Kerala Cooperator

ബാങ്ക് തുടങ്ങാന്‍  അനുമതി കാത്ത്  കോർപ്പറേറ്റ് കമ്പനികൾ 

ബാങ്കിങ് ലൈസന്‍സ് സംബന്ധിച്ച് റിസര്‍വ് ബാങ്കിന്റെ ആഭ്യന്തര പ്രവര്‍ത്തകസമിതി ശുപാര്‍ശയില്‍ അന്തിമതീരുമാനം കാത്ത് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുമായി രംഗത്തുള്ള കോര്‍പ്പറേറ്റുകള്‍. നിലവില്‍ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുമായി വിപണിയിലുള്ള വ്യവസായ ഗ്രൂപ്പുകള്‍ ബാങ്കിങ് മേഖലയിലേക്ക് പ്രവേശിക്കുന്നതിനായി ഇക്കാര്യത്തില്‍ അന്തിമതീരുമാനം കാത്തിരിക്കുകയാണ്. ടാറ്റ, ബിര്‍ള, പിരാമല്‍ ഗ്രൂപ്പ്, ബജാജ് തുടങ്ങിയവ ഇതിലുള്‍പ്പെടുന്നു.

ബാങ്കിങ് രംഗത്തേക്ക് പ്രവേശിക്കുന്നതിന് താത്പര്യമുണ്ടെന്ന് ടാറ്റ ഗ്രൂപ്പ് അധികൃതര്‍ സൂചിപ്പിച്ചിട്ടുണ്ട്. ഫിനാന്‍ഷ്യല്‍ ടെക്‌നോളജി രംഗത്ത് ‘അബ്രല്ല എന്റിറ്റി’ യായി സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് അനുമതി നല്‍കാനുള്ള റിസര്‍വ് ബാങ്കിന്റെ തീരുമാനം ടാറ്റയെ നേരത്തെ ഇതിലേക്ക് ആകര്‍ഷിച്ചിട്ടുണ്ട്. 2012ല്‍ ബാങ്കിങ് ലൈസന്‍സിനായി ടാറ്റ ഗ്രൂപ്പ് അപേക്ഷിച്ചെങ്കിലും മാനദണ്ഡങ്ങള്‍ കര്‍ശനമായതിനാല്‍ 2013 നവംബറില്‍ പിന്‍വലിക്കുകയായിരുന്നു. വ്യവസായ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ അന്ന് ആര്‍.ബി.ഐ. വിസമ്മതിക്കുകയും ചെയ്തു. ഗ്രൂപ്പിനുകീഴിലുള്ള ടാറ്റ കാപിറ്റല്‍ വഴിയായിരിക്കും ടാറ്റ ബാങ്കിങ് ലൈസന്‍സിനായി ശ്രമിക്കുകയെന്നാണ് സൂചന. മാര്‍ച്ച് 31 വരെയുള്ള കണക്കുപ്രകാരം ടാറ്റ കാപിറ്റലിന് മൊത്തത്തില്‍ 83,280 കോടി രൂപയുടെ ആസ്തിയാണുള്ളത്.

ആദിത്യ ബിര്‍ള കാപിറ്റലാണ് ഇത്തരത്തിലുള്ള മറ്റൊരു സ്ഥാപനം. 70,015 കോടി രൂപയുടെ ആസ്തിയുള്ള കമ്പനിയാണിത്. നല്ല പ്രവര്‍ത്തനപാരമ്പര്യമുള്ള ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ബാങ്കിങ് മേഖലയില്‍ ഏറെനേട്ടം കൊണ്ടുവരാന്‍ കഴിയുമെന്ന് ബിര്‍ള ഗ്രൂപ്പ് അധികൃതര്‍ അഭിപ്രായപ്പെട്ടു. പാപ്പരത്ത നടപടി നേരിടുന്ന ഭവനവായ്പാകമ്പനിയായ ഡി.എച്ച്.എഫ്.എലിനെ ഏറ്റെടുക്കാന്‍ രംഗത്തുള്ള പിരാമല്‍ ഗ്രൂപ്പാണ് മറ്റൊന്ന്. നിലവില്‍ ബാങ്കിതര ധനകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പിരാമലിന് 56,624 കോടിയുടെ ആസ്തിയാണുള്ളത്.

