Kerala Cooperator

മലപ്പുറത്തെ കേരളബാങ്കില്‍ ലയിപ്പിക്കും; എതിര്‍പ്പുള്ളവര്‍ക്ക് പിരിയാം – EXCLUSIVE

  • നിര്‍ബന്ധിത ലയനത്തിന് വ്യവസ്ഥ ചെയ്യാന്‍ നിയമത്തില്‍ ഭേദഗതി വരുത്തുന്നു
  • രജിസ്ട്രാര്‍ക്ക് ഒരു ഉത്തരവിലൂടെ ലയനം നടപ്പാക്കാം
  • എതിര്‍പ്പുള്ള സംഘങ്ങള്‍ക്ക് ഓഹരിയും നിക്ഷേപവും പിന്‍വലിച്ച് പിരിയാമെന്ന് വ്യവസ്ഥ
  • മലപ്പുറത്തെ പ്രാഥമിക സഹകരണ ബാങ്കുകളും കേരളബാങ്കില്‍ അംഗമായതിനാല്‍ സാങ്കേതിക പ്രശ്‌നമില്ല

ലപ്പുറം ജില്ലാസഹകരണ ബാങ്കിനെ കേരളബാങ്കില്‍ ലയിപ്പിക്കുന്നതിന് സര്‍ക്കാര്‍ സഹകരണ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്നു. സഹകരണ സംഘം രജിസ്ട്രാര്‍ക്ക് പ്രത്യേക ഉത്തരവിലൂടെ ലയനം നടത്താന്‍ അധികാരം നല്‍കുന്ന വിധത്തിലാണ് ഭേദഗതി ചെയ്യുന്നത്. റിസര്‍വ് ബാങ്കിന്റെ അനുമതി വാങ്ങിയാകും രജിസ്ട്രാര്‍ ഉത്തരവിറക്കുക. എതിര്‍പ്പുള്ള നിക്ഷേപകര്‍ക്കും ഓഹരി ഉടമകളായ സഹകരണ സംഘങ്ങള്‍ക്കും അവരുടെ പണം പിന്‍വലിച്ച് ബന്ധം അവസാനിപ്പിക്കാമെന്നാണ് നിയമത്തിലെ വ്യവസ്ഥ. ഇതിനുള്ള ബില്ല് തയ്യാറാക്കികഴിഞ്ഞു. ഈ നിയമസഭാസമ്മേളനത്തില്‍തന്നെ നിയമം പാസാക്കിയേക്കും.

കേരളബാങ്ക് രൂപീകരിക്കുന്നതിനായി കേരള സഹകരണ സംഘം നിയമത്തില്‍ നേരത്തെ ഭേദഗതി കൊണ്ടുവന്നിരുന്നു. സഹകരണ വായ്പ ഘടന രണ്ടുതട്ടിലേക്ക് മാറ്റിക്കൊണ്ടായിരുന്നു ഇതിലെ വ്യവസ്ഥ. കേരള ബാങ്കും പ്രാഥമിക സഹകരണ ബാങ്കുകളും എന്ന രീതിയില്‍ മാത്രമാണ് നിയമത്തില്‍ ഇപ്പോള്‍ സഹകരണ വായ്പ ഘടന നിര്‍ണയിച്ചിട്ടുള്ളത്. ജില്ലാസഹകരണ ബാങ്കുകളുടെ നിര്‍വചനം കേരളബാങ്ക് രൂപീകരിക്കുന്നതുവരെ നിലനില്‍ക്കുന്ന കേന്ദ്ര സംഘം എന്നാക്കി മാറ്റിയിരുന്നു.

