Kerala Cooperator

തട്ടിപ്പുതടയാന്‍ വായ്പ ആപ്പുകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ ടാഗ് വരുന്നു

ണമിടപാടുകള്‍ മൊബൈലിലേക്ക് ചുരുങ്ങിയതോടെ ആപ്പുകളിലൂടെയുള്ള തട്ടിപ്പും വ്യാപകമായി. വായ്പ ആപ്പുകളാണ് രാജ്യവ്യാപകമായി തട്ടിപ്പുനടത്തുന്നത്. ഇതുസംബന്ധിച്ച് റിസര്‍വ് ബാങ്കിന് ബോധ്യമുണ്ടെങ്കിലും, തടയാനുള്ള നിയമപരമായ പരിമതിയാണ് ആര്‍.ബി.ഐ.യുടെയും പ്രശ്‌നം. ഇത് പരിഹരിക്കാനുള്ള നടപടികള്‍ നിര്‍ദ്ദേശിക്കാന്‍ വിദഗ്ധരടങ്ങുന്ന പഠനസംഘത്തെ റിസര്‍വ് ബാങ്ക് നിയോഗിച്ചു.

ഡിജിറ്റല്‍ പണമിടപാട് വഴിയുള്ള തട്ടിപ്പുകളെ കുറിച്ച് വിശദമായ പഠനമാണ് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചിട്ടുള്ളത്. മലയാളിയായ സൈബര്‍ വിദഗ്ധന്‍ രാഹുല്‍ ശശി അടങ്ങുന്ന ആറ് അംഗങ്ങളാണ് സമിതിയിലുള്ളത്. മൂന്നുമാസത്തിനകം സമിതി റിപ്പോര്‍ട്ട് നല്‍കണം. രാജ്യത്തെ ഡിജിറ്റല്‍ പണമിടപാട് സംബന്ധിച്ച് നിര്‍ണായക നയ രൂപീകരണത്തിന് ആര്‍.ബി.ഐ. ഒരുങ്ങുന്നത്. മൊബൈല്‍ ആപ്പുവഴി വായ്പ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് ഔദ്യോഗിക ടാഗ് നല്‍കാനാണ് ആലോചിക്കുന്നത്.

ഡിജിറ്റല്‍ വായ്പ ഇടപാടുകള്‍ ഉപഭോക്താക്കള്‍ക്ക് ഏറെ ഉപകാരപ്രദമാണ്. ഇതിന് കൃത്യമായ നിയമങ്ങളില്ലാത്തതാണ് തട്ടിപ്പിന് വഴിയൊരുക്കുന്നത്. ആപ്പുകളില്‍ പ്രശ്‌നക്കാരെ തിരിച്ചറിയാനാണ് ആര്‍.ബി.ഐ. ടാഗിങ് കൊണ്ടുവരുന്നത്. ഇതിനുള്ള വിശദമായ നിര്‍ദ്ദേശങ്ങള്‍ വിദഗ്ധ സമിതി റിസര്‍വ് ബാങ്കിന് സമര്‍പ്പിക്കും. ഉപഭോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളും സമിതി നല്‍കും. ഡിജിറ്റല്‍ സാമ്പത്തിക മേഖലയില്‍ ആര്‍.ബി.ഐ.ക്ക് പുറത്തുള്ള വിദഗ്ധരെ ഉള്‍പ്പെടുത്ത പഠനസമിതി നിയോഗിക്കുന്നത് ആദ്യമാണ്.

അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച്

മൊബൈല്‍ ആപ്പ് വഴി  വായ്പ നല്‍കിയുള്ള തട്ടിപ്പുകള്‍ സംബന്ധിച്ച് വിവിധ ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് ഐ.ജി.യുടെ നേതൃത്വത്തില്‍  പ്രത്യേക സംഘത്തിന് രൂപം നല്‍കി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉത്തരവായി.

ക്രൈം ബ്രാഞ്ച് എറണാകുളം റേഞ്ച് ഐ.ജി. ഗോപേഷ് അഗര്‍വാളാണ് സംഘത്തിന് നേതൃത്വം നല്‍കുക. എറണാകുളം റേഞ്ച് ഡി.ഐ.ജി. കാളിരാജ് മഹേഷ് കുമാര്‍, ക്രൈംബ്രാഞ്ച് എസ്.പി. മാരായ സാബു മാത്യു, എം.ജെ. സോജന്‍, ഡി.വൈ.എസ്.പി.മാരായ പി.വിക്രമന്‍, കെ.ആര്‍. ബിജു, പി.അനില്‍കുമാര്‍ എന്നിവര്‍ അടങ്ങുന്നതാണ് പ്രത്യേക അന്വേഷണ സംഘം.

തട്ടിപ്പുസംഘത്തിന് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും സഹായം ലഭിക്കുന്നുണ്ടെന്ന് സംശയം ഉള്ളതിനാല്‍ മറ്റു സംസ്ഥാനങ്ങളിലെ പോലീസ്, സി.ബി.ഐ., ഇന്റര്‍പോള്‍ എന്നിവയുടെ സഹകരണത്തോടെ ആയിരിക്കും അന്വേഷണം. ഓണ്‍ലൈന്‍ വായ്പാതട്ടിപ്പ് സംബന്ധിച്ച്  സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകള്‍ ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘത്തിന് കൈമാറാനും സംസ്ഥാന പോലീസ് മേധാവി നിര്‍ദേശിച്ചിട്ടുണ്ട്.

Related posts

ലോക്ഡൗണ്‍ നിയന്ത്രണം;വായ്പ പുനക്രമീകരിക്കാനാകാതെ ബാങ്കുകള്‍

Kerala Cooperator

കോവിഡ് ആഘാതം കുറയ്ക്കാന്‍ പലിശ നിരക്ക് കുറച്ച് ബാങ്കുകള്‍

Kerala Cooperator

പുതുസംരംഭങ്ങൾക്ക് നാലുശതമാനം പലിശയിൽ വായ്പ ഈടില്ലാതെ വായ്പ 

Kerala Cooperator
error: Content is protected !!