സമിതിയുടെ ശുപാര്‍ശ പുരോഗനപരമാണെന്ന് ബജാജ് ഫിന്‍സെര്‍വ് സഞ്ജീവ് ബജാജ് അഭിപ്രായപ്പെടുന്നു. റിസര്‍വ് ബാങ്ക് അനുമതിയുണ്ടെങ്കില്‍ ബജാജും ബാങ്കിങ് രംഗത്തേക്ക് ചുവടുവെച്ചേക്കും. സ്വകാര്യ ബാങ്കുകളുടെ ഉടമസ്ഥത സംബന്ധിച്ച റിസര്‍വ് ബാങ്കിന്റെ വര്‍ക്കിങ് ഗ്രൂപ്പ് റിപ്പോര്‍ട്ടിനെ ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ പ്രൊമോട്ടര്‍മാരായ ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാന്‍ അശോക് ഹിന്ദുജ സ്വാഗതം ചെയ്തു. മുഴുവന്‍ ബാങ്കിങ് സംവിധാനത്തിനും ഏകീകൃത നിയന്ത്രണ സംവിധാനം നിര്‍ദേശിക്കുന്ന കാലോചിതവും ശക്തവുമായ നിലപാടാണ് സമിതി കൈക്കൊണ്ടിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ നിയമം പ്രാബല്യത്തിലായാല്‍ പ്രൊമോട്ടര്‍മാര്‍ക്ക് 26 ശതമാനം ഓഹരി കൈയാളാം. ബാങ്കുകള്‍ക്കും എന്‍.ബി.എഫ്.സി.കള്‍ക്കും സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്കും പേയ്മെന്റ് ബാങ്കുകള്‍ക്കുമുള്ള വ്യത്യസ്ത നിയന്ത്രണ രീതികള്‍ ഇതോടെ ഇല്ലാതാകും. മറ്റു നിരവധി മേഖലകളിലേതുപോലെ ബാങ്കിങ് മേഖലയും ‘ഒരു രാജ്യം ഒരു നിയന്ത്രണ സംവിധാനം’ എന്ന സ്ഥിതിയിലേക്കു വരുമെന്നും അദ്ദേഹം പറഞ്ഞു.
ആര്‍.ബി.ഐ. പാനലിലുണ്ടായിരുന്ന വിദഗ്ധരില്‍ ഒരാളൊഴികെ എല്ലാവരും കോര്‍പ്പറേറ്റുകള്‍ക്ക് ബാങ്കിങ് ലൈസന്‍സ് നല്‍കുന്നതിനെ എതിര്‍ത്തതായാണ് വിവരം. നിയമഭേദഗതിയോടെ വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കട്ടെ എന്ന നിലപാടാണ് ഇവര്‍ മുന്നോട്ടുവെച്ചിട്ടുള്ളത്.

അപകടകരമായ നീക്കം

പുതിയ തീരുമാനം ബാങ്കുകളുടെ നിയന്ത്രണം സാമ്പത്തിക ശക്തികളില്‍ കേന്ദ്രീകരിക്കുമെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ മുന്നറീപ്പ് നല്‍കുന്നു. കോര്‍പ്പറേറ്റുകള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും ബാങ്കിങ് ലൈസന്‍സിന് അനുമതി നല്‍കാനുള്ള ശുപാര്‍ശയോട് ശക്തമായ വിയോജിപ്പാണ് രഘുറാം രാജനും മുന്‍ ഡെപ്യൂട്ടി ഗവര്‍ണറായിരുന്ന വിരാല്‍ ആചാര്യയും പ്രകടിപ്പിച്ചത്.
ഇതുവഴിയുണ്ടാകാവുന്ന പ്രതിസന്ധികള്‍ മുന്നില്‍ക്കണ്ട് നേരത്തേ ഇക്കാര്യം വേണ്ടെന്നുവെച്ചതാണെന്ന് ഇരുവരും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. കോര്‍പ്പറേറ്റുകള്‍ക്ക് ബാങ്കിങ് ലൈസന്‍സ് നല്‍കുന്നതില്‍ നിയന്ത്രണം വേണമെന്ന കാര്യത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നതായും അവര്‍ പറഞ്ഞു. വ്യവസായ ഗ്രൂപ്പുകള്‍ക്ക് ബാങ്കിങ് ലൈസന്‍സ് നല്‍കുന്നത് സാമ്പത്തികമേഖലയിലെ നിയന്ത്രണം ഇവരില്‍ കേന്ദ്രീകരിക്കാനിടയാക്കുമെന്നാണ് ഇവര്‍ ഉന്നയിക്കുന്നത്. വ്യവസായ ഗ്രൂപ്പുകള്‍ക്ക് പണം ആവശ്യമായി വരുമ്പോള്‍ എതിര്‍പ്പില്ലാതെ വായ്പ ലഭിക്കാനിടയാക്കും. ഇത് മോശം വായ്പകള്‍ കൂടാന്‍ ഇടയാക്കുമെന്നും ഇവര്‍ സൂചിപ്പിച്ചു.

 

Related posts

സഹകരണ ബാങ്കുകളുടെ ഭവനവായ്പയുടെ പരിധി ഇരട്ടിയാക്കി റിസര്‍വ് ബാങ്ക്

Kerala Cooperator

എ.ടി.എം. ഉപയോഗിക്കുന്നതിനുള്ള ചാര്‍ജ് കൂട്ടാന്‍ ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ. അനുമതി

Kerala Cooperator

മോറട്ടോറിയം കാലത്ത് ഈടാക്കിയ പിഴപ്പലിശ ബാങ്കുകള്‍ തിരിച്ചുനല്‍കും

Kerala Cooperator
error: Content is protected !!