കേരളബാങ്ക് നിലവില്‍വന്നതോടെ, അതിന്റെ ഭാഗമാകാതെ മാറിനിന്ന മലപ്പുറം ജില്ലാബാങ്കിന് യഥാര്‍ത്ഥത്തില്‍ ജില്ലാസഹകരണ ബാങ്ക് എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ടായിരുന്നില്ല. പുതിയ ഭേദഗതിയില്‍ അതിനും മാറ്റം നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2020 ജനുവരി 15 മുതല്‍ രണ്ടുവര്‍ഷത്തേക്ക് മലപ്പുറം ജില്ലാസഹകരണ ബാങ്കിന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നുണ്ട്. അതായത്, 2022 ജനുവരി 15വരെയാണ് പരമാവധി മലപ്പുറം ജില്ലാബാങ്കിന് പ്രവര്‍ത്തിക്കാനാകുക. ഇതിന് മുമ്പ് റിസര്‍വ് ബാങ്കിന്റെ അനുമതിയോടെ പ്രത്യേക ഉത്തരവിറക്കി മലപ്പുറത്തെ കേരളബാങ്കിന്റെ ഭാഗമാക്കി മാറ്റണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത്.

എങ്ങനെ ലയിപ്പിക്കണം

  •  ലയന നിര്‍ദ്ദേശത്തിന്റെ ഒരു പകര്‍പ്പ് എല്ലാ അംഗ സംഘങ്ങള്‍ക്കും രജിസ്‌ട്രേര്‍ഡ് തപാലില്‍ അയച്ചുകൊടുക്കണം. അംഗങ്ങള്‍ക്ക് അവരുടെ എതിര്‍പ്പും നിര്‍ദ്ദേശങ്ങളുമെല്ലാം അറിയിക്കാനാണിത്. ഇതിനൊപ്പം ജില്ലാസഹകരണ ബാങ്കിന്റെ പ്രവര്‍ത്തന പരിധിയില്‍ നല്ല പ്രചരണമുള്ള രണ്ട് പത്രങ്ങളില്‍ ഇത് സംബന്ധിച്ച് പരസ്യവും നല്‍കണം.
  • അംഗങ്ങളായ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും ഇടപാടുകാര്‍ക്കും അവരുടെ നിര്‍ദ്ദേശങ്ങളും നിലപാടുകളും അറിയിക്കുന്നതിന് 15 ദിവസം നല്‍കണം. ലയന നിര്‍ദ്ദേശം തപാലില്‍ അയക്കുന്ന ദിവസം മുതലാണ് 15 ദിവസം കണക്കാക്കുക.
  • സംഘങ്ങളുടെയും ഇടപാടുകരുടെയും നിര്‍ദ്ദേശങ്ങളും എതിര്‍പ്പുകളും രജിസ്ട്രാര്‍ പരിഗണിച്ചാകണം അന്തിമ ഉത്തരവിറക്കേണ്ടത്.
  • ഏതെങ്കിലും അംഗ സംഘങ്ങളോ നിക്ഷേപകരോ, വായ്പ എടുത്തവരോ ലയനത്തെ എതിര്‍ക്കുകയാണെങ്കില്‍ അവര്‍ക്ക് ജില്ലാസഹകരണ ബാങ്കുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ 30 ദിവസം സമയം നല്‍കണം. ഇതിനുള്ളില്‍ നിക്ഷേപവും ഓഹരിയും പിന്‍വലിക്കാം. വായ്പ അടച്ചുതീര്‍ത്ത് ബാധ്യത ഒഴിവാക്കാം.
  • രജിസ്ട്രാറുടെ ലയന ഉത്തരവ് ഇറങ്ങുന്നതോടെ മലപ്പുറം ജില്ലാബാങ്കിന്റെ മുഴുവന്‍ ആസ്തി ബാധ്യതകളും കേരളബാങ്കിന്റേതായി മാറും. ജില്ലാബാങ്കിന്റെ നിലവിലുള്ള എല്ലാകരാറുകളും ഡീഡുകളും കേരളബാങ്കിന്റെ പേരിലേക്ക് മാറിയതായി കണക്കാക്കും. ഇതിന് പ്രത്യേക നിയമത്തിന്റെ ആവശ്യമില്ല.

