Kerala Cooperator

രജിസ്ട്രാറെ ‘ബൈപ്പാസ്’ ചെയ്തു; കേരളബാങ്ക് സ്ഥിരപ്പെടുത്തല്‍ ഫയല്‍ മടക്കി

ഹകരണ സംഘം രജിസ്ട്രാര്‍ അറിയാതെ കേരളബാങ്കില്‍ 1800 ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ശ്രമം സഹകരണ വകുപ്പ് സെക്രട്ടറി തടഞ്ഞു. രജിസ്ട്രാര്‍ അറിയാതെയും ഇത്രയും പേരെ നിയമിക്കുമ്പോഴുള്ള സാമ്പത്തിക ബാധ്യത പരിശോധിക്കാതെയുമുള്ള തീരുമാനം അംഗീകരിക്കാനാവില്ലെന്ന് കേരളബാങ്ക് സി.ഇ.ഒ.യ്ക്ക് സഹകരണ വകുപ്പ് അഡീഷ്ണല്‍ സെക്രട്ടറി നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി.

കേരളബാങ്ക് ഭരണസമിതി തീരുമാനം നടപ്പക്കാനുള്ള അനുമതിക്കായാണ് സര്‍ക്കാരിനെ സമീപിച്ചത്. കളക്ഷന്‍ ഏജന്റ്-880, സെക്യൂരിറ്റി -289, ക്ലാര്‍ക്ക് -140, നൈറ്റ് വാച്ച്മാന്‍-71, സ്വീപ്പര്‍ 70, ലിഫ്റ്റ് ഓപ്പറേറ്റര്‍ -4, ഇലക്ട്രീഷ്യന്‍ -4, കീ ബോയ് -3, ഗണ്‍മാന്‍-1 എന്നിങ്ങനെയാണ് സ്ഥിരപ്പെടുത്താനുള്ള പട്ടിക തയ്യാറാക്കിയത്. സഹകരണ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍നിന്നാണ് ഈ പട്ടികയ്ക്ക് അന്തിമ രൂപം നല്‍കിയത്. അത് കേരളബാങ്ക് ഭരണസമിതി അംഗീകരിക്കുകയായിരുന്നു.

പി.എസ്.സി. വഴിയാണ് സംസ്ഥാന സഹകരണ ബാങ്കിലും ജില്ലാസഹകരണ ബാങ്കുകളിലും നിയമനം നടത്തേണ്ടത്. ഇതിനുള്ള നിയമനചട്ടം പി.എസ്.സി. അംഗീകരിച്ചതുമാണ്. എന്നാല്‍, സംസ്ഥാന-ജില്ലാ ബാങ്കുകളുടെ ലയനത്തോടെ ഈ നിയമനം ചട്ടം പരിഷ്‌കരിക്കേണ്ടിവന്നു. അതിനുള്ള കരട് ചട്ടം തയ്യാറാക്കിയിട്ടുണ്ട്. 31 തസ്തികകളാണ് കരട് ചട്ടത്തിലുള്ളത്. എം.ഡി. മുതല്‍ പ്യൂണ്‍ വരെയുള്ള 20 ജനറല്‍ തസ്തികകളും അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍മുതല്‍ പ്ലംബര്‍വരെയുള്ള 11 സ്പെഷ്യല്‍ തസ്തികകളുമുണ്ട്. ഇവയില്‍ 15 എണ്ണത്തില്‍ പി.എസ്.സി. വഴിയുള്ള നിയമനങ്ങളാണു ശുപാര്‍ശ ചെയ്യുന്നത്. ചട്ടം അംഗീകരിച്ച് നിയമനം പി.എസ്.സി.ക്കു വിടുന്നതിനുമുമ്പ് താത്കാലികക്കാരെ സ്ഥിരപ്പെടുത്താനാണു ശ്രമിച്ചത്.

സഹകരണ സ്ഥാപനങ്ങളില്‍ താല്‍ക്കാലിക നിയമനത്തിന് പോലും സഹകരണ സംഘം രജിസ്ട്രാറുടെ മുന്‍കൂര്‍ അനുമതി വേണമെന്ന് ചട്ടത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാല്‍, ഈ വ്യവസ്ഥ കേരളബാങ്കിന്റെ പ്രവര്‍ത്തനത്തിന് തടസ്സമാണെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തില്‍, കരാര്‍ നിയമനത്തിന് മുന്‍കൂര്‍ അനുമതി വേണമെന്ന വ്യവസ്ഥ കേരളബാങ്കിന് സര്‍ക്കാര്‍ ഒഴിവാക്കിക്കൊടുത്തു. ബാങ്കിങ് സ്ഥാപനങ്ങളില്‍ പ്രധാന തസ്തികകളിലും പി.എസ്.സി.ക്ക് വിട്ട തസ്തികകളിലും കരാര്‍ നിയമനം പാടില്ലെന്ന വ്യവസ്ഥയും കേരളബാങ്കിന് ബാധകമല്ലെന്ന് സര്‍ക്കാര്‍ ചട്ടത്തില്‍ ഭേദഗതി വരുത്തി.

