരി, കെ.എഫ്.സി – സി.എം.ഡി.

മുന്‍കാലങ്ങളില്‍ കെ.എഫ്.സി. വായ്പകളിളേക്കുള്ള തിരിച്ചടവ് മാസം തോറും ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രധാന വായ്പകളിലേക്കുള്ള തിരിച്ചടവ് ആഴ്ചതോറും അല്ലെങ്കില്‍ ദിനംതോറും എന്ന രീതിയില്‍ മാറ്റിയിട്ടുണ്ട്. ഗൂഗിള്‍ പേ പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഇത് നടപ്പിലാക്കിയിരിക്കുന്നത്. കാര്‍ഡ് സംവിധാനം നിലവില്‍ വന്നാല്‍ ഇത്തരം തിരിച്ചടവ് കുറച്ചുകൂടി ലളിതമാകും. കറന്‍സി ഇടപാടുകള്‍ നിര്‍ത്തലാക്കി പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഒരു പ്രധാന പടിയാണിത്.

ഇതിനു പുറമെ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്കും ഡെബിറ്റ് കാര്‍ഡ് നല്‍കും. അവരുടെ ശമ്പളവും മറ്റ് അലവന്‍സുകളും ഈ രീതിയില്‍ നല്‍കുന്നതാണ്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സര്‍ക്കാര്‍ ധനകാര്യ സ്ഥാപനം ഡെബിറ്റ് കാര്‍ഡുകള്‍ വിപണിയിലിറക്കുന്നത്. പുതിയ മാറ്റം കെ.എഫ്.സി.യുടെ ബിസിനസ് മെച്ചപ്പെടുത്തുന്നതാകുമെന്നാണ് മാനേജ്‌മെന്റിന്റെ പ്രതീക്ഷ. വായ്പ വിതരണത്തില്‍ മുന്‍കാലങ്ങളിലൊന്നുമില്ലാത്ത മുന്നേറ്റം കെ.എഫ്.സി. ഇതിനകം നേടിയിട്ടുണ്ട്. വായ്പ സ്‌കീമിലെ വൈവിധ്യവല്‍ക്കരണമാണ് ഇതിനിടയാക്കിയത്. ഇതിനെ അധുനിക ബാങ്കിങ് രീതിയുമായി ബന്ധിപ്പിക്കാനായാല്‍ വായ്പ വിതരണവും തിരിച്ചടവും കാര്യക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Related posts

‘ഗൂഗിൾ പേ’യിലൂടെ ഇനി സ്ഥിര നിക്ഷേപവും നൽകാം

Kerala Cooperator

ചർച്ച ഫലംകണ്ടില്ല, സമരത്തിലുറച്ച് ബാങ്ക് യൂണിയനുകൾ

Kerala Cooperator

സംരംഭങ്ങള്‍ക്ക് 10ലക്ഷംവരെ വായ്പ; നാലുശതമാനം പലിശ

Kerala Cooperator
error: Content is protected !!