എന്തുകൊണ്ട് ലയിപ്പിക്കുന്നു

എന്തുകൊണ്ടാണ് മലപ്പുറം ജില്ലാസഹകരണ ബാങ്കിനെ കേരളബാങ്കില്‍ നിര്‍ബന്ധിതമായി ലയിപ്പിക്കണമെന്നതിനുള്ള വിശദീകരണവും സര്‍ക്കാര്‍ നിയമഭേദഗതിക്കായി കൊണ്ടുവരുന്ന ബില്ലിനൊപ്പം സമര്‍പ്പിക്കുന്നുണ്ട്. സഹകരണ വായ്പ ഘടന രണ്ടുതട്ടിലേക്ക് മാറ്റാനാണ് ജില്ലാസഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ നടപടക്രമം എളുപ്പമാക്കാന്‍ പൊതുയോഗത്തിന്റെ മൂന്നില്‍രണ്ട് ഭൂരിപക്ഷമെന്ന വ്യവസ്ഥമാറ്റി നിയമത്തില്‍ കേവല ഭൂരിപക്ഷം മതിയെന്നുകൊണ്ടുവന്നു. എന്നാല്‍, മലപ്പുറം ഈ ലയന നിര്‍ദ്ദേശത്തെ പൂര്‍ണമായും തള്ളി. ലയനത്തിന്റെ ഉദ്ദേശത്തെ ഉള്‍കൊള്ളാന്‍ മലപ്പുറം ജില്ലാബാങ്കിനായില്ല. ഇടത്തട്ടിലെ പലിശയും, മറ്റുചെലവുകളും, പണത്തിന്റെ ഇടത്തട്ട് കേന്ദ്രീകരണവും ഒഴിവാക്കാനാണ് ജില്ലാബാങ്കുകളെ സര്‍ക്കാര്‍ ഇല്ലാതാക്കിയത്. ഇത് മലപ്പുറത്ത് നടന്നില്ല.

ഇപ്പോഴത്തെ നിയമമനുസരിച്ച് മലപ്പുറം ജില്ലാസഹകരണ ബാങ്കിന്റെ നിലനില്‍പ് അപകടത്തിലാണ്. മലപ്പുറം ജില്ലയിലെ അടക്കം എല്ലാ പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളും കേരളബാങ്കിന്റെ അംഗങ്ങളാണ്. ജില്ലാബാങ്കിന്റെ ഭൂരിപക്ഷം ഫണ്ടും ഈ പ്രാഥമിക സഹകരണ ബാങ്കുകളുടേതാണ്. അവരത് പിന്‍വലിച്ചാല്‍ ജില്ലാബാങ്കിന്റെ നിലനില്‍പ് വെല്ലുവിളിയിലാകും. അതുകൊണ്ടാണ്, ലയനനിര്‍ദ്ദേശം പൊതുയോഗം തള്ളിയാലും മലപ്പുറം ജില്ലാബാങ്കിനെ കേരളബാങ്കിനോട് ചേര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നാണ് ബില്ലിനൊപ്പം നല്‍കുന്ന വിശദീകരണത്തിലുള്ളത്. ഇത് വൈകിയത് കോവിഡ്-19 വ്യാപനം കൊണ്ടും ലോക്ഡൗണ്‍ കാരണവുമാണെന്നാണ് സര്‍ക്കാര്‍ വിശദീകരിച്ചിട്ടുള്ളത്.

Related posts

സഹകരണ ബാങ്കുകളുടെ കുടിശ്ശിക നിവാരണം വീണ്ടും നീട്ടി  

Kerala Cooperator

കെ.എസ്.ആര്‍.ടി.സി. പെന്‍ഷന് പണം നല്‍കാന്‍ പുതിയ ധാരണാപത്രം

Kerala Cooperator

കേരളബാങ്ക് നിയമനത്തില്‍ ‘സൊസൈറ്റി ക്വാട്ട’ ഇല്ലാതാകുന്നു

Kerala Cooperator
error: Content is protected !!