ഇത് മറയാക്കിയാണ് താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനുള്ള ഫയലും രജിസ്ട്രാര്‍ അറിയാതെ നേരിട്ട് സര്‍ക്കാരിന് നല്‍കിയത്. സഹകരണ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ തീരുമാനം ആവശ്യമായ കാര്യങ്ങള്‍ക്ക് രജിസ്ട്രാറുടെ ശുപാര്‍ശയോടെയാണ് അപേക്ഷ നല്‍കാറുള്ളത്. സ്ഥാപനങ്ങള്‍ രജിസ്ട്രാര്‍ക്കും, രജിസ്ട്രാര്‍ അത് പരിശോധിച്ച് ശുപാര്‍ശയോടെ സര്‍ക്കാരിനും നല്‍കുന്നതാണ് രീതി. എന്നാല്‍, കേരളബാങ്കിന്റെ കാര്യത്തില്‍ രജിസ്ട്രാറെ പരിഗണിക്കാതെയാണ് തീരുമാനം എടുക്കാറുള്ളത്.

അനധികൃത നിയമനങ്ങള്‍ വിവാദമായതോടെയാണ് കേരളബാങ്കിന്റെ സ്ഥിരപ്പെടുത്തല്‍ ഫയല്‍ സഹകരണ വകുപ്പ് സെക്രട്ടറി മടക്കിയത്. ഇത്രയധികം ഉദ്യോഗസ്ഥരെ സ്ഥിരപ്പെടുത്തുമ്പോള്‍ ബാങ്കിനുണ്ടാകുന്ന സാമ്പത്തിക ബാധ്യത എത്രയാണെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് കേരളബാങ്ക് സി.ഇ.ഒ.യ്ക്ക് നല്‍കിയ കത്തില്‍ പറയുന്നു. ഈ പരിശോധന നടത്തി അതിന്റെ റിപ്പോര്‍ട്ട് സഹിതം അപേക്ഷ പുതുക്കി സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. അത് സഹകരണ സംഘം രജിസ്ട്രാര്‍ മുഖേന ആവണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഇതില്‍ ഇനി രജിസ്ട്രാറുടെ നിലപാട് നിര്‍ണായകമാകും. മറ്റ് പൊതുമേഖല, സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കൂട്ടത്തോടെ സ്ഥിരപ്പെടുത്തല്‍ നടത്തുന്ന മന്ത്രിസഭ തീരുമാനിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്. ഈ ഫയലുകളിലെല്ലാം ഇങ്ങനെ സ്ഥിരപ്പെടുത്തുന്നത് സുപ്രീംകോടതി ഉത്തരവിന് എതിരാണെന്ന് അതത് വകുപ്പ് സെക്രട്ടറിമാര്‍ കുറിപ്പെഴുതാറുണ്ട്. ഇത് മറികടന്ന് തീരുമാനമെടുക്കാന്‍ മന്ത്രിസഭയ്ക്ക് അധികാരമുണ്ടെന്നതാണ് മറ്റ് നിയമനങ്ങള്‍ നടക്കാന്‍ കാരണം.

എന്നാല്‍, സഹകരണ സംഘം രജിസ്ട്രാര്‍ ശുപാര്‍ശ ചെയ്യുന്ന ഫയലുകളാണ് സഹകരണ സ്ഥാപനങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരിന് പരിഗണിക്കാവുക. കേരളബാങ്കിന്റെ സ്ഥിരപ്പെടുത്തല്‍ ശ്രമം രജിസ്ട്രാര്‍ അംഗീകരിക്കാതിരിക്കുകയും ശുപാര്‍ശയോടെ ഫയല്‍ നല്‍കാതിരിക്കുകയും ചെയ്താല്‍ നിയമനം നടക്കാനിടയില്ല. സഹകരണ സംഘം രിജിസ്ട്രാര്‍ തസ്തികയില്‍ ഇപ്പോള്‍ സ്ഥിരം ചുമതലയില്‍ ഉദ്യോഗസ്ഥനില്ല. അതിനാല്‍, രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായാല്‍ കേരളബാങ്കിന്റെ നിയമന നീക്കം വേഗത്തില്‍ നടപ്പാക്കാനുമാകും.

 

Related posts

കുട്ടികളെ മാലിന്യ സംസ്‌കരണം പഠിപ്പിക്കാന്‍ സ്‌കൂളില്‍ ‘ശുചിത്വം സഹകരണം’ പദ്ധതി

Kerala Cooperator

പാലിന് അഞ്ചു രൂപ കൂട്ടണമെന്ന ആവശ്യവുമായി മിൽമ

Kerala Cooperator

ഒടുവില്‍ തീരുമാനമായി; പ്രാഥമിക സഹകരണ ബാങ്കുകള്‍ ‘ബാങ്ക്’ ഉപേക്ഷിക്കേണ്ടിവരും

Kerala Cooperator
error: Content is